അർബൻ സഹ. ബാങ്കുകൾക്ക് നിർദേശം: 75% വായ്പയും‌ം മുൻഗണനാ മേഖലയിൽ

1200-banking1
SHARE

ന്യൂഡൽഹി ∙ പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾ 2024നകം വായ്പകളുടെ 75 ശതമാനവും കൃഷി ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകൾക്കായി (പിഎസ്എൽ) നീക്കിവയ്ക്കണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വായ്പ വിതരണത്തിൽ പിന്നിലുള്ള ജില്ലകൾക്ക് കൂടുതൽ പരിഗണന നൽകണം.

പിഎസ്എൽ സംബന്ധിച്ച് 2015 ഏപ്രിലിൽ വാണിജ്യ ബാങ്കുകൾക്കും 2018 മേയിൽ അർബൻ സഹകരണ ബാങ്കുകൾക്കും നൽകിയ നിർദേശങ്ങൾ സമഗ്രമായി പരിഷ്കരിച്ചുള്ള രേഖ റിസർവ് ബാങ്ക് പുറത്തിറക്കി. കൃഷിക്കു പുറമെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ), കയറ്റുമതി, വിദ്യാഭ്യാസം, ഭവനനിർമ്മാണം, സാമൂഹിക അടിസ്ഥാന സൗകര്യം, പാരമ്പര്യേതര ഊർജം തുടങ്ങിയവയാണ് പിഎസ്എല്ലിൽ ഉൾപ്പെടുന്നത്. അതിൽത്തന്നെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് വായ്പ നൽകുന്നതിൽ മുൻഗണനയുണ്ട്. 

ആളോഹരി വായ്പ ലഭ്യതയുടെ അടിസ്ഥാനത്തിൽ ജില്ലകളെ വേർതിരിച്ചിട്ടുണ്ട്. അതനുസരിച്ച്, പിഎസ്എൽ ഗണത്തിൽ നിലവിൽ ആളോഹരി 25,000 രൂപയിൽ കൂടുതൽ വായ്പ ലഭിക്കുന്നവയാണ് 205 ജില്ലകൾ. കേരളത്തിൽ, മലപ്പുറം ഒഴികെയുള്ളവ ഈ ഗണത്തിലാണ്. ആളോഹരി 6000 രൂപയിൽ താഴെ വായ്പ ലഭിക്കുന്നവയാണ് 184 ജില്ലകൾ. രണ്ടിനും ഇടയിലുള്ള ഗണത്തിലാണ് മലപ്പുറം. അടുത്ത സാമ്പത്തിക വർഷം മുതൽ, പിന്നാക്കമുള്ള 184 ജില്ലകൾക്കാവും മുൻഗണന. ഈ പട്ടിക 2023–24ൽ പരിഷ്കരിക്കും. 

നിലവിൽ വാണിജ്യ ബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും 40% വായ്പയാണ് പിഎസ്‍എൽ ഗണത്തിൽ നൽകുന്നത്. അർബൻ സഹകരണ ബാങ്കുകൾ ഇതു ക്രമേണ വർധിപ്പിച്ച് 2024 മാർച്ച് 31 ആകുമ്പോഴേക്കും 75% ആക്കണം. എല്ലാ ബാങ്കുകളും ചെറുകിട, നാമമാത്ര കർഷകർക്കുള്ള വായ്പകൾ നിലവിലെ 8 ശതമാനത്തിൽനിന്ന് 4 വർഷംകൊണ്ട് 10 ശതമാനമാക്കണം. ഇതേ കാലയളവിൽ ദുർബല വിഭാഗങ്ങൾക്കുള്ളത് 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കണം. 

∙വ്യക്തിഗത കാർഷിക വായ്പകൾ: കൃഷിക്ക്, യന്ത്രസാമഗ്രികൾ വാങ്ങാൻ, വിളവെടുപ്പിന്, വട്ടിപ്പലിശക്കാരിൽനിന്നുള്ള വായ്പകൾ തിരിച്ചടയ്ക്കൽ, കൃഷിക്കായി ഭൂമി വാങ്ങൽ, വിള ഈടുവച്ച് ഒരു വർഷത്തേക്കുള്ള വായ്പ, സോളർ പമ്പ് തുടങ്ങിയവയ്ക്ക്. ഒരു ഹെക്ടർവരെ ഭൂമിയുള്ള കർഷകരാണ് നാമമാത്ര ഗണത്തിലുൾപ്പെടുക, ഒന്നു മുതൽ 2 ഹെക്ടർവരെയുള്ളവർ ചെറുകിട ഗണത്തിലും. ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുന്നവർക്കും കൃഷി അനുബന്ധ ജോലികൾക്കും ഈ ഗണങ്ങളിൽ പരിഗണന ലഭിക്കും. 

∙ എംഎസ്എംഇ ഗണത്തിൽ, സ്റ്റാർട്ടപ്പുകൾക്ക് 50 കോടി വരെയാണ് വായ്പ. 20 ലക്ഷംവരെയുളള വിദ്യാഭ്യാസ വായ്പകൾ പിഎസ്എൽ ഗണത്തിൽ പെടും. 

മെട്രോ നഗരങ്ങളിൽ 35 ലക്ഷം, മറ്റു സ്ഥലങ്ങളിൽ 25 ലക്ഷം എന്നിങ്ങനെയാണ് വീടു വാങ്ങാനും നിർമ്മാണത്തിനുമുള്ള വായ്പകൾ. വീടുകളുടെ അറ്റകുറ്റപ്പണിക്ക് മെട്രോകളിൽ 10 ലക്ഷം, മറ്റു സ്ഥലങ്ങളിൽ 6 ലക്ഷം എന്നിങ്ങനെയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA