ഇപിഎഫ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സംരക്ഷണം

1200-life-insurance
SHARE

ഇപിഎഫ് പദ്ധതിയിൽ അംഗമായി തുടരുന്ന ഒരാൾ മരിക്കാനിടയായാൽ അയാളുടെ കുടുംബത്തിന് ഇൻഷൂറൻസ് സംരക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1976ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയാണ് ഇഡിഎൽഐ (എംപ്ലോയീസ് ഡെപ്പൊസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്). ഇപിഎഫ് പദ്ധതിയിൽ അംഗമായിട്ടുള്ള എല്ലാ ജീവനക്കാർക്കും ഈ പദ്ധതിയുടെ സംരക്ഷണം ലഭിക്കും. തൊഴിലുടമയുടെയും കേന്ദ്ര സർക്കാരിന്റെയും കോൺട്രിബ്യൂഷൻ വഴിയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സംഖ്യ സ്വരൂപിക്കുന്നത്. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ 1/2 ശതമാനം വീതം തൊഴിലുടമ മാസം തോറും 15നു മുൻപായി അടയ്ക്കേണ്ടതുണ്ട്. തൊഴിലാളി ഒന്നും അടയ്ക്കേണ്ടതില്ല.

ഇൻഷുറൻസ് ആനുകൂല്യം കണക്കാക്കുന്ന രീതി– അംഗം മരണമടഞ്ഞ മാസത്തിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 30 ഇരട്ടിയും മരണമടഞ്ഞ മാസത്തിനു തൊട്ടുമുൻപുള്ള 12 മാസം അയാളുടെ ഇപിഎഫ് അക്കൗണ്ടിലുള്ള ശരാശരി ബാലൻസിന്റെ 50 ശതമാനത്തിന് തുല്യമായ സംഖ്യയും (1,50,000 രൂപ എന്ന പരിധിക്കു വിധേയമായി) ചേർന്ന തുക. പരമാവധി 6 ലക്ഷം രൂപ. ഏറ്റവും ചുരുങ്ങിയത് 2.5 ലക്ഷം രൂപ.

മരിച്ച തൊഴിലാളിയുടെ ഇപിഎഫ് അംഗത്വം 12 മാസത്തെക്കാൾ കുറവാണെങ്കിൽ, അംഗം മരണമടഞ്ഞ മാസത്തിന് തൊട്ടുമുൻപുള്ള മാസങ്ങളിലെ അയാളുടെ ഇപിഎഫ് അക്കൗണ്ടിലുള്ള ശരാശരി ബാലൻസിന് തുല്യമായ സംഖ്യ. ശരാശരി ബാലൻസ് 50,000 രൂപയെക്കാൾ കൂടുതലാണെങ്കിൽ 50,000 രൂപയ്ക്കു പുറമെ അപ്രകാരം കൂടുതലുള്ള സംഖ്യയുടെ 40 ശതമാനവും. ഈ കണക്കുകൂട്ടൽ പ്രകാരം ലഭ്യമാകുന്ന സംഖ്യയുടെ 20 ശതമാനം കൂടെ പരമാവധി 1,20,000 രൂപ എന്ന പരിധിക്കു വിധേയമായി അനുവദിക്കുവാനും ഈയിടെ ഉത്തരവായിട്ടുണ്ട്.

ഇപിഎഫ് അക്കൗണ്ടിലുള്ള തുക ആർക്കാണ് നൽകേണ്ടത് എന്ന് നിർദേശിക്കുന്ന നോമിനേഷൻ മരണപ്പെട്ട അംഗം നൽകിയിട്ടുണ്ടെങ്കിൽ, അത്തരം നോമിനേഷനെ ഇഡിഎൽഐ പദ്ധതി പ്രകാരമുള്ള നോമിനേഷനായി പരിഗണിക്കുന്നതും നോമിനേഷനിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ അഷുറൻസ് തുക നോമിനിക്കോ നോമിനികൾക്കോ നൽകുന്നതുമാണ്. മരണപ്പെട്ട അംഗത്തിന്റെ നോമിനേഷൻ ഇല്ലായെങ്കിൽ അയാളുടെ കുടുംബാംഗങ്ങൾക്ക് തുക തുല്യമായി വീതിച്ചു നൽകും.

ഇൻഷുറൻസ് സംഖ്യകൾ ലഭിക്കാൻ അർഹനായ വ്യക്തി അംഗത്തിന്റെ കൊലപാതകം, കൊലപാതകത്തിന് പ്രേരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുകയാണെങ്കിൽ, അയാൾക്കെതിരെയുള്ള കോടതി നടപടികളിൽ അയാളെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ മാത്രമേ അയാൾക്ക് തുക അനുവദിക്കുകയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA