മ്മിണി ഹൈ ക്ലാസ് തട്ടുകട

shop
SHARE

കോവിഡ് കാലത്ത് എന്ത് ബിസിനസ് ചെയ്താലാണു കൈപൊള്ളാതിരിക്കുക? കാശുമുടക്കിയിട്ടു കുത്തുപാള എടുത്താലോ? ഇമ്മാതിരി കാര്യങ്ങൾ ആലോചിച്ച് തലപുണ്ണാക്കുന്നവർ ഒരുപാടുണ്ട്. പലർക്കും ഭക്ഷണ ബിസിനസിലാണു നോട്ടം. വീട്ടിലിരുന്ന് എന്തെങ്കിലും ഉണ്ടാക്കി ഹോം ഡെലിവറി നടത്താനോ എവിടെങ്കിലും കൊണ്ടുവച്ചു വിൽക്കാനോ നോക്കുന്നവരേറെ.

പലരും പാചകം ചെയ്തു കൊണ്ടു വരുന്നതു വിൽക്കാനൊരു കോമൺ പ്ലാറ്റ്ഫോം ഒരുക്കുന്ന ഏർപ്പാടുണ്ട്. ഏതു വീട്ടമ്മയ്ക്കും വിഭവം കൊണ്ടു വരാം. തിന്നാൻ കൊള്ളാവുന്നതാണോ ഇവിടെ വിൽക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് ചെറിയൊരു രുചി പരിശോധന ഇതിന്റെ സംരംഭക നടത്തും. കൊള്ളാമെങ്കിൽ അവിടെ വിൽക്കാം. നഗരത്തിന്റെ നടുക്ക് വീടോ കടയോ ഉണ്ടെന്നതും വിഭവങ്ങൾ പ്രദർശിപ്പിക്കാനുള്ള സെറ്റപ് ഉണ്ടെന്നതും മാത്രമാണു മുതൽമുടക്ക്. വിൽക്കുന്ന ഓരോ ഐറ്റത്തിനും 20%–30% കമ്മിഷൻ എടുത്തിട്ടു ബാക്കി കൊടുക്കുന്നു.
ഇതൊരു കൈനനയാതെ മീൻ പിടിത്തമാണെന്നു കേൾക്കുമ്പോൾ തന്നെ അറിയാം. വിറ്റുപോയില്ലെങ്കിൽ കൊണ്ടു വന്നവർ തിരികെ കൊണ്ടു പോകണം. പക്ഷേ ബാക്കി വരുന്നില്ല എന്നതാണു സത്യം. കോവിഡ് പേടിച്ച് വീടുകളിൽ ജോലിക്കാരെ കയറ്റാത്ത സ്ഥിതി ഉള്ളതിനാൽ ഭക്ഷണം വാങ്ങിപ്പ് തകൃതിയായി നടക്കുന്നുണ്ട്.

വേറൊരു ലൈനുണ്ട്. ശകലം ഗ്രേഡ് കൂടിയ തട്ടുകട. ചായയും കാപ്പിയും ഉഴുന്നുവട പരിപ്പുവടയും വാഴയ്ക്കാ, മുളക് ബജികളും മാത്രമാണ് സാദാ തട്ടുകടയിലെങ്കിൽ ഇതിൽ സൗകര്യങ്ങളും വിഭവങ്ങളും കൂടുതലാണ്. ചില ക്യൂട്ട് പേരുകളും ഇടുന്നു. വീട്ടുവരാന്തയോ മുറ്റമോ മതി. ഐറ്റംസ് പ്രദർശനം സ്റ്റൈലിലായിരിക്കണം. ചായയും കാപ്പിയും സൂപ്പറാകണം.

വിഭവങ്ങളിലാണ് ഹയർ ഗ്രേഡ്. ചിക്കൻ,ബീഫ്, ഫിഷ് കട്‌ലറ്റുകൾ, പലതരം റോൾസ്, ഇറച്ചി പത്തിരി, ഉന്നക്കായ്, നെയ്യിലുണ്ടാക്കിയ പഴം പൊരി, സ്പ്രിങ് റോൾസ്, പീറ്റ്സ കഷണങ്ങൾ, പേസ്ട്രികൾ, പഫ്സ്... സാദാ തട്ടുകടയിൽ ‘കടിക്ക്’ ആറു രൂപ മുതൽ 10 രൂപ വരെ തരാതരം പോലെ. പക്ഷേ ഹയർ ഗ്രേഡ് തട്ടുകടയിൽ കടികൾക്ക് 15–25 രൂപയാണ്. ചായയ്ക്കും കാപ്പിക്കും അതുപോലെ. ക്ലാസ് ആൾക്കാരാണ് കഴിക്കാൻ വരുന്നതും. നിന്നു കഴിക്കാൻ ചില വട്ടമേശകളോ തട്ടുകളോ വച്ചിരിക്കും. ഓഫിസ് വിട്ടുവരുന്നവരും ഒന്നു കൂടാൻ മോഹിക്കുന്ന പിള്ളാരുമൊക്കെ ഇവിടങ്ങളിലും ചായയും കടിയുമായിട്ടു നിൽക്കും. പരിസരങ്ങൾ ടൂവീലറുകളും കാറുകളും കൊണ്ടു നിറയും...മനുഷേന് ഇത്രയെങ്കിലും വേണ്ടേ സാറേ, എന്തു കൊറോണ വന്നാലും...!!

ഒടുവിലാൻ∙ ഗൾഫിൽ മലയാളികൾ തുടങ്ങിയതാണ് ഇമ്മാതിരി ക്ലാസ്  തട്ടുകടകൾ. ഗൾഫ് റിട്ടേണികൾ ഇവിടെയും തുടങ്ങിയതോടെ നാട്ടുകാരും അനുകരിച്ചു. സ്നാക്സ് കഴിച്ചു വയറു നിറയ്ക്കുന്നതും ഫാഷനായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA