ADVERTISEMENT

സങ്കീർണമായ നടപടി ക്രമങ്ങളും സമർപ്പിക്കേണ്ട രേഖകളുടെ നീണ്ട പട്ടികയും കാരണം പരമ്പരാഗത ബാങ്കുകളിൽ നിന്നും ധനസ്ഥാപനങ്ങളിൽ നിന്നും വായ്‌പ കിട്ടാൻ കാലതാമസമെടുക്കും. ഇങ്ങനെ വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്, മൊബൈൽ  ആപ്പുകളിലൂടെ  ഉടൻ   വായ്പകൾ  അനുവദിക്കുന്ന ഫിൻ ടെക് കമ്പനികൾ യുവാക്കളുടെ ഇടയിൽ പ്രചാരം നേടിയതിനു കാരണം .

അപേക്ഷ ആപ്പിലൂടെ

ഗൂഗിൾ പ്ലേസ്റ്റോറിൽ ‘ഇൻസ്റ്റന്റ് ലോൺ’ എന്ന് തിരഞ്ഞു നോക്കിയാൽ  ഇരുനൂറിലധികം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ നിരന്നു നിൽക്കും. ആപ് ഡൗൺലോഡ് ചെയ്തു റജിസ്റ്റർ ചെയ്താൽ ഉടൻ പണം ലഭിക്കുന്ന വായ്‌പയ്ക്ക് അപേക്ഷ നൽകാം. ആയിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ വൃക്തിഗത വായ്‌പകൾ നൽകുന്ന ആപ്പുകളുണ്ട്. കൂടുതലും ഒരു ലക്ഷം രൂപ വരെയുള്ള വായ്‌പകൾ അനുവദിക്കുന്നവയാണ്. ഒരു ശതമാനത്തിൽ തുടങ്ങി അഞ്ചു  ശതമാനം വരെ മാസ പലിശയ്ക്കാണ് വായ്‌പ അനുവദിക്കുക. ആധാർ തുടങ്ങി അപേക്ഷകനെ തിരിച്ചറിയാനുള്ള രേഖകളുടെ സോഫ്റ്റ് കോപ്പി മാത്രമേ ആവശ്യപെടുന്നുള്ളു. അപേക്ഷിച്ചു മണിക്കൂറുകൾക്കുള്ളിൽ വായ്‌പ ബാങ്ക് അക്കൗണ്ടിലേക്കോ മൊബൈൽ വോലെറ്റിലേക്കോ എത്തും. 3 മാസം മുതൽ 5 വർഷം വരെ തിരിച്ചടവുകാലാവധി ലഭിക്കും.

ചെറിയ തുകകൾ കുറഞ്ഞ കാലാവധിക്ക് വായ്പയായി നൽകുന്നവയാണ് കൂടുതൽ ആപ്പുകളും. തുല്യമാസ തവണകളായി തിരിച്ചടയ്ക്കണം. ശമ്പള അഡ്വാൻസ് തിരിച്ചടവ്, ക്രെഡിറ്റ് കാർഡിൽ തിരിച്ചടവ്, ഇരുചക്ര വാഹന വായ്പയ്ക്ക് മാർജിൻ തുക എന്നുവേണ്ട ചെറുപ്പക്കാരുടെ അത്യാവശ്യ ആവശ്യങ്ങൾക്ക് ഉടൻ പണം കിട്ടുമെന്നതാണ് ആകർഷണം.

ഒന്നും സൗജന്യമല്ല

എടുക്കാൻ എളുപ്പമാണെങ്കിലും കടുകട്ടി നിരക്കിലാണ് പലിശ നൽകേണ്ടി വരിക. ക്രെഡിറ്റ് കാർഡുകളിലേതുമാതിരി മാസ നിരക്കിലാണ് പലിശ. ഓരോ മാസവും തിരിച്ചടയ്ക്കാൻ വീഴ്ച വന്നാൽ പലിശ മുതലിനോട് ചേർത്ത് കൂട്ടുപലിശ, വീഴ്ച വന്നതിനു പിഴപ്പലിശ, മുടക്കം വരുത്തിയ തവണകൾക്കു പിഴ എന്നിങ്ങനെ ഈടാക്കും. 4% മാസ പലിശയ്ക്ക് എടുത്ത വായ്‌പ പിഴയൊന്നും കൂടാതെ തന്നെ ഇരട്ടിയാകാൻ 18 മാസം മതി. വീഴ്ച വരുത്തിയ വായ്‌പ തിരിച്ചു പിടിക്കുന്നതിനു ചെലവാകുന്ന തുകയും വായ്‌പക്കാരന്റെ അക്കൗണ്ടിൽ നിന്നു തന്നെ തിരിച്ചു പിടിക്കും.

 ഓൺലൈൻ കണ്ണുരുട്ടൽ

അധിക ജാമ്യമൊന്നും ഇല്ലാതെ വായ്‌പ ലഭിക്കുമെങ്കിലും അപേക്ഷകരുടെ മൊബൈൽ ഫോൺ സമ്പർക്ക പട്ടിക, വാട്സ്ആപ് , ഫെയ്സ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവയൊക്കെയാണ് ആപ് വായ്‌പകൾ ആവശ്യപ്പെടുക. നേരെത്തെ എടുത്തിട്ടുള്ള വായ്‌പകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നും കടം വാങ്ങിയതു തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട്  വന്ന ഹ്രസ്വ സന്ദേശങ്ങൾ, അടയ്ക്കാൻ വീഴ്ച വരുത്തിയിട്ടുള്ള ബിൽ തുകകൾ, പ്രീമിയങ്ങൾ എന്നിവ സംബന്ധിച്ച മെസ്സേജുകൾ ഇവയൊക്കെ പരിശോധിച്ചാണ് ഫിൻ ടെക് കമ്പനികൾ വായ്‌പ അനുവദിക്കുന്നത്. അപേക്ഷകന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഡിജിറ്റൽ വിവരങ്ങൾ നിമിഷനേരം കൊണ്ട് പരതിയെടുത്തു വിശകലനം ചെയ്തു വായ്‌പ നൽകണോ വേണ്ടെയോയെന്നു തീരുമാനമെടുക്കാൻ കമ്പനികൾക്ക് നിഷ്പ്രയാസം സാധിക്കുന്നു. തിരിച്ചടവിൽ വീഴ്ച വന്നാൽ പണം തിരിച്ചു പിടിക്കാനുള്ള നടപടികളും സോഷ്യൽ മീഡിയയിലൂടെയായിരിക്കും. സമ്പർക്ക പട്ടിക ലിസ്റ്റിലുള്ള അടുപ്പക്കാരോടും മറ്റും വായ്‌പ തിരിച്ചടപ്പിക്കാൻ സഹായം തേടും.

 ദുരൂഹത അകറ്റി റിസർവ് ബാങ്ക്

ബാങ്കുകൾക്കും ബാങ്കിതര സാമ്പത്തിക കമ്പനികൾക്കുമാണ് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വ്യക്തിഗത വായ്‌പകളും മറ്റും നല്കാൻ റിസർവ് ബാങ്കിന്റെ അംഗീകാരം. വായ്‌പ നൽകുന്ന ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇത്തരം ആപ്പുകളിലും വെബ്സൈറ്റിലും വ്യക്തമാക്കിയിരിക്കണമെന്നു റിസർവ് ബാങ്ക് നിബന്ധനയുണ്ട്. മാത്രമല്ല ബാങ്കുകളുടെ ലെറ്റർ ഹെഡിൽ തയാറാക്കിയ വായ്‌പക്കരാർ വായ്‌പ എടുക്കുന്നവർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തന്നെ നൽകിയിരിക്കണം. ഈടാക്കുന്ന പലിശ നിരക്കുകൾ, പലിശ കണക്കു കൂട്ടുന്ന രീതി മറ്റു ചെലവുകൾ എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. വായ്‌പ തിരിച്ചു പിടിക്കുന്നതിന് അനധികൃത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിൽനിന്നു വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com