സംരംഭ സൗഹൃദം: കേരളം ഏറ്റവും പിന്നിൽ

entrepreneurial-friendship-kerala
SHARE

കൊച്ചി∙ കേരളത്തിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ ഫീഡ് ബാക്ക് അഥവാ അനുഭവങ്ങൾ– വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം 28–ാം സ്ഥാനത്തേക്കു പിന്നോട്ടടിച്ചതിനു പിന്നിൽ അതു മാത്രമാകാമെന്ന് വ്യവസായ വകുപ്പു വക്താവ്. കാരണം ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ കൈവരിക്കാൻ 12 വകുപ്പുകളിലായി നടപ്പാക്കേണ്ട 187 കാര്യങ്ങളിൽ 157 എണ്ണം നടപ്പാക്കിയിട്ടും കേരളം ഇത്ര പിന്നോക്കം പോയതിനു വേറെറേ വിശദീകരണമില്ലന്നു വകുപ്പു പറയുന്നു.

പരിഷ്കരണ ഉത്തരവുകൾ ഫലത്തിൽ ‘ഏട്ടിലെ പശു’ മാത്രമാണെന്ന് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സ്വകാര്യമായി സമ്മതിക്കുമ്പോൾ, വ്യവസായം തുടങ്ങാൻ പണം മുടക്കിയിട്ട് പുല്ലു തിന്നേണ്ട ഗതികേടിലാണെന്നു സംരംഭകരും വിലപിക്കുന്നു.

സംസ്ഥാനങ്ങളുടെ ഇത്തരം റാങ്ക് പട്ടിക തയാറാക്കൽ കേന്ദ്ര വ്യവസായ പ്രോൽസാഹന മന്ത്രാലയം (ഡിപിപി) തുടങ്ങിയപ്പോൾ ആദ്യം 18–ാം സ്ഥാനത്തെത്തിയ കേരളം പിന്നീടുള്ള രണ്ടു വർഷം 21–ാം സ്ഥാനത്തേക്കു വീഴുന്നതാണു കണ്ടത്. അതിനിടെ അനേകം പരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അനുമതികൾ നിശ്ചിത കാലാവധിക്കകം ലഭിച്ചില്ലെങ്കിൽ ഡീംഡ് ആയി കണക്കാക്കാം. അനുമതികളുടെ കാലാവധി അഞ്ചു വർഷമാക്കി. അനുമതികൾക്ക് അപേക്ഷിച്ചു ലഭിക്കാതെ തന്നെ സംരംഭം ആരംഭിക്കാം. 3 വർഷത്തിനകം നേടിയെടുത്താൽ മതി. 

പരിഷ്കരണങ്ങളിൽ 85% നടപ്പാക്കിയിട്ടും കേരളം ഇത്ര പിന്നാക്കം പോയതെന്തുകൊണ്ടെന്നു മനസിലാവുന്നില്ലെന്ന് കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ പറഞ്ഞു. ലക്ഷദ്വീപിനു പോലും 15–ാം സ്ഥാനം കിട്ടിയിട്ടുണ്ട്. പുതിയ ചെറുകിടസംരംഭകർക്ക് 3 വർഷത്തേക്ക് ലൈസൻസുകൾ ആവശ്യമില്ലെന്ന നിയമം വന്ന ശേഷം 4000 പുതിയ സംരംഭങ്ങൾ തുടങ്ങുകയും 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

നടപ്പാക്കേണ്ടവയിൽ 85% ചെയ്തിട്ടും കേരളം ബിഹാറിനും ഗോവയ്ക്കും താഴെ വടക്കുകിഴക്കൻ ചെറുകിട സംസ്ഥാനങ്ങൾക്കൊപ്പമായത് സംരംഭകരുടെ അനുഭവം മറിച്ചായതുകൊണ്ടാണ്. സംസ്ഥാനങ്ങളുടെ റാങ്ക് നിശ്ചയിക്കുമ്പോൾ നേരിട്ടു സംരംഭകരുടെ അനുഭവങ്ങൾ രഹസ്യമായി ശേഖരിക്കുന്ന പതിവുണ്ട്. അവിടെയാണു കേരളം പരാജയപ്പെടുന്നതും.

കെഎസ്ഐഡിസിയാണ് വ്യവസായബന്ധ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ഏൽപ്പിച്ചിരിക്കുന്ന നോഡൽ ഏജൻസി. വിവിധ വകുപ്പുകളാണ് പരിഷ്കരണങ്ങളുടെ ഉത്തരവുകൾ ഇറക്കേണ്ടതെങ്കിലും ഈ ഉത്തരവുകളുടെ കരട് വരെ കെഎസ്ഐഡിസിയാണു തയാറാക്കി നൽകുന്നത്. ഉത്തരവുകളിലൂടെ സാങ്കേതികമായി മാത്രം വരുന്ന ഉദാരവൽക്കരണം നടപ്പാക്കാൻ തദ്ദേശവകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകൾക്കോ ഉദ്യോഗസ്ഥർക്കോ താൽപര്യമില്ലെന്നതു വസ്തുതയാണ്. 

ഉത്തരവുകൾ കണ്ട് എല്ലാം ഉദാരമെന്നു പ്രതീക്ഷിക്കുന്ന സംരംഭകർക്കു ദുരനുഭവങ്ങൾ ധാരാളം. മലിനീകരണം ഇല്ലെങ്കിൽ പോലും പ്രദേശവാസികളുടെ എതിർപ്പും മിക്ക സംരംഭങ്ങളെയും തളർത്തുന്ന പതിവുണ്ട്. 

കെഎസ്ഐഡിസിയിൽ എംഡിമാർ മാറിമാറി വന്ന് നാഥനില്ലാക്കളരിയായതും കാരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 5 തവണയാണ് എംഡിമാർ മാറിയത്. ഇപ്പോഴും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അധികച്ചുമതല മാത്രമാണ് കെഎസ്ഐഡിസി എംഡി സ്ഥാനം. സർക്കാരിന്റെ മുൻഗണനകൾ വ്യവസായ സംരംഭങ്ങളിലോ തൊഴിലവസര സൃഷ്ടിയിലോ അല്ല എന്നു വ്യക്തമാക്കുന്നതുമാണിത്.

വ്യവസായ മന്ത്രി റിപ്പോർട്ട് തേടി

കൊച്ചി∙ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അവസാനമായിപ്പോയത് എന്തുകൊണ്ടെന്നതു സംബന്ധിച്ച് മന്ത്രി ഇ.പി.ജയരാജൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നു റിപ്പോർട്ട് തേടി. കേരളത്തിന്റെ വികാരം കേന്ദ്ര വ്യവസായ വകുപ്പിനെയും അറിയിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA