ADVERTISEMENT

കൊച്ചി∙ പരിസ്ഥിതി സൗഹൃദം ആഗ്രഹിക്കുന്നവർ വീട്ടിലും സ്ഥാപനങ്ങളിലും സോളർ വൈദ്യുതി പാനൽ സ്ഥാപിക്കുന്നതുപോലെ വൈദ്യുതവാഹനങ്ങളിലേക്കും തിരിയുന്നു. പതുക്കെയാണെങ്കിലും വൈദ്യുത വാഹനങ്ങൾ സംസ്ഥാനത്തു സ്ഥാനമുറപ്പിക്കുമ്പോൾ തെളിയുന്ന ട്രെൻഡ് ഇതാണ്. മാസം 40–50 വൈദ്യുത കാറുകൾ വിൽക്കപ്പെടുന്നു; വാങ്ങുന്നതെല്ലാം വേറെയും കാറുള്ളവർ. ദൂരയാത്രയ്ക്ക് പെട്രോൾ–ഡീസൽ കാർ, നഗരയാത്രയ്ക്ക് വൈദ്യുതകാർ. നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ ഇന്ധനം കത്തിച്ചുണ്ടാക്കുന്ന മലിനീകരണം ഒഴിവാകട്ടെ എന്ന ആഗ്രഹമാണ് ഉപയോക്താക്കൾ പങ്കുവയ്ക്കുന്നത്. വൈദ്യുത കാറുകൾക്ക് വില കൂടുതലാണെങ്കിലും പരിപാലനച്ചെലവ് തീരെക്കുറവാണെന്നതും ഉപയോക്താക്കളെ ആകർഷിക്കുന്നു.

മുന്നിൽ നെക്സോൺ

കാറുകളിൽ ടാറ്റ മോട്ടോഴ്സിന്റെ നെക്സോൺഇവിയാണ് ഇപ്പോൾ ഏറ്റവുമധികം വിൽക്കപ്പെടുന്നത്. രാജ്യത്തെ വൈദ്യുതകാർ വിപണിയിൽ 60 ശതമാനത്തിലേറെ പങ്കാളിത്തം. എംജിയുടെ സെഡ്എസ്, ഹ്യുണ്ടായിയുടെ കോന എന്നിവ പിന്നാലെയുണ്ട്. ടാറ്റ ടിഗോർ, മഹീന്ദ്ര വെരിറ്റോ എന്നിവയ്ക്കും സാന്നിധ്യമുണ്ട്. 5 മാസംകൊണ്ട് ടാറ്റ 1000 നെക്സോൺ വിറ്റഴിച്ചു. കേരളത്തിൽ മാസം ശരാശരി 30 നെക്സോൺ ഇവി വിൽക്കുന്നു.കേന്ദ്രത്തിന്റെ പ്രോത്സാഹനമായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ഈയിടെ 150 നെക്സോൺ, 100 കോന എന്നിവയ്ക്ക് ഓർഡർ നൽകി.

വെല്ലുവിളികൾ

ഫുൾ ചാർജിൽ ഓടാവുന്ന ദൂരം (റേഞ്ച്), ചാർജിങ് സൗകര്യം എന്നിവയാണ് ഇപ്പോഴും ഇ– വിപണിയിലെ ഏറ്റവും വലിയ വെല്ലുവിളി. പെട്രോൾ പമ്പുപോലെ വ്യാപകമായി ചാർജിങ് സൗകര്യം ഒരുക്കിയാലേ ഉപയോക്താക്കൾക്ക് ആത്മവിശ്വാസമുണ്ടാകൂ. ഇതിനു പല പദ്ധതികളുണ്ടെങ്കിലും എല്ലാം ആരംഭ ദിശയിലാണ്. കേരളത്തിൽ വൈദ്യുതിബോർഡ് ഈ രീതിയിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.

 ബാറ്ററി , സ്റ്റാർട്ടപ്പ്

വൈദ്യുത വാഹനങ്ങളുടെ വിലയിൽ മൂന്നിലൊന്നോ അതിലേറെയോ ബാറ്ററിയുടെ വിലയാണ്. ലിഥിയം അയോൺ ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് ചൈനയടക്കമുള്ള വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ഒറ്റയടിക്ക് കുറയ്ക്കാനാകില്ല. അമേരിക്കയിൽ ടെസ്‌ല വന്നതുപോലെ, ഇന്ത്യയിലും പരമ്പരാഗത വാഹനനിർമാതാക്കളല്ലാത്ത സ്റ്റാർട്ടപ് സംരംഭകർ ഇലക്ട്രിക് വാഹനരംഗത്തേക്ക് എത്തുന്നു എന്നത് ഭാവിയുടെ സൂചകമാണ്. അതേസമയം, കേന്ദ്ര– സംസ്ഥാന സർക്കാർ നയങ്ങളിൽ സ്ഥിരതയില്ലാത്തത് നിർമാതാക്കളെയും ഉപയോക്താക്കളെയും വിഷമവൃത്തത്തിലാക്കുന്നുണ്ട്.

സന്തോഷ് അയ്യർ,
മെഴ്സിഡിസ് ബെൻസ്  ഇന്ത്യ
മാർക്കറ്റിങ്– സെയിൽസ് വൈസ്പ്രസിഡന്റ്

‘സസ്റ്റെയ്നബിൾ ലക്ഷുറി’ തരംഗത്തിന് ഇന്ത്യയിൽ ഞങ്ങൾ തുടക്കമിടാൻ പോകുകയാണ്. കമ്പനിയുടെ വൈദ്യുത കാർ ഇക്യുസി ഉടൻ വിപണിയിലെത്തും. ചാർജിങ് സൗകര്യങ്ങളും പ്രോത്സാഹനപദ്ധതികളും രാജ്യത്ത് ഇനിയുള്ള വർഷങ്ങളിൽ ഇ–മാറ്റത്തിനു വഴിയൊരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com