ജിഎസ്ടി നഷ്ടം നികത്തൽ: ആര് എടുക്കും വായ്പ?

gst-loan
SHARE

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനംമൂലമുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ കേന്ദ്രമോ സംസ്ഥാനങ്ങളോ – ആരു വായ്പയെടുക്കണമെന്ന തർക്കം തുടരുന്നു. കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ ചില സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, അഭിപ്രായ ഐക്യം സാധ്യമാക്കാൻ ഉദ്യോഗസ്ഥതലത്തിൽ ചർച്ച തുടരുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന നിലപാട് അംഗീകരിക്കില്ലെന്നും ജിഎസ്ടി കൗൺസിലിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തർക്ക പരിഹാര സംവിധാനം ആലോചിക്കേണ്ടതാണെന്നും കേന്ദ്രത്തിന്റെ നിലപാടിനെ എതിർക്കുന്നതിന് പ്രതിപക്ഷ സംസ്ഥാനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ കോൺഗ്രസിന്റെ സമീപനം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

നിർദേശങ്ങളെക്കുറിച്ച് നിലപാടറിയിക്കാൻ സംസ്ഥാനങ്ങൾക്ക് 7 പ്രവൃത്തിദിനമാണ് നൽകുകയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ 27നു പറഞ്ഞിരുന്നു. നിർദേശങ്ങൾ വിശദീകരിച്ചുള്ള രേഖ കഴിഞ്ഞ 29നു സംസ്ഥാനങ്ങൾക്കു നൽകി. പിന്നീട് ധനകാര്യ സെക്രട്ടറിമാരുമായി ചർച്ചയും നടത്തി.

നഷ്ടപരിഹാരമായിഈ വർഷം സംസ്ഥാനങ്ങൾക്കു നൽകേണ്ടതു 3 ലക്ഷം കോടി രൂപയാണ്. അതിൽ, 65,000 കോടി രൂപയാണ് സെസ് വരുമാനമായി പ്രതീക്ഷിക്കുന്നത്.ബാക്കി 2.35 ലക്ഷം കോടി സംബന്ധിച്ചതാണ് തർക്കം. ഇതിൽ, ആകെ 97,000 കോടിജിഎസ്ടി നടപ്പാക്കുന്നതിനാലുള്ള നഷ്ടം, ബാക്കി കോവിഡ് പ്രതിസന്ധി മൂലമെന്നുമാണ് ധനമന്ത്രാലയ വാദം. 97,000 കോടി സംസ്ഥാനങ്ങൾ വായ്പയെടുത്താൽ, പലിശ സഹിതം സെസ് വരുമാനത്തിൽനിന്നു നൽകും.

ഈ തുക സംസ്ഥാനത്തിന്റെ വായ്പാ ബാധ്യതയായി കണക്കാക്കുകയുമില്ല. എന്നാൽ, 2.35 ലക്ഷം കോടിയാണ് വായ്പയെങ്കിൽ, വായ്പത്തുകയത്രയും സെസ് വരുമാനത്തിൽനിന്നു നൽകും, പലിശ സംസ്ഥാനങ്ങൾനൽകണം. ഒപ്പം, 97,000 കോടി ഒഴിവാക്കിയുള്ള തുക സംസ്ഥാനങ്ങളുടെ കടബാധ്യതയായി കണക്കാക്കും.

97,000 കോടി വായ്പയെന്ന നിർദേശത്തെ കർണാടകയുൾപ്പെടെ ചില സംസ്ഥാനങ്ങൾ അനുകൂലിക്കുന്നു.സെസ് വരുമാനം തങ്ങളുടേതല്ല, സംസ്ഥാനങ്ങളുടേതാണെന്നും അതിന്റെ പേരിൽ വായ്പയെടുക്കാൻ ആവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയർത്തിയിട്ടുണ്ട്. അതിനാൽ, പരിധിയുടെ പ്രശ്നമില്ലെന്നും കേന്ദ്രം വാദിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അഭിപ്രായ ഐക്യത്തിനു പരമാവധി ശ്രമിക്കാമെന്നാണ് കേന്ദ്ര നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA