വ്യവസായസൗഹൃദ റാങ്കിങ്: തിരുത്തണമെന്നു കേരളം

growth-ideas
SHARE

തിരുവനന്തപുരം∙ സംസ്ഥാനങ്ങളുടെ വ്യവസായസൗഹൃദ റാങ്കിങ്ങിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തെഴുതി. ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ( ഡി പി ഐ ഐ ടി) ബിസിനസ് റിഫോം ആക്‌ഷൻ പ്ലാൻ 2019 ന്റെ ഭാഗമായി പുറത്തിറക്കിയ 2018-19 സാമ്പത്തിക വർഷത്തെ റാങ്കിങ് പട്ടിക പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന്റെ റാങ്കിങ് 21ൽ നിന്ന് 28ലേയ്ക്കെത്തിയത് വസ്തുതാവിരുദ്ധമാണെന്നാണു സർക്കാരിന്റെ വാദം. പോയിന്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തിൽ നിന്ന് മാറി മുൻവർഷങ്ങളിലെ റാങ്കിങ് സംവിധാനം തുടർന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതാണ്.കേന്ദ്രം നിർദേശിച്ച 187 പരിഷ്‌കാരങ്ങളിൽ 157 എണ്ണവും നടപ്പാക്കിയ കേരളം  85% പോയിന്റോടെ ഫാസ്റ്റ് മൂവർ വിഭാഗത്തിലാണ് ഉൾപ്പെടേണ്ടത്. ഇത്തരം റാങ്കിങ്ങുകൾ നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കൺസൽറ്റൻസിക്ക് ഇനിയും കൊടുക്കണം 1.34 കോടി

തിരുവനന്തപുരം∙ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറെ പിന്നിലാണെങ്കിലും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പദ്ധതിയുടെ കൺസൽറ്റൻസി ഇനത്തിൽ ഇനിയുള്ള ഒരു വർഷം സർക്കാർ ചെലവഴിക്കേണ്ടത് ഏകദേശം 1.34 കോടി രൂപ.
സർക്കാരിന്റെ വ്യവസായ സൗഹൃദ പദ്ധതിയായ ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 2017 ജനുവരി മുതൽ കെപിഎംജിയുടെ കൺസൽറ്റന്റുമാർ അടങ്ങിയ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (പിഎംയു) പ്രവർത്തിക്കുന്നുണ്ട്. പല തവണ പുതുക്കിയ കരാർ ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം ഒരു വർഷത്തേക്കു കൂടി നീട്ടി. 2.9 ലക്ഷവും 2.7 ലക്ഷവും പ്രതിമാസം കൺസൽറ്റൻസി ചാർജ് ഈടാക്കുന്ന 2 കൺസൽറ്റന്റുമാരെക്കൂടി അധികമായി നിയോഗിക്കാനും തീരുമാനമായി.

നിലവിൽ ഇതേ നിരക്കിൽ 2 കൺസൽറ്റന്റുമാരുണ്ട്. ഈ 4 പേർക്കും കൂടി ഓഗസ്റ്റ് മുതൽ വ്യവസായ വകുപ്പു ചെലവഴിക്കേണ്ടത് 11.2 ലക്ഷം രൂപയാണ്. ജിഎസ്ടി നിരക്ക് ഇതിനു പുറമേയാണ്. 2016 ൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയതും കെപിഎംജിയാണ്. ഇതിനു പിന്നാലെ 15 വർഷം അനുഭവപരിചയമുള്ള പ്രോജക്റ്റ് ഡയറക്ടർ അടങ്ങിയ സംഘത്തെയാണു പിഎംയു ആയി നിയോഗിച്ചത്. ഇതു പിന്നീടു പല തവണ പുതുക്കി. ഒടുവിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യവസ്ഥകൾ വിശാലമാക്കിയതോടെ ജോലിഭാരം കൂടിയെന്നു പറഞ്ഞാണു കൺസൽറ്റന്റുമാരുടെ എണ്ണം വർധിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA