മെഡിക്കൽ ഉപകരണ നിർമാണം: വമ്പൻ പദ്ധതി വരുന്നു

medical
SHARE

കൊച്ചി ∙ ആരോഗ്യരംഗത്തെ വർധിച്ചുവരുന്ന സാധ്യതകൾ ഉപയോഗപ്പെടുത്താൻ, മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികളെ മാത്രം ഉൾപ്പെടുത്തി കെഎസ്ഐഡിസി പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കലിലുള്ള ലൈഫ് സയൻസ് പാർക്കിനോടു ചേർന്ന് 125 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തും.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി.

രാജ്യത്ത് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ 15% മാത്രമാണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്. പ്രതിവർഷം 50,026 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ രാജ്യം ഇറക്കുമതി ചെയ്യുന്നു. രാജ്യത്തിനകത്തുള്ള ഉപയോഗവും കയറ്റുമതിയും ലക്ഷ്യമിട്ടാണു പ്രത്യേക മേഖല. 2024 ആകുമ്പോഴേക്കും രാജ്യത്തു മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി 1.20 ലക്ഷം കോടി രൂപയാകുമെന്നു കണക്കാക്കുന്നു.
മെഡിക്കൽ ഡിവൈസസ് മാനുഫാക്ചറിങ് സോണിന് അടുത്തമാസം തറക്കല്ലിടും. വിശദമായ പദ്ധതി രേഖ തയാറാക്കൽ അവസാന ഘട്ടത്തിലാണ്. കരടു പൂർത്തിയായി. ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി 20 ഏക്കർ സ്ഥലം കൈമാറും.

∙ ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും പാർക്കിലെ ആദ്യ കമ്പനി. ശ്രീ ചിത്രയ്ക്ക് ലൈഫ് സയൻസ് പാർക്കിൽ ഇതിനകം 10 ഏക്കർ കൈമാറിക്കഴിഞ്ഞു. 10 ഏക്കർ കൂടി ഉടൻ നൽകും. പാർക്കിലെ ആങ്കറിങ് യൂണിറ്റായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും.
∙ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഇൻക്യുബേഷൻ സൗകര്യങ്ങൾ, ഉൽപ്പാദന യൂണിറ്റുകൾ, പൊതു സൗകര്യങ്ങൾ, വെയർഹൗസിങ് എന്നിവയാണു മെഡിക്കൽ ഡിവൈസസ് മാനുഫാക്ചറിങ് സോണിൽ ഉള്ളത്. ഇതിൽ പൊതു സൗകര്യങ്ങൾ, ടെസ്റ്റിങ് സംവിധാനങ്ങൾ തുടങ്ങിയവ കേന്ദ്ര സർക്കാരിന്റെ വിഹിതം. സ്ഥലം സംസ്ഥാന സർക്കാർ ഓഹരിയായി കണക്കാക്കും. സ്വകാര്യ മുതൽമുടക്കിനു മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റിബേറ്റ് ലഭിക്കും.

∙ ആരോഗ്യ മേഖലയിലെ സാധ്യതകൾ മുന്നിൽ കണ്ട് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മുംബൈ, ഡൽഹി സംസ്ഥാനങ്ങൾ മെഡിക്കൽ ഡിവൈസസ് മാനുഫാക്ചറിങ് സോൺ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

-ക്രിസ്റ്റി ഫെർണാണ്ടസ്, ചെയർമാൻ, കെഎസ്ഐഡിസി- റബർ അടിസ്ഥാനമാക്കി, ഉയർന്ന മൂല്യമുള്ള ആശുപത്രി ഉപകരണങ്ങളുടെ നിർമാണത്തിനാണു പാർക്കിൽ പ്രാധാന്യം നൽകുക. സ്വാഭാവിക റബർ ധാരാളമുണ്ടെങ്കിലും കൈയുറകൾ നിർമിക്കുന്നതല്ലാതെ മറ്റുതരത്തിൽ നാം ഉപയോഗപ്പെടുത്തുന്നില്ല. ചികിത്സാരംഗത്ത് ഉയർന്ന മൂല്യമുള്ള ഒട്ടേറെ റബർ ഉൽപന്നങ്ങളുണ്ട്. അവയുടെ ഉൽപാദനത്തിൽ നമുക്കു മേൽക്കൈ നേടാനാവും. ശ്രീ ചിത്ര,ഐസർ, കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ടെക്നോളജി പാർക്കുകൾ എന്നിവയുടെ സാന്നിധ്യം കൂടുതൽ ഗവേഷണങ്ങൾക്കു വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA