ADVERTISEMENT

ആലപ്പുഴ ∙ എറണാകുളം ഹോട്ടൽ അവന്യു റീജന്റിലെ വേദിയിലിരിക്കുകയാണ് മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള. തൊട്ടടുത്ത് മാധവിക്കുട്ടി (പിൽക്കാലത്ത് കമല സുരയ്യ). തകഴിയുടെ കയ്യിൽ പുതിയൊരു ഉപകരണം. അകലെയുള്ളവരുമായി സംസാരിക്കാൻ ലാൻഡ് ഫോണിനു പകരമുള്ള സംവിധാനമാണത്. തകഴിയുടെ കൈയിലിരുന്ന ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു.

അപ്പുറത്ത്, ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ.ടാൻഡൻ ഫോൺ എടുത്തു പറഞ്ഞു– ‘ഹലോ!’
കേരളത്തിനെ പരിധിക്കുള്ളിലാക്കി മൊബൈൽ ഫോൺ സേവനത്തിനു തുടക്കം കുറിച്ചത് അങ്ങനെയാണ്. 1996 സെപ്റ്റംബർ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ് തികയും. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു.

കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ ആണ്. ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒക്ടോബറിലാണ് എസ്കോടെൽ സേവനം ആരംഭിച്ചത്. അക്കൊല്ലം തന്നെ ബിപിഎൽ മൊബൈലും കേരളത്തിലെത്തി. എസ്കോടെലിനെ പിൽക്കാലത്ത് ഐഡിയ ഏറ്റെടുത്തു.
ആദ്യകാലത്ത് ഇൻകമിങ് കോളുകൾക്കു നിരക്ക് ഈടാക്കിയിരുന്നു.

ഔട്ഗോയിങ് കോളുകൾക്ക് മിനിട്ടിന് 16 രൂപയും ഇൻകമിങ് കോളുകൾക്ക് 8 രൂപയുമായിരുന്നു നിരക്ക്. 2003 ൽ ഇൻകമിങ് കോളുകൾ സൗജന്യമാക്കി. ഇപ്പോൾ ഡേറ്റ അധിഷ്ഠിത പ്ലാനുകൾക്കു സൗജന്യ കോൾ സംവിധാനമായി. നിലവിൽ, നാലരക്കോടിയോളം കണക്‌ഷൻ കേരളത്തിലുണ്ടെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com