ADVERTISEMENT

കൊച്ചി∙ ഗവ.ഐടി പാർക്കുകളിലെ കമ്പനികൾക്ക് വാടക ഇളവ് വിപുലമാക്കുന്നു. 25,000 ചതുരശ്രയടി വിസ്തീർണം വരെ എടുത്തിട്ടുള്ള കമ്പനികൾക്ക് ആദ്യ 10,000 ചതുരശ്രയടിക്ക് 3 മാസത്തേക്കു വാടക ഇളവ് നൽകാൻ ഐടി വകുപ്പ് ശുപാർശ ചെയ്തു. ബാക്കി 15000 അടി സ്ഥലത്തിനുള്ള വാടകയിൽ മാറ്റമില്ല. 800 പേരിലേറെ ജോലി ചെയ്യുന്ന കമ്പനികൾക്കും ആനുകൂല്യം ലഭിക്കും. പക്ഷേ 25000 ചതുരശ്രയടിയിൽ കൂടുതൽ എടുത്തിട്ടുള്ള വൻകിട കമ്പനികൾക്ക് ഇളവില്ല. 10,000 ചതുരശ്രയടി വിസ്തീർണം വരെ എടുത്തിട്ടുള്ള ചെറിയ കമ്പനികൾക്ക് ലോക്ഡൗണിന്റെ ഭാഗമായി 3 മാസത്തേക്കു വാടക നേരത്തേ ഒഴിവാക്കിയിരുന്നു. 

ഇളവുമൂലം നിലവിൽ പാർക്കുകളുടെ വാടക ഇനത്തിൽ മാസം 28 കോടിയുടെ കുറവാണുണ്ടായത്. ടെക്കികൾ വീട്ടിലിരുന്നു ജോലി ചെയ്യുകയും കോവിഡ് സൃഷ്ടിച്ച മാന്ദ്യം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്യാഷ് ഫ്ളോ പ്രശ്നങ്ങളുള്ളതിനാലാണ് ഇളവെന്ന് ഐടി വകുപ്പ് വക്താവ് ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപവുമായി വരുന്ന കമ്പനികൾക്ക് ആദ്യ 3 മാസം വാടകയിൽ നൽകുന്ന ഇളവു തുടരും. 

ഐടി കമ്പനികൾ ക്യൂ നിൽക്കുന്നു

അതേസമയം ലോക്ഡൗൺ 6 മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഐടി രംഗത്തിനു പൊതുവെ മാന്ദ്യമില്ല. ഇൻഫോപാർക്കിൽ 51 കമ്പനികളും ടെക്നോപാർക്കിൽ അതിന്റെ മൂന്നിരട്ടിയോളം കമ്പനികളും സ്ഥലം കിട്ടാൻ കാത്തു നിൽക്കുന്നു. ദിവസവും പുതിയ കമ്പനികളുടെ അന്വേഷണങ്ങളും വരുന്നുണ്ട്.

ഡിസംബറോടെ ടെക്നോസിറ്റിയിൽ പണി തീരുന്ന 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിലേക്കു പ്രമുഖ കമ്പനികൾക്കു സ്ഥലം നൽകാനാണുദ്ദേശിക്കുന്നത്.

ഇൻഫോപാർക്കിലെ ജ്യോതിർമയ കെട്ടിടത്തിലും ലുലുവിന്റെ പുതിയ കെട്ടിടത്തിലും സ്ഥലമുണ്ട്. മിക്സോഗോ എന്ന കമ്പനി 10,000 ചതുരശ്രയടി കൂടുതൽ എടുത്തു ഫർണിഷ് ചെയ്യുകയാണ്. 17000 ചതുരശ്രയടിയിൽ 150 പേർക്കുള്ള സൗകര്യവുമായി പ്രവർത്തനം തുടങ്ങിയ അമേരിക്കൻ കമ്പനി ഇൻസ്പയേഡ്  ലോക്ഡൗൺ കാലത്തു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com