ADVERTISEMENT

കൊച്ചി∙ മ്യൂച്വൽ ഫണ്ട് നിക്ഷേപം സംബന്ധിച്ച്, വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പുതിയ നിർദേശം മാസംതോറും നിക്ഷേപം നടത്തുന്ന എസ്ഐപികളുടെയും ചെക്ക് വഴിയുള്ള നിക്ഷേപങ്ങളുടെയും കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നു വിദഗ്ധർ. നിക്ഷേപകരുടെ പണം മ്യൂച്വൽ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തിയശേഷമേ നിക്ഷേപ യൂണിറ്റുകൾ നൽകാവൂ എന്നാണ് നിർദേശം. ഫണ്ടുകളുടെ ആസ്തിമൂല്യം (നെറ്റ് അസറ്റ് വാല്യു–എൻഎവി) കണക്കാക്കുന്നതിന് ഒറ്റ രീതി കൊണ്ടുവരാനാണ് സെബി ഈ നിലപാടെടുത്തത്. 

നിലവിൽ, 2 ലക്ഷം രൂപയിൽത്താഴെയുള്ള നിക്ഷേപങ്ങളിൽ അപേക്ഷ കിട്ടുന്ന ദിവസം തന്നെ (അന്നത്തെ എൻഎവിയിൽ) യൂണിറ്റുകൾ അലോട്ട് ചെയ്യും. 2 ലക്ഷം രൂപയ്ക്കു മേലാണു നിക്ഷേപമെങ്കിൽ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക മ്യൂച്വൽ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തുന്ന ദിവസത്തെ എൻഎവി കണക്കാക്കിയാണ് യൂണിറ്റുകൾ നൽകുക. പുതിയ നിർദേശപ്രകാരം, ജനുവരി 1 മുതൽ, നിക്ഷേപത്തുക എത്രയായാലും അത് ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തിയശേഷമേ യൂണിറ്റുകൾ നൽകാവൂ. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് പണമെത്തുന്നതെങ്കിൽ അടുത്ത ദിവസത്തേക്കാണു കണക്കാക്കുക. ഓൺലൈൻ ഇടപാടുകൾക്ക് ഇപ്പോഴും ഇതേ വ്യവസ്ഥയാണു ബാധകം. 

എസ്ഐപി നിക്ഷേപകർക്ക് നിലവിൽ അപേക്ഷത്തീയതിയിൽത്തന്നെ യൂണിറ്റുകൾ കിട്ടും; 2 ലക്ഷത്തിൽത്താഴെയാണ് അവയിൽ ബഹുഭൂരിപക്ഷവും. എന്നാൽ അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഫണ്ടിന്റെ അക്കൗണ്ടിലേക്കു പണമെത്താൻ ഒന്നോ രണ്ടോ ദിവസമെടുക്കാറുണ്ട് എന്നതിനാൽ, പുതിയ നിർദേശം അവരുടെ എൻഎവി കണക്കൂകൂട്ടലുകളെ ബാധിക്കുമെന്നു വിദഗ്ധർ പറയുന്നു. ചെക്ക് വഴിയണു നിക്ഷേപമെങ്കിലും ഈ പ്രശ്നമുണ്ടാകും. ചെക്ക് ക്ലിയർ ചെയ്തുകിട്ടിയശേഷമേ യൂണിറ്റ് നൽകാനാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com