കോവിഡ് കുരുക്കിൽ സ്വർണ ഖനനവും

Gold Bar
SHARE

കൊച്ചി∙ കൊറോണ വൈറസ് ലോകത്തിലെ സ്വർണ ഖനികളെയും പിടികൂടിക്കഴിഞ്ഞു. സ്വർണം തിളങ്ങി നിൽക്കുമ്പോഴും ഈ വർഷം ഉൽപാദനം കുറയുമെന്ന ആശങ്കയിലാണു വിപണി. തൊഴിലാളികളുടെ ലഭ്യതക്കുറവും കുതിച്ചു കയറിയ ഉൽപാദനച്ചെലവും പുതിയ ഖനികൾ തുറക്കുന്നതിനു തടസ്സമാകുന്നു. ഈ വർഷം ആദ്യ 3 മാസത്തിൽ ഉൽപാദനത്തിൽ 3% കുറവ് ഉണ്ടായതായി കണക്കാക്കുന്നു. ആകെ ഖനനം ചെയ്തത് 795.8 ടൺ മാത്രം. 2015ന് ശേഷമുള്ള ഏറ്റവും കനത്ത ഇടിവ്. ഖനനത്തിൽ മുന്നിൽ നിൽക്കുന്ന ചൈനയിൽ ജനുവരി–മാർച്ച് കാലയളവിൽ ഉൽപാദനത്തിൽ 12% കുറവുണ്ടായി. ചൈനയിൽ ഖനികളിലെ ഉൽപാദനം നിലച്ച മട്ടാണ്. 

 ‘പീക്ക് ഗോൾഡ് ’ 

ചില രാജ്യങ്ങൾ ഖനനം പുനരാരംഭിച്ചെങ്കിലും ഉൽപാദനത്തിൽ പ്രതീക്ഷിച്ച വർധന കൈവരിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്ക നേരിട്ടത് 11% ഇടിവാണ്. എന്നാൽ ഇക്വഡോർ (51%), കാനഡ (5%) ബുർക്കിനഫാസോ (18%) എന്നിവ വർധന നേടി. പുതിയ ഖനികൾ നേരത്തേ തന്നെ കണ്ടെത്താൻ കഴിഞ്ഞതാണ് ഇവരുടെ വിജയം. 

കോവി‍ഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയാൽ മാത്രമേ ഖനികളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലാകുകയുള്ളൂ. ഖനികളിൽ നിന്നുള്ള ലഭ്യത പാരമ്യത്തിലാണെന്ന് 2017ൽ തന്നെ വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ലുജിസി) പറഞ്ഞിരുന്നു. ഈ അവസ്ഥയ്ക്ക് ‘പീക്ക് ഗോൾഡ് ’ എന്നാണ് പറയുന്നത്. 

 കുതിച്ച് ഖനനച്ചെലവും

 ഡബ്ലുജിസിയുടെ കണക്കനുസരിച്ച് 2019ൽ ഖനികളിലെ ഉൽപാദനം 3531 ടൺ ആണ്. 2018നെ അപേക്ഷിച്ച് ഒരു ശതമാനം കുറവ്. പുതിയ ഉറവിടങ്ങൾ കണ്ടെത്തണമെന്ന വെല്ലുവിളിയാണ് ഖനന സ്ഥാപനങ്ങൾ നേരിടുന്നത്. ഡബ്ലുജിസിയുടെ കണക്കു പ്രകാരം ലോകത്ത് ഇതുവരെ 190,040 ടൺ സ്വർണം ഖനനം ചെയ്തിട്ടുണ്ട്.

ഭൂമിയുടെ അടിത്തട്ടിൽ ഇനിയും 54,000 ടൺ സ്വർണം ഖനനം ചെയ്യാനുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിവർഷം 2500–3000 ടൺ സ്വർണമാണ് ലോകത്ത് ഉൽപാദിപ്പിക്കുന്നത്. ഖനനം ചെയ്ത് എടുക്കുന്ന സ്വർണ മണൽത്തരികൾ ശുദ്ധീകരിക്കുമ്പോൾ ഒരു ടണ്ണിൽ നിന്ന് മുൻപ് 10 ഗ്രാം ശുദ്ധ സ്വർണം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് 1.5 ഗ്രാം ആയി കുറഞ്ഞിട്ടുണ്ട്. 

സ്വർണം ഉൽപാദനം–   ടണ്ണിൽ

(ആദ്യ 5 രാജ്യങ്ങൾ)

ചൈന  383.2

റഷ്യ      329.5

ഓസ്ട്രേലിയ  325.1

യുഎസ്    200.2

കാനഡ      182.9

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA