ADVERTISEMENT

ന്യൂഡൽഹി∙ ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തിനു സ്വയം വായ്പെയെടുക്കാമെന്നു സമ്മതിച്ച 20 സംസ്ഥാനങ്ങൾക്കു മൊത്തം 68,825 കോടി രൂപ വിപണിയിൽനിന്ന് അധിക വായ്പയെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. നഷ്ടപരിഹാര വായ്പ വിഷയത്തിൽ ഉടക്കിട്ട കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ഒത്തുതീർപ്പിനില്ലെന്നതിന്റെ സൂചനയാണ് കേന്ദ്ര നടപടി. 

നഷ്ടപരിഹാരത്തിനുള്ള തുക മുഴുവൻ കേന്ദ്രം വായ്പയെടുക്കണമെന്നു നേരത്തെ വാദിച്ച സംസ്ഥാനങ്ങളുടെ ഗണത്തിൽ മഹാരാഷ്ട്രയുമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ഭരണമുന്നണിയിലുള്ള മഹാരാഷ്ട്ര മറുകണ്ടം ചാടിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 

കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗൺസിലിൽ മഹാരാഷ്ട്ര ധനമന്ത്രി പങ്കെടുത്തിരുന്നില്ല. സ്വയം വായ്പയെടുക്കാൻ തയാറുള്ള 20 സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയുമുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ അനുവദിച്ച 68,825 കോടിയിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ് – 15,394 കോടി. എന്നാൽ, നേരത്തെ കേന്ദ്ര നിലപാടിനോടു യോജിച്ച തമിഴ്നാട് ഇന്നലത്തെ പട്ടികയിലില്ല. 

സാധാരണഗതിയിൽ, സംസ്ഥാനങ്ങൾക്കു മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 3% വിപണിയിൽനിന്നു വായ്പയെടുക്കാം. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് അധികമായി 2%കൂടി വായ്പയെടുക്കാൻ കഴിഞ്ഞ മേയിൽ കേന്ദ്രം അനുമതി നൽകി. അതിൽ, അവസാനത്തെ 0.5% വായ്പയെ റേഷൻ, ഊർജ വിതരണം, ബിസിനസ്, തദ്ദേശ ഭരണ  സ്ഥാപനങ്ങൾ എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. ഇതിൽ 3 പരിഷ്കാരങ്ങളെങ്കിലും നടപ്പാക്കിയാൽ മാത്രം 0.5% വായ്പയ്ക്ക് അനുമതിയെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നഷ്ടപരിഹാരത്തിനു പണം കണ്ടെത്താൻ സ്വയം വായ്പയെടുത്താൽ ഈ വ്യവസ്ഥ ബാധകല്ല. അതിനാലാണ്, ഇപ്പോൾ 20 സംസ്ഥാനങ്ങൾക്കു വിപണിയിൽനിന്ന് 68,825 കോടി വായ്പയെടുക്കാൻ അനുമതി നൽകുന്നത്. 

ഫലത്തിൽ, നഷ്ടപരിഹാരത്തിനു സ്വയം വായ്പയെടുക്കാൻ തയാറായ സംസ്ഥാനങ്ങളുടെ കാര്യത്തിൽ തുടർനടപടിയെന്നാണ് ഇന്നലത്തെ തീരുമാനത്തിലൂടെ കേന്ദ്രം സൂചിപ്പിക്കുന്നത്. നഷ്ടപരിഹാരത്തിനു വായ്പയെടുക്കാൻ റിസർവ് ബാങ്കുമായി ആലോചിച്ച് സംസ്ഥാനങ്ങൾക്കായി പ്രത്യേക സംവിധാനമുണ്ടാക്കും. 

കേന്ദ്രത്തിന്റെ സമീപനരീതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണു ധനമന്ത്രി തോമസ് ഐസക്ക് സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ, നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, സംസ്ഥാനങ്ങൾ സ്വയം വായ്പയെടുക്കുകയെന്ന നിർദേശം അംഗീകരിക്കുക, ഒപ്പം വിഷയം കോടതിയിൽ ചോദ്യം ചെയ്യുക എന്നതാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. 

ചോദ്യചിഹ്നമായി ജിഎസ്ടി കൗൺസിൽ 

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ അഭിപ്രായ ഐക്യം സാധ്യമാകാത്തപ്പോൾ ജിഎസ്ടി കൗൺസിലിന്റെ നിലനിൽപിനെക്കുറിച്ചുതന്നെ ചോദ്യങ്ങളുയരുന്നു. നഷ്ടപരിഹാരത്തിനു പണം കണ്ടെത്താനുള്ള മാർഗമെന്തെന്ന് കൗൺസിൽ 3 തവണ ചർച്ച ചെയ്തു. അഭിപ്രായ ഐക്യമുണ്ടായില്ല. അപ്പോൾ, കൗൺസിൽ തീരുമാനമില്ലാതെയാണ് 20 സംസ്ഥാനങ്ങളുടെ നിലപാട് അംഗീകരിച്ച് കേന്ദ്രം തുടർനടപടിയെടുക്കുന്നത്. കൗൺസിലിൽ വോട്ടെടുപ്പുണ്ടായാൽ കേന്ദ്ര നിലപാട് വിജയിക്കുമായിരുന്നു.

എന്നിട്ടും, വോട്ടെടുപ്പിനു കേന്ദ്രം താൽപര്യപ്പെട്ടില്ല. തർക്ക പരിഹാര സംവിധാനമുണ്ടാക്കുകയോ മന്ത്രിമാരുടെ സമിതിയെ നിയോഗിക്കുകയോ ചെയ്യാമെന്ന നിർദേശവും അംഗീകരിച്ചില്ല. തർക്കമല്ല, അഭിപ്രായ ഭിന്നത മാത്രമേയുള്ളുവെന്നാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തർക്കമെന്ന് അംഗീകരിച്ചാൽ തർക്ക പരിഹാര സംവിധാനവും അംഗീകരിക്കേണ്ടിവരുമെന്നും അതിനാലാണ്, തർക്കമല്ലെന്ന നിലപാടെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com