ADVERTISEMENT

ന്യൂഡൽഹി/ തിരുവനന്തപുരം ∙ ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരമായി കേന്ദ്ര നിർദേശമനുസരിച്ചു സ്വയം വായ്പയെടുക്കാൻ കേരളവും നിർബന്ധിതമാകും. ഇൗ വിഷയത്തിൽ കേന്ദ്ര നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരളം അടക്കമുള്ള 9 സംസ്ഥാനങ്ങൾ തീരുമാനിച്ചിരുന്നതെങ്കിലും ഇൗ സഖ്യത്തിൽ വിള്ളൽ വീണു തുടങ്ങി. സംസ്ഥാനങ്ങൾതന്നെ വായ്പയെടുക്കുകയെന്ന കേന്ദ്ര നിലപാട് തമിഴ്നാടും ഡൽഹിയും അംഗീകരിച്ചു. എതിർക്കുന്നവരുടെ പട്ടികയിൽ അവശേഷിക്കുന്നത് കേരളം, ബംഗാൾ, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയും മാത്രം. 

കേന്ദ്ര നിലപാട് അംഗീകരിക്കാൻ തയാറായ 20 സംസ്ഥാനങ്ങൾക്കു വിപണിയിൽനിന്ന് മൊത്തം 68,825 കോടി രൂപ വായ്പയെടുക്കാൻ കഴിഞ്ഞ ദിവസം ധനമന്ത്രാലയം അനുമതി നൽകിയിരുന്നു. തമിഴ്നാടും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹിയും ജമ്മു കശ്മീരും നഷ്ടപരിഹാര വായ്പയെടുക്കാൻ താൽപര്യമറിയിച്ചെന്ന് ധനമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. തമിഴ്നാടിന് 9,627 കോടിയുടെ അധിക വായ്പയ്ക്കാണ് അനുമതി. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 2% കൂടി വായ്പയെടുക്കാൻ മേയിൽ അനുവദിച്ചു. അതിൽ,  0.5% വായ്പയെടുക്കുന്നതിന് കേന്ദ്രം ഉപാധികൾ നിർദേശിച്ചിരുന്നു. എന്നാൽ, ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര വ്യവസ്ഥ അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഉപാധികൾ ബാധകമല്ലെന്നു പിന്നീടു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. 

കേരളം നാളെ നിയമനടപടി ചർച്ച ചെയ്യും

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ആലോചനായോഗം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കുടിശിക തീർക്കുന്നതിന് 2022 ജൂണിനുശേഷവും സെസ് തുടരണമെങ്കിൽ കൗൺസിൽ തീരുമാനിക്കണം. കേന്ദ്രം സ്വമേധയാ തീരുമാനിക്കുന്നത് നിയമവിരുദ്ധമാണ് – തോമസ് ഐസക് പറഞ്ഞു.

ഇപ്പോൾ, നഷ്ടപരിഹാരത്തിനായി സ്വയം വായ്പയെടുക്കാമെന്നു സമ്മതിച്ച സംസ്ഥാനങ്ങൾക്ക് 0.5% അധികവായ്പയ്ക്കാണ് അനുമതി. റേഷൻ കാർഡ്, വൈദ്യുതി, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വ്യവസ്ഥകൾ ഒഴിവാക്കിയാണ് അനുമതി. പരിഷ്കാരങ്ങൾക്കു തയാറായി ഈ അധിക വായ്പ കേരളം വാങ്ങും. അത് അൽപം വൈകിയാലും പ്രശ്നമൊന്നുമില്ല– തോമസ് ഐസക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com