ADVERTISEMENT

കൊച്ചി∙ സ്വർണവിലയിലുണ്ടായ റെക്കോർഡ് നേട്ടങ്ങളും കോവിഡ് മഹാമാരിമൂലമുള്ള വിപണിയിലെ അസ്ഥിരതയും നിക്ഷേപകരെ സ്വർണബോണ്ടിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി കണക്കുകൾ. ഈ സാമ്പത്തിക വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 6 തവണകളായി നടത്തിയ ബോണ്ട് വിൽപനയിലൂടെ 10,130 കോടി രൂപയുടെ സ്വർണമാണു നിക്ഷേപകർ വാങ്ങിയത്.

കടപ്പത്രം പോലെ സ്വർണം വാങ്ങാവുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ആർബിഐയുടെ സോവറിൻ ഗോൾഡ് ബോണ്ട് സ്കീം (എസ്ജിബി). സ്വർണത്തിന്റെ മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണു ലഭിക്കുക. ഒരു ഗ്രാമിന്റെ മുതൽ ബോണ്ടുകൾ വാങ്ങാം. മച്യുരിറ്റിയാകുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിപണിവിലയും 2.5% പലിശയും ലഭിക്കും. അതതുസമയത്തെ വിപണി വിലയനുസരിച്ചാണ് ആർബിഐ ഓരോ തവണയും ഇഷ്യൂ നിരക്ക് പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5741 കോടിയുടെ സ്വർണബോണ്ടുകളാണു വിറ്റത്. 

ഏഴാം ബോണ്ട് നാളെ അവസാനിക്കും

സാമ്പത്തിക വർഷത്തിലെ റിസർവ് ബാങ്കിന്റെ ഏഴാംഘട്ട സ്വർണബോണ്ടുകളുടെ വിൽപന 16നു സമാപിക്കും. 5051 രൂപയാണ് ഇത്തവണത്തെ ഇഷ്യൂ വില. ബോണ്ടുകൾക്കായി ഓൺലൈൻ അപേക്ഷകൾ നൽകുന്നവർക്ക് ഗ്രാമിന് 50 രൂപ കിഴിവുണ്ട്. പണം ഡിജിറ്റലായി അടയ്ക്കണം. 8 വർഷമാണ് മച്യുരിറ്റി കാലാവധിയെങ്കിലും 5 വർഷത്തിനു ശേഷം പിൻവലിക്കാം. ബോണ്ടുകൾ സ്റ്റോക് എക്സ്ചേഞ്ചുകൾ വഴി വിറ്റഴിക്കാനുമാകും. 4 കിലോഗ്രാം സ്വർണം വരെ വ്യക്തികൾക്കും കുടുംബങ്ങൾക്കും വാങ്ങാം. ട്രസ്റ്റുകൾക്ക് പരമാവധി 20 കിലോഗ്രാം വരെ. 

വരുന്നു, സ്വർണ സ്ഥിരനിക്ഷേപ പദ്ധതി

പൊതുമേഖലാ ബാങ്കുകൾ വഴി സ്വർണസ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഏറ്റവും കുറഞ്ഞ നിക്ഷേപം 30 ഗ്രാം ആയിരിക്കും. കല്ലുകളോ മുത്തുകളോ ഇല്ലാത്ത സ്വർണാഭരണം ഉരുക്കി മാറ്റ് കണക്കാക്കി നിലവിലെ വില നിശ്ചയിച്ചാണു നിക്ഷേപം സ്വീകരിക്കുക. കാലാവധി തീരുമ്പോൾ പലിശയും അന്നത്തെ വിപണി വിലയും തിരികെ നൽകും. ഹ്രസ്വകാല നിക്ഷേപം ഒന്നു മുതൽ 3 വർഷം വരെ. ഒരു വർഷത്തേക്ക് 0.5 ശതമാനവും 2 വർഷത്തേക്ക് 0.55 ശതമാനവും 3 വർഷത്തേക്ക് 0.60 ശതമാനവും പലിശ ലഭിക്കും. 5 മുതൽ 7 വർഷം വരെയുള്ള ദീർഘകാല നിക്ഷേപത്തിന്. 2.2% പലിശ. 12 മുതൽ 15 വർഷം വരെയുള്ള നിക്ഷേപത്തിന് 2.5% പലിശ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com