ADVERTISEMENT

കൊച്ചി∙ ജിഎസ്ടി നെറ്റ്‌വർക്കിലെ പിഴവു മൂലം കേരളത്തിലെ വ്യാപാരികളും വ്യവസായികളും വീണ്ടും പ്രതിസന്ധിയിലായി. മാസംതോറും ഫയൽ ചെയ്യേണ്ട ജിഎസ്ടിആർ 3ബിയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും ഒട്ടേറെപ്പേർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ 3 ദിവസമായി ജിഎസ്ടി നെറ്റ്‌വർക് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നു വ്യാപാരികളും ടാക്സ് പ്രാക്ടീഷനർമാരും പറയുന്നു. ഓരോ മാസവും 11 നു മുൻപായി ജിഎസ്ടിആർ–1 ഫയൽ ചെയ്തെങ്കിൽ മാത്രമേ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയൂ. പുതിയതായി വന്ന ജിഎസ്ടിആർ2ബി സംവിധാനവും വ്യാപാരികളെ  ദുരിതത്തിലാക്കുകയാണ്.

 തിരക്കു താങ്ങാൻ കഴിയാതെ വെബ്സൈറ്റ്

ജിഎസ്ടി സംവിധാനം നടപ്പാക്കി മൂന്നര വർഷത്തോടടുക്കുമ്പോഴും നെറ്റ്‌വർക്കിലെ ഗുരുതര പ്രശ്നങ്ങൾക്കു പരിഹാരമില്ല. വിവിധ റിട്ടേണുകളുടെ ഫയലിങ്ങിനോട് അടുത്ത ദിവസങ്ങളിലെല്ലാം നെറ്റ്‌വർക് തകരാറിലാകുകയാണ്.ഒരേ സമയം സൈറ്റിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ പരിധി വർധിപ്പിക്കണമെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ജിഎസ്ടി പ്രാക്ടീഷണർമാർ പറയുന്നു. 3ബി ഫയൽ ചെയ്യാത്ത വ്യാപാരികൾ ഇന്നു മുതൽ പിഴ നൽകണം.

 വലച്ച്  2ബി സംവിധാനം

ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കണമെങ്കിൽ ഓരോ മാസവും 11–ാം തീയതിക്കു മുൻപായി സപ്ലൈയർമാരും 11–ാം തീയതി തന്നെ വ്യാപാരികളും വ്യവസായികളും ജിഎസ്ടിആർ –1 ഫയൽ ചെയ്യണമെന്ന നിബന്ധന (2ബി ഫോം ഫയലിങ്) ഈ മാസം പ്രാവർത്തികമായി. 11നു മുൻപേ റിട്ടേൺ ചെയ്തവർക്കും നെറ്റ്‌വർക്കിലെ തകരാർ മൂലം ഫയലിങ് നടത്താൻ കഴിഞ്ഞിട്ടില്ല. 

ഇക്കാരണത്താൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയാത്തവരും ഒട്ടേറെയുണ്ട്. നികുതി കൊടുത്തു വാങ്ങിയ ഉൽപന്നങ്ങൾക്കു വീണ്ടും നികുതിയടയ്ക്കേണ്ട സാഹചര്യവുമുണ്ടാകുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജിഎസ്ടിആർ2ബിയിൽ വരുന്നതു പരിഗണിക്കാതെ ലഭ്യമായ ബില്ലുകളുടെ അടിസ്ഥാനത്തിൽ ഇൻപുട്ട് എടുക്കാമെന്ന ഉത്തരവുണ്ടായിരുന്നെങ്കിലംു ഇത് ഓഗസ്റ്റ് മാസത്തോടെ അവസാനിച്ചു.

കെ.എ. ഷൈജുദ്ദീൻ, ജിഎസ്ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ - സംസ്ഥാന പ്രസിഡന്റ്പ- ല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണിലായതിനാൽ ജിഎസ്ടിആർ–1 സമർപ്പണത്തിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ 2ബി നിർത്തിവയ്ക്കണം. 3 ബി സമർപ്പണത്തിന്റെ കാലാവധി നീട്ടിനൽകണം. വാർഷിക റിട്ടേൺ സമയപരിധി മാർച്ച് 31 വരെ നീട്ടണം. നികുതിയടച്ച വ്യാപാരികൾ നെറ്റ്‌വർക്കിലെ പിഴവു മൂലം പിഴയടയ്ക്കുന്ന സാഹചര്യമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com