ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനം റെക്കോർഡ് ധനക്കമ്മിയിൽ. ഇൗ സാമ്പത്തിക വർഷത്തെ ആദ്യ 4 മാസത്തെ കണക്കെടുപ്പിലാണ് സംസ്ഥാനം 112.9% (10,578 കോടി രൂപ) ധനകമ്മിയിലെന്നു കണ്ടെത്തിയത്. വരവിനെക്കാൾ ചെലവു കൂടുന്നതാണു ധനക്കമ്മി. ധനക്കമ്മി 20 ശതമാനത്തിൽ താഴെ നിൽക്കാറാണു പതിവ്. 

സംസ്ഥാന ധനസെക്രട്ടറി ആർ.കെ. സിങ്ങും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസോഷ്യേറ്റ് പ്രഫസർ എൽ. അനിതാകുമാരിയും ചേർന്നു തയാറാക്കിയ സാമ്പത്തിക അവലോകനത്തിൽ ജിഎസ്ടി നഷ്ടപരിഹാരം അടക്കമുള്ള സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് അടിയന്തരമായി കിട്ടിയില്ലെങ്കിൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പു നൽകുന്നു.

സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിലാണ് കോവിഡ് കാരണം ഏറ്റവും വലിയ തിരിച്ചടി: 79.3 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 2803 കോടി പിരിഞ്ഞു കിട്ടിയെങ്കിൽ ഇക്കുറി അത് 581 കോടിയായി താഴ്ന്നു. കോവിഡ് വ്യാപനം കാരണം ലോട്ടറി വിൽപന നിർത്തിവയ്ക്കേണ്ടി വന്നതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. 

റവന്യു വരുമാനത്തിൽ 15.6% കുറവുണ്ടായി. എന്നാൽ, നികുതി ഇതര വരുമാനത്തിൽ കാര്യമായ വർധന ഉണ്ടായതാണു പ്രതിസന്ധിക്കാലത്തും സർക്കാരിനെ പിടിച്ചു നിർത്തിയത്. റവന്യു കമ്മി കുറയ്ക്കാൻ 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേന്ദ്രം നൽകിയ ഗ്രാന്റ് ആണ് നികുതി ഇതര വരുമാനം വർധിക്കാൻ മുഖ്യ കാരണം.

റവന്യു കമ്മി 138.9 ശതമാനമാണ്: 9,877 കോടി രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 6383 കോടി അധികം. പ്രതിസന്ധി മൂലം സർക്കാർ നടത്തിയ കടമെടുപ്പാണ് ഇൗ വർധനയ്ക്കു കാരണം. സർക്കാരിന്റെ ആകെ ബാധ്യതയിൽ 52% വർധനയുണ്ടായി. ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ആദ്യ 4 മാസം 7342 കോടിയായിരുന്നത് ഇത്തവണ 4779 കോടിയായി താഴ്ന്നു. 

എന്നാൽ, പണമില്ലാത്തതിനാൽ മറ്റു പല സംസ്ഥാനങ്ങളും ദൈനംദിന ചെലവുകളും പദ്ധതികൾക്കു വേണ്ടിയുള്ള ചെലവിടലും കുറച്ചപ്പോൾ കേരളം നേരേമറിച്ചാണു ചിന്തിച്ചത്. ഒട്ടേറെ ധനസഹായങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന്റെ ഫലമായി റവന്യു ചെലവ് 16% വർധിച്ചു. മൂലധന ചെലവും 21 ശതമാനമായി ഉയർന്നു. ജനങ്ങൾക്കു നൽകുന്ന സബ്സിഡിക്കായുള്ള ചെലവിൽ 36.3% വർധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com