ADVERTISEMENT

സവാളയ്ക്കും ചുവന്ന ഉള്ളിക്കും (ചെറിയ ഉള്ളി) രാജ്യമാകെ വില ഉയരുകയാണ്. കേന്ദ്രം കയറ്റുമതി നിരോധിക്കുകയും വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ആരംഭിക്കുകയും ചെയ്തിട്ടും വില താഴുന്നില്ല.

കാരണം

മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴ മൂലം വിളയും ശേഖരവും നശിച്ചു. രാജ്യത്തെ സവാള ഉൽപാദനത്തിന്റെ 60% നടക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ 65,000 ഹെക്ടറിലെ വിളവിൽവിളവിൽ പാതിയും ശേഖരത്തിലെ ഒരു ഭാഗവും നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ നാസിക് ലസൽഗാവിൽ വില കിലോഗ്രാമിന് 70 രൂപയെത്തി. ചില്ലറവില 80 രൂപ.

100 കടന്നു  കേരളത്തിലും

എറണാകുളം പച്ചക്കറി മൊത്ത വിതരണ മാർക്കറ്റിൽ സവാള വില: കിലോഗ്രാമിന് 72 – 82 രൂപ. ചില്ലറ വില: 85 – 105 രൂപ. ചെറിയ ഉള്ളി മൊത്തവില: 100 – 102 രൂപ. ചില്ലറ വില: 110 – 120 രൂപ. പുണെയിൽ ചില്ലറവില 120 രൂപ, മുംബൈയിലും 100 കടന്നു

വിലക്കയറ്റം തടയാൻ 75 ടൺ സവാള നാഫെഡിൽ നിന്ന് കേരളത്തിലെത്തിച്ച്, കിലോയ്ക്ക് 45 രൂപ നിരക്കിൽ ഹോർട്ടികോർപ് ഔട്‌ലെറ്റുകൾ വഴി വിതരണം ചെയ്യും. ഇതിൽ 25 ടൺ കൊച്ചിയിലെത്തിക്കഴിഞ്ഞു. ഇതു തെക്കൻ ജില്ലകളിലേക്കയയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

വരവു കുറഞ്ഞു

ലസൽഗാവ് മാർക്കറ്റിൽ ഓഗസ്റ്റിൽ പ്രതിദിനം 22,000 ക്വിന്റൽ സവാള എത്തിയിരുന്നത് ഇപ്പോൾ 7000 ക്വിന്റലായി കുറഞ്ഞു. രണ്ടു മാസത്തിനിടെ ഉൽപന്നവരവു മൂന്നിലൊന്നായാണു കുറഞ്ഞത്.

കേരളത്തിലെ മാർക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു.

രണ്ടാഴ്ച; വില ഇരട്ടി

ദിവസവും 10 രൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും വില കൂടുന്നത്. രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയായി. ഈ വർഷം ആദ്യവും സവാളയ്ക്ക് ഇതുപോലെ വില ഉയർന്നിരുന്നു. നാഫെഡ് (ദേശീയ കാർഷിക സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ) വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്താണ് അന്നു പ്രതിസന്ധി പരിഹരിച്ചത്.

40 – 45 രൂപയ്ക്കു നാഫെഡ് മുഖേന സവാള ലഭ്യമാക്കാനാണു ശ്രമം. 10% വേസ്റ്റേജ് വരുമെങ്കിലും ന്യായമായ വിലയ്ക്കു സപ്ലൈകോ വഴി നൽകാനാകും.

ഇറക്കുമതി കൂട്ടുന്നു

വില പിടിച്ചുനിർത്താനായി ഇറക്കുമതി വർധിപ്പിക്കുകയാണ് സർക്കാർ. ഇറാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽനിന്ന് 2,000 ടൺ വിദേശ സവാള ബുധനാഴ്ച മുംബൈ ജെഎൻപിടി തുറമുഖത്ത് എത്തി. 2,900 ടൺ മൂന്നു ദിവസത്തിനകം എത്തും.

ഇൻപുട്സ്:  മനോജ് മാത്യു, ജെറി സെബാസ്റ്റ്യൻ, എസ്.വി.രാജേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com