ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന കാറുകൾ പൂർണമായി ഒഴിവാക്കി, കേരളത്തിലെ സർക്കാർ ഓഫിസുകളിൽ വൈദ്യുതി കാറുകൾ (ഇ–കാറുകൾ) വാടകയ്ക്കെടുക്കുന്നു. കാർബൺ ന്യൂട്രൽ ഗവേണൻസ് പ്രോജക്ടിന്റെ ഭാഗമായി, നവംബർ ആദ്യവാരം 7 ഗവ. ഓഫിസുകൾക്ക് 50 ഇ–കാറുകൾ വാടകയ്ക്കു നൽകും. അനെർട്ടാണ് പദ്ധതിയുടെ നോഡൽ ഏജൻസി. കരാർ വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ ഓടുന്ന പെട്രോൾ–ഡീസൽ കാറുകൾക്കു പകരം ഇ–കാറുകൾ മാത്രം വാടകയ്ക്ക് എടുത്താൽ മതിയെന്നു ധന വകുപ്പ് ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.     കേന്ദ്ര സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡാണ് ഇ–കാറുകൾ അനെർട്ടിന് അനുവദിക്കുക. 

പരീക്ഷണാർഥം, അനെർട്ടിന്റെ 6 ഓഫിസുകളിൽ ഇ–കാറുകൾ വാടകയ്ക്ക് നൽകി.  65 സർക്കാർ സ്ഥാപനങ്ങൾ അനെർട്ടിനെ സമീപിച്ചു. അപേക്ഷ നൽകിയാൽ 20 ദിവസത്തിനുള്ളിൽ ഇ–കാറുകൾ അനെർട്ട് എത്തിക്കും. ഇ–കാറുകൾ ചാർജ് ചെയ്യുന്നതിന്, ദേശീയപാത–സംസ്ഥാന പാത എന്നിവയ്ക്കടുത്തു പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു റജിസ്ട്രേഷൻ ആരംഭിച്ചു.  1000 ചതുരശ്ര അടി സ്ഥലമുള്ളവരെയാണു പരിഗണിക്കുന്നത്.

ചാർജിങ് സ്റ്റേഷൻ

100 കിലോമീറ്ററിനുള്ളിൽ ഒരു ചാർജിങ് സ്റ്റേഷൻ എന്നതാണു ലക്ഷ്യമിടുന്നത്. 15 മുതൽ 1 മണിക്കൂർ വരെയാണ് ചാർജ് ചെയ്യാൻ വേണ്ടി വരുന്നത്.  15 മുതൽ 20 ലക്ഷം വരെ മുതൽ മുടക്കാൻ താൽപര്യമുള്ളവർക്കാണു റജിസ്ട്രേഷനിൽ മുൻഗണന.  സർക്കാർ വകുപ്പിന് സ്ഥലമുണ്ടെങ്കിൽ അവിടെ അനെർട്ടിന്റെ ചെലവിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

വാടകച്ചെലവ് കുറയും

കാർ വാടകയ്ക്കു നൽകുമ്പോൾ സർവീസ് ചാർജായി 2% തുക അനെർട്ടിനു ലഭിക്കും. ടാറ്റാ ടിഗോർ ഇലക്ട്രിക് വെഹിക്കിൾ, ടാറ്റാ നെക്സോൺ ഇലക്ട്രിക് സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ (എസ് യുവി), ഹ്യുണ്ടായ് കോനാ ഇലക്ട്രിക് എസ്‌യുവി എന്നീ കാറുകളാണു നൽകുന്നത്.  12 മുതൽ 25 ലക്ഷം രൂപ വരെയാണു കാറുകളുടെ വില.  22,950, 27,540, 42,840 രൂപ എന്നിങ്ങനെ മാസ വാടക. 

ഇൻഷുറൻസ് തുക അനെർട്ട് അടയ്ക്കും. വൈദ്യുതി കാറുകൾ ഉപയോഗിക്കുമ്പോൾ സർക്കാരിനു വാടകച്ചെലവ് പകുതിയിലേറെ കുറയ്ക്കാനാകുമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com