ADVERTISEMENT

നാലാൾ കൂടുന്ന ഏതു ഗ്രൂപ്പിലോട്ടു ചെന്നാലും നാലാലൊരു നിവൃത്തിയുണ്ടെങ്കിൽ അമേരിക്കൻ ഇലക്‌ഷനെക്കുറിച്ചു നാലു വർത്താനം പറയാതിരിക്കാൻ പറ്റാത്ത സ്ഥിതിയായി.ട്രംപോ, ബൈഡനോ നമ്മളെ ബാധിക്കുന്നില്ലെങ്കിലും ‘ആണുങ്ങളെപ്പോലെ’ നാല് ഡയലോഗ് വീശാതെ രക്ഷയില്ല. നെവാഡ കൂടി പിടിച്ചാൽ...പെൻസിൽവേനിയയിൽ ലീഡ് ചെയ്താൽ, അരിസോന കൂടി കിട്ടിയാൽ...! എത്ര ഇലക്ടറൽ വോട്ടെന്ന് എക്സ്പേർട്ടിനെ പോലെ തട്ടിവിട്ടിരുന്നു. ബൈഡൻ ജയിച്ചിട്ടും ആണ്ടാമുക്കം പഞ്ചായത്ത് വാർഡിലെ ആണ്ടിയുടെ വക അമേരിക്കൻ ഇലക്‌ഷൻ അനാലിസിസ് പോലൊരെണ്ണം അലാസ്കയിൽ പോലും കാണാനൊക്കില്ല.

അതിന്റെ കൂടെ ലേശം ഇലക്‌ഷൻ ജിങ്കോയിസവും (ഹുങ്ക്) ഇറങ്ങിയിട്ടുണ്ട്. സാംപിൾ: ഇന്ത്യയെ നോക്ക്, 130 കോടി ജനം. വോട്ടെണ്ണൽ എട്ടുമണിക്കു തുടങ്ങിയാൽ പത്തരയ്ക്കറിയാം ആരു ജയിച്ചെന്ന്...ഛായ് അമേരിക്ക ഇതെന്തുവാടേയ്...!
ഇനി അമേരിക്കൻ ബിസിനസ് പറയാം. അമേരിക്ക ഇന്ത്യയെപ്പോലെ ‘കേന്ദ്രം’ എല്ലാം തീരുമാനിക്കുന്ന നാടല്ല. അവിടെ കേന്ദ്ര ഇലക്‌ഷൻ കമ്മിഷനുമില്ല. ഫെഡറൽ സ്വാതന്ത്ര്യം കൂടുതലാണ്. അവിടെ ജിഎസ്ടി എന്ന ഒറ്റ നികുതിയല്ല, പല സംസ്ഥാനങ്ങളിലും പല നികുതി. പലേടത്തും പല ചട്ടവട്ടങ്ങളാണ്. ബിസിനസിന് ഇതു ഗുണപ്രദമാകുന്നു.

അവിടെ വ്യവസായ നിക്ഷേപവും വൻകിട പദ്ധതികളും കിട്ടാൻ സംസ്ഥാനങ്ങൾ തമ്മിൽ മൽസരമാണ്. ഇങ്ങോട്ടു വാ, നികുതി ഇളവ് തരാം, കാശ് മില്യൻ കണക്കിന് അങ്ങോട്ടു തരാം. ഉദാ–സൗത്ത് കാരലൈന സംസ്ഥാനം ബിഎംഡബ്ല്യു, വോൾവോ,ബോയിങ് കമ്പനികളെ കൊണ്ടുവരാൻ നികുതി ഇളവു നൽകി. ഇത്തരം വൻകിടക്കാർ വന്ന് ഫാക്ടറികൾ സ്ഥാപിച്ചതോടെ അനുബന്ധ വ്യവസായങ്ങളുടെ പെരളിയായി. ബിഎംഡബ്ല്യുവിനു വേണ്ട പാർട്ടുകൾ ഉണ്ടാക്കാൻ ജർമൻ കമ്പനികളും വന്നു. ബോയിങ്ങിന്റെ 787 ഡ്രീംലൈനർ നിർമിക്കുന്ന പ്ലാന്റ് അവിടെയാണെന്നു പറയുമ്പോൾ ഊഹിക്കുക.

ടാക്സ് ബ്രേക്ക് കൊടുക്കുന്നതു നഷ്ടമാണെന്നു വിമർശകർ പറയും. അതു കൊടുത്തതുകൊണ്ടാണ് ഈ കമ്പനികൾ വന്നതു തന്നെ. വന്നു കഴിഞ്ഞാൽ കനത്ത ശമ്പളത്തിൽ അവിടെ ജോലി ചെയ്യുന്നവരിൽനിന്ന് സർവതിനും നികുതി ഈടാക്കാം. സ്റ്റേറ്റ് ആദായ നികുതി, വീട്ടുകരം, വസ്തുക്കരം, വാഹനനികുതി, സാധനങ്ങൾക്കു വിൽപനനികുതി, തൊഴിൽ നികുതി....സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ മാറുന്നു. ബോയിങ് പോലെ ഒരു കമ്പനി പോരേ സംസ്ഥാനം രക്ഷപ്പെടാൻ! ബോയിങ് വന്നില്ലെങ്കിലും പണ്ട്, വിമാന എൻജിനുണ്ടാക്കുന്ന പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ അറ്റകുറ്റപ്പണി ന‍ടത്താനുള്ള പദ്ധതിയുമായി കേരളത്തിലേക്കു വന്നപ്പോൾ ഓടിച്ചുവിട്ട ചരിത്രം നമുക്കുണ്ട്.

ഒടുവിലാൻ∙ ആമസോൺ രണ്ടാം ആസ്ഥാനം ന്യൂയോർക്കിൽ സ്ഥാപിക്കാൻ വന്നപ്പോൾ നികുതിയിളവു നൽകുന്നതിനോടു ഭയങ്കര എതിർപ്പായിരുന്നു. ആമസോൺ സ്ഥലംവിട്ടു. അവിടെയുമുണ്ട് നമ്മുടെ അതേ ‘സുബാവം’ ഉള്ളവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com