കരിമ്പിൻ ചണ്ടിയിൽനിന്ന് കപ്പും കാശും

Mail This Article
ഉപയോഗിച്ച ശേഷം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്ന സാധനമാകുന്നു ചണ്ടി. ആളുകളെ ഉപയോഗിച്ചു ചണ്ടിയാക്കി വലിച്ചെറിഞ്ഞു എന്നു സാഹിത്യത്തിൽ പറയും. ഉത്സവ പറമ്പുകളിൽ ജനം ചവച്ചു പഞ്ചാരനീര് ഊറ്റി കുടിച്ചശേഷം കളഞ്ഞ കരിമ്പിൻചണ്ടി എവിടെയും കാണാം. പക്ഷേ കരിമ്പിൻ ചണ്ടി വൻ ബിസിനസ് അവസരം ഉണ്ടാക്കുമെന്നു കണ്ടുപിടിച്ചിരിക്കുകയാണ്.
കരിമ്പിൽ വെറും 10% മാത്രമാകുന്നു പഞ്ചസാര. ബാക്കിയുള്ള ഭാഗമാണ് ചണ്ടി. മണ്ണിൽ വീണു ദ്രവിക്കാത്തതിനാൽ പ്ലാസ്റ്റിക് ലോകമാകെ വെറുക്കപ്പെട്ടവനായി മാറിയ കാലത്ത് മണ്ണിലിട്ടാൽ ദ്രവിക്കുന്ന സാധനങ്ങൾക്കു വേണ്ടി പരക്കംപാച്ചിൽ തുടങ്ങിയിട്ടു കാലമേറെയായി. പലതും വന്നെങ്കിലും ക്ലച്ച് പിടിച്ചില്ല. അപ്പോഴാണ് ചണ്ടി ഉപയോഗിച്ച് കപ്പും സോസറും പാത്രവും സ്ട്രോയും കരണ്ടിയുമെല്ലാം ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചത്.
ചണ്ടി മാത്രം ഉപയോഗിച്ച് കപ്പുണ്ടാക്കി അതിൽ കാപ്പി ഒഴിച്ചപ്പോൾ കപ്പ് അലിഞ്ഞുപോയി. ചണ്ടിയുടെ നാരുകൾക്കു ബലം പോരാ. ചണ്ടിയുടെ പൾപ്പിന്റെ കൂടെ വേറൊരു പൾപ്പ് ചേർത്തപ്പോൾ സ്ട്രോങ്. തിളച്ച എണ്ണ ഒഴിച്ചാലും അലിയില്ല. ആ പുതിയ പൾപ്പ് ഏതെന്നതിലാണ് നമ്മുടെ ചാൻസ് കിടക്കുന്നത്. വെറും ബാംബൂ പൾപ്പ്. മുള! നാട്ടിൽ സുലഭമായ സാധനം.
കരിമ്പിൻ ചണ്ടി പൾപ്പും മുളയുടെ പൾപ്പും ചേർന്ന മിശ്രിതം ഉപയോഗിച്ച് ഉണ്ടാക്കിയ കപ്പും പ്ലേറ്റുമെല്ലാം ഹിറ്റ്. തിളച്ച വെള്ളം ഒഴിച്ചിട്ടും കുഴപ്പമില്ല. എന്നുവച്ച് കപ്പ് അനശ്വരമായിരിക്കണമെന്നു നിർബന്ധം പിടിക്കരുത്. ദ്രവിക്കും. ദ്രവിക്കാതെ നിൽക്കുന്നു എന്നതാണല്ലോ പ്ലാസ്റ്റിക്കിന്റെ അയോഗ്യത. ചണ്ടിയും മുളയും കൊണ്ടുണ്ടാക്കിയ കപ്പ് കുഴിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു മാന്തിയെടുത്തു നോക്കിയപ്പോൾ ദ്രവിച്ചിട്ടുണ്ട്. ബയോ ഡീഗ്രേഡബിൾ!
ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനീയർ ഷൂ ഹോംഗ്ളിയാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഒരു ടൺ ഉൽപാദനത്തിന് 2333 ഡോളർ (ഒന്നേമുക്കാൽ ലക്ഷം രൂപ) വരുമെന്നാണ് അവരുടെ കണക്ക്. നമ്മൾ ലോക്കലായി ഉണ്ടാക്കിയാൽ ചെലവു പാതിപോലും വരില്ല. അവർ പേറ്റന്റ് എടുക്കുമായിരിക്കും. നമുക്കും കരിമ്പിൻ ചണ്ടിയും മുളയും ഇഷ്ടം പോലെ ഇവിടെയുള്ളതിനാൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. നമുക്കും കിട്ടും പേറ്റന്റ്. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചണ്ടി...
ഒടുവിലാൻ∙ബയോഡീഗ്രേഡബിൾ വൻ യോഗ്യതയാണ്. കേടാകുന്നതാണു മെച്ചം, കേടാകാത്തതല്ല. ഓർഗാനിക് എന്നു കേട്ടാൽ ഒന്നും മനസിലായില്ലെങ്കിലും ആരും തലകുലുക്കി സമ്മതിക്കും. ദൈവമേന്നു വിളിക്കും പോലെ ജൈവമേ...!