ന്യൂഡൽഹി ∙ കോവിഡിനെതിരെ രാജ്യത്തു വാക്സീൻ കുത്തിവയ്പ് ആരംഭിക്കാനിരിക്കെ, അതിന്റെ പേരിൽ തട്ടിപ്പുകളും തുടങ്ങി. വാക്സീൻ വിതരണം സർക്കാർ സംവിധാനത്തിലൂടെ മാത്രമാണെന്നു നിരന്തരം ഓർമപ്പെടുത്തിയിട്ടും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി ഇതിനകം പലർക്കും പണം നഷ്ടമായി. ആരോഗ്യപ്രവർത്തകർ, പൊലീസ്, സേന, ശുചീകരണ തൊഴിലാളികൾ തുടങ്ങി 3 കോടി പേർക്കു മാത്രമാണു തുടക്കത്തിൽ വാക്സീൻ നൽകുന്നത്. ഇതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു നടപടിക്രമമുണ്ട്. വാക്സീൻ തട്ടിപ്പു കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി ഇന്റർപോൾ ഓറഞ്ച് നോട്ടിസ് പുറത്തിറക്കിയിരുന്നു.
വ്യാജ ഫോൺ കോൾ
ഇന്ത്യയിൽ വാക്സീന് അനുമതി നൽകും മുൻപ് തട്ടിപ്പുകാർ സജീവമായി എന്നു തെളിയിക്കുന്നതാണ് ഭോപാലിൽ റജിസ്റ്റർ ചെയ്ത കേസ്. ആരോഗ്യമന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഫോൺകോൾ ആയിരുന്നു സംഭവം. വാക്സീൻ ലഭിക്കാൻ 500 രൂപ ഫീസ് അടയ്ക്കുക, മൊബൈലിൽ തങ്ങൾ പറയുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ഫോണിൽ ലഭ്യമാകുന്ന ഒടിപി പറയുകയോ ചെയ്യുക എന്നിങ്ങനെയാണു നിർദേശങ്ങൾ. ഇത് അനുസരിച്ചാൽ അക്കൗണ്ടിലുള്ള പണം നഷ്ടമാകും.
വ്യാജ ആപ്
ഇന്ത്യയിലെ കോവിഡ് വിതരണത്തിന്റെ ആണിക്കല്ലാണ് കോവിൻ പ്ലാറ്റ്ഫോം. ഇതേ പേരിൽ മൊബൈൽ ആപ്ലിക്കേഷനുമുണ്ട്. നിലവിൽ ഇതു സാധാരണക്കാർക്ക് ഉള്ളതല്ല. സർക്കാരിന്റെ വാക്സീൻ വിതരണ പ്രവർത്തനങ്ങളുടെ ഭാഗമായ ഉദ്യോഗസ്ഥർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക. എന്നാൽ, ഇതിനു സമാനമായ പേരുകളിൽ മൊബൈൽ ആപ്ലിക്കേഷനുകൾ ആപ് സ്റ്റോറുകളിൽ ലഭ്യമാണ്. സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യാൻ രൂപപ്പെടുത്തിയ ആപ്പുകൾ പോലും ഈ കൂട്ടത്തിലുണ്ട്.
വ്യാജ വാക്സീൻ
കോവിഡ് വാക്സീൻ എന്ന പേരിൽ വ്യാജ മരുന്നുകൾ വിൽക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സീൻ നൽകാമെന്ന പരസ്യവും ഫോൺനമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.