ADVERTISEMENT

കൊച്ചി∙ ടൂറിസം രംഗത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ സിജിഎച്ച് എർത്ത് ആഗോള വളർച്ച ലക്ഷ്യമിട്ട് പ്രൈവറ്റ് ഇക്വിറ്റി തേടുന്നു. വിൽക്കുകയല്ല; ഓഹരിയുടെ ഒരു ഭാഗം വൻകിട പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പിനു നൽകി പുതിയ പദ്ധതികൾക്കു മൂലധനം സ്വരൂപിക്കുകയാണ്.ഈ ദൗത്യം ഏൽപിച്ചിട്ടുള്ള മർച്ചന്റ് ബാങ്ക് ആദ്യ പടിയായി സിജിഎച്ച് എർത്തിന്റെ മൂല്യം നിർണയിക്കാനുള്ള (വാല്യുവേഷൻ) നടപടികൾ ആരംഭിച്ചു. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വിപണിവില മാത്രമല്ല ബ്രാൻഡ് മൂല്യവും സേവന മൂല്യവുമെല്ലാം ഇതിലുൾപ്പെടും. ഇതിനു ശേഷമാവും എത്ര ഓഹരി പുറത്തു കൊടുക്കണമെന്നും എത്ര മൂലധനം സ്വരൂപിക്കണമെന്നും തീരുമാനിക്കുകയെന്ന് സിജിഎച്ച് എർത്ത് സഹ സ്ഥാപകനും ഡയറക്ടറുമായ ജോസ് ഡൊമിനിക് അറിയിച്ചു.

കുരുവിനാക്കുന്നേൽ കുടുംബത്തിനാണ് ഇപ്പോഴും ഉടമസ്ഥത. ജോസ് ഡൊമിനിക്കിന്റെ പിതാവ് ഡൊമിനിക് ജോസഫ് ആണ് 1957ൽ കൊച്ചിയിൽ കസിനോ റസ്റ്ററന്റ് ആരംഭിച്ചത്. 1967ൽ അതു ഹോട്ടലായി. പിന്നീട് കസിനോ ഗ്രൂപ്പിന്റേതായി കുമരകവും മാരാരിക്കുളവും ഉൾപ്പടെ ഒട്ടേറെ കേന്ദ്രങ്ങളിൽ റിസോർട്ടുകൾ വന്നു. ഉത്തരവാദിത്ത ടൂറിസം മുഖമുദ്രയാക്കിയതോടെ പരിസ്ഥിതിക്കും റിസോർട്ട് സ്ഥിതി ചെയ്യുന്ന നാട്ടിലെ സമൂഹത്തിനും ഗുണകരമാകണമെന്ന നയം സ്വീകരിച്ചു. അങ്ങനെയാണ് കസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നതിനൊപ്പം എർത്ത് (ഭൂമി) എന്നു കൂടിച്ചേർത്ത് പേരിൽ മാറ്റം വരുത്തിയത്.

സിജിഎച്ച് എന്നാൽ ഇപ്പോൾ ‘ക്ലീൻ, ഗ്രീൻ, ഹെൽത്തി’ എന്നാണ് അർഥമെന്ന്  ജോസ് ഡൊമിനിക് പറയുന്നു. നിലവിൽ കേരളത്തിലും തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 20 ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. 12 എണ്ണം നേരിട്ടുള്ള ഉടമസ്ഥതയിലും ബാക്കി പാട്ടത്തിനെടുത്തതും  നടത്തുന്നു. ഇനി ആഗോളതലത്തിൽ വ്യാപിക്കുകയാണ് സ്വാഭാവിക വളർച്ച. അതിനാൽ ഗ്രൂപ്പ് വിൽക്കുകയല്ല വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com