ADVERTISEMENT

കൊച്ചി∙ സ്വർണത്തിന്റെ കസ്റ്റംസ് നികുതി കുറച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെയും സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ബജറ്റ് ദിവസം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. പുതുക്കിയ കസ്റ്റംസ് നികുതി പ്രാബല്യത്തിലായതിനാൽ ഇനിയും ചെറിയ തോതിൽ വില കുറയാനുള്ള സാധ്യതയുണ്ട്. അതേസമയം 12.5 ശതമാനം നികുതി കൊടുത്ത് ഇറക്കുമതി ചെയ്ത സ്വർണമാണ് ഇപ്പോൾ വ്യാപാരികളുടെ പക്കലുള്ളത്.

10.75 ശതമാനമെന്ന പുതുക്കിയ നികുതി (കസ്റ്റംസ് നികുതിയും സെസും ഉൾപ്പെടെ) നൽകി ഇറക്കുമതി ചെയ്ത സ്വർണം ആഭരണമായി വിപണിയിലെത്തുമ്പോഴും ആനുപാതിക വിലക്കുറവ് പ്രതീക്ഷിക്കാം. ഒരു കിലോഗ്രാം, 24 കാരറ്റ് തങ്കക്കട്ടി ഇറക്കുമതി ചെയ്യുമ്പോൾ 110000 രൂപയുടെ നികുതിയിളവാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ഇറക്കുമതിക്ക് ഏതാണ്ട് 45 ലക്ഷം രൂപയാണു വില. അതേസമയം കട്ട് ചെയ്ത, പോളിഷ്ഡ് സ്റ്റോണുകളുടെ നികുതിയിൽ 5, 7.5 ശതമാനം വർധനയും ബജറ്റിൽ വരുത്തിയിട്ടുണ്ട്. കല്ലുകളുടെ വിലയിൽ നേരിയ വർധന ഉണ്ടാകും.

കള്ളക്കടത്ത് കുറയില്ല?

കൊച്ചി∙ സ്വർണം, വെള്ളി ഇറക്കുമതി തീരുവ 12.50 ശതമാനത്തിൽ നിന്ന് 7.5% ആക്കിയതു സ്വർണക്കള്ളക്കടത്തു കുറയ്ക്കില്ലെന്നു വിലയിരുത്തൽ. 2.5% കൃഷി സെസ്, 0.75% സാമൂഹികക്ഷേമ സർചാർജ് എന്നിവയടക്കം തീരുവ ഫലത്തിൽ 10.75% ആകും.

നിലവിൽ ഒരു കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയാൽ, ചെലവുകളെല്ലാം കഴിച്ച് 4 ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്. ഇത്, 3.5 ലക്ഷത്തോളം രൂപയാകുമെന്നാണു കരുതുന്നത്. ഇതിനപ്പുറം കള്ളക്കടത്തിന്റെ തോത് കുറയില്ലെന്നും 10% തീരുവയുണ്ടായിരുന്നപ്പോഴും വൻ തോതിൽ സ്വർണക്കടത്തുണ്ടായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള  ഹവാല ഇടപാടുകൾക്കു സ്വർണക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്നതും കാരണമായി ചൂണ്ടിക്കാട്ടുന്നു. ഹവാലപ്പണം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രധാന വഴിയാണു സ്വർണക്കടത്ത്. മുതൽമുടക്കായി ഹവാലപ്പണവും കിലോയ്ക്കു 3.5 ലക്ഷം രൂപ ലാഭവും ഉറപ്പുള്ളപ്പോൾ സ്വർണക്കടത്തുകാർ പിന്മാറില്ലെന്നാണു വിലയിരുത്തൽ.

മദ്യം: വില വ്യത്യാസമില്ല

കൊച്ചി∙ ബജറ്റ് നിർദേശം പ്രാബല്യത്തിൽ വന്നാലും ഇറക്കുമതി ചെയ്യുന്ന വിദേശനിർമിത വിദേശമദ്യത്തിനു വിലവ്യത്യാസമുണ്ടാകില്ല. നിലവിൽ 150% ആണു കസ്റ്റംസ് തീരുവ. ഇത് 50% തീരുവ, 100% സെസ് എന്ന നിലയിലേക്കു മാറിയെന്നു മാത്രമേയുള്ളുവെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com