കേരളത്തിലും ഫ്രഞ്ച് നിക്ഷേപത്തിനുള്ള സാധ്യതകൾ തേടും: കോൺസൽ ജനറൽ

lise-talbot-barre-arif-mohammad-khan
ഫ്രാൻസിന്റെ ദക്ഷിണേന്ത്യയിലെ കോൺസൽ ജനറൽ ലീസ് താൽബോ ബാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചപ്പോൾ
SHARE

തിരുവനന്തപുരം∙ കേരളത്തിലും ഫ്രഞ്ച് നിക്ഷേപത്തിനുള്ള സാധ്യതകൾ തേടുമെന്നു ഫ്രാൻസിന്റെ ദക്ഷിണേന്ത്യയിലെ കോൺസൽ ജനറൽ ലീസ് താൽബോ ബാരെ. അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പടെ തിരുവനന്തപുരവുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്നും അവർ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ബാരെ.

‘ചെന്നൈയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ ഫ്രഞ്ച് നിക്ഷേപക സംഗമം വിജയമായിരുന്നു. തമിഴ്നാട്ടിലെ നിക്ഷേപ സംരഭങ്ങൾക്കായി കരാർ ഒപ്പ് വയ്ക്കുകയും ചെയ്തു. കേരളത്തിലും ഇത്തരത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ താൽപര്യമുണ്ട്. സഹകരിക്കാവുന്ന മേഖലകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പിനു ശേഷം സർക്കാരുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു. കൊച്ചി നഗരസഭയുടെ സ്മാർട് സിറ്റി പദ്ധതിയിൽ ഫ്രാൻസ് സഹകരണമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയറെ കണ്ടു ചർച്ച നടത്തിയിരുന്നു. സാംസ്കാരിക വിനിമയം കൂടുതൽ സജീവമാക്കാനും ലക്ഷ്യമിടുന്നു. തിരുവനന്തപുരം ഭാരത് ഭവനുമായി നിലവിൽ സഹകരണമുണ്ട്. പോണ്ടിച്ചേരിയിൽ നടക്കുന്ന ഫ്രഞ്ച് സാംസ്കാരിക മേളയായ ഫ്രാങ്കോഫോണീസ് ഫെസ്റ്റിവൽ ഈ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്തും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ച് പൗരൻമാർ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുപോകാൻ നൽകിയ സഹകരണത്തിനു നന്ദി പറയാൻ കൂടിയാണ് ഈ സന്ദർശനം. കോവിഡിന് മുൻപ് ഫ്രാൻസിൽ നിന്ന് പ്രതിവർഷം ഒരു ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് കേരളത്തിൽ എത്തിയിരുന്നത്. 

കോവിഡ് സാഹചര്യം കേരളത്തിലേതു പോലെ ഫ്രാൻസിലും തുടരുകയാണ്. എങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ അവിടെ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർഥികൾ മടങ്ങിയെത്തി. ഇന്ത്യയിൽ നിന്ന് 2019ൽ 18,500 വിദ്യാർഥികൾക്കാണ് ഫ്രാൻസിൽ പഠിക്കാൻ വീസ നൽകിയത്. ഇതിൽ നല്ലൊരു പങ്ക് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നാണ്. കോവിഡ് സാഹചര്യത്തിലും കഴിഞ്ഞ വർഷം മൂവായിരത്തോളം വിദ്യാർഥികൾ വീസ നേടി’- ബാരെ പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയ ബാരെ നിയമസഭ മന്ദിരം, ഐഎസ്ആർഒ എന്നിവിടങ്ങളും സന്ദർശിച്ചു.

English Summary: Lise Talbot Barre visits Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA