ADVERTISEMENT

രക്ഷപ്പെടാൻ വഴികളില്ലാതെ നിൽക്കുന്നവന്റെ മുൻപിൽ ഒരു വഴി തുറന്നുകിട്ടിയ അവസ്ഥയിലാണ് ലോകവും ഇന്ത്യയും. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന ലോകത്തിന് വാക്സീനുകൾ നൽകുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. വാക്സീൻ സ്വീകരിച്ചതിന്റെ ധൈര്യമല്ല, വാക്സീൻ ഉണ്ട് എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിപണിയെ മുൻപോട്ടു നയിക്കുന്നത്. ആ പ്രതീക്ഷ പോലും വിപണിക്കു കുതിപ്പേകുന്നു. 

2020 ൽ ലോകത്തിലെ തൊഴിൽസമയത്തിന്റെ 8.8% കോവിഡ്മൂലം നഷ്ടമായെന്നാണ് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നത്. ഈ സമയനഷ്ടം മൂലമുണ്ടായ സാമ്പത്തിക നഷ്ടം 3.7 ട്രില്യൻ യുഎസ് ഡോളറാണെന്നാണ് രാജ്യാന്തര തൊഴിൽ സംഘടനയുടെ കണക്ക്. ഈ സാമ്പകത്തിക നഷ്ടം വിപണിയിൽ വരുത്തിയ ആഘാതം ചില്ലറയല്ല. തൊഴിൽ നഷ്ടവും ഉൽപാദനക്കുറവും ആളുകളുടെ ക്രയശേഷി കുറഞ്ഞതുമെല്ലാം വിപണിയെ ബാധിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 50 ശതമാനവും സേവന മേഖലയിൽ നിന്നാണ്. ആരോഗ്യ മേഖലയ്ക്കും മറ്റും വാക്സീൻ പൂർണമായും ലഭ്യമാകുന്നതോടെതന്നെ വിപണി തിരിച്ചുവരവിന്റെ ശക്തമായ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യയിൽ ട്രാവൽ ആൻഡ് ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളെയാണ് കോവിഡ് ഏറ്റവും ദോഷകരമായി ബാധിച്ചത്.  പഴയ അവസ്ഥയിൽ എത്തിയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ഈ മേഖലകൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഉൽപാദന മേഖലയിലും കയറ്റുമതിയിലുമെല്ലാം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇന്ത്യൻ ജിഡിപിയിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 9.4% ഇടിവുണ്ടാകുമെന്നാണ് റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ പ്രവചനം. അവരുടെ മുൻ പ്രവചനത്തെക്കാൾ 1.1% മെച്ചപ്പെട്ട പ്രകടനമാണിത്. ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്ന സൂചനകളാണ് പുറത്തുവരുന്നത്. 2022 ൽ ഇന്ത്യ 11% വളർച്ച നേടുമെന്നും ഫിച്ച് പ്രവചിക്കുന്നു.  11% എന്ന അദ്ഭുത സംഖ്യയ്ക്കു കാരണമുണ്ട്. 2020–21 ൽ അത്രമേൽ താഴ്ന്ന സമ്പദ്‌വ്യവസ്ഥയുമായാണ് താരതമ്യം. തൊട്ടുമുൻപിലെ മികച്ച വർഷങ്ങളുമായി താരതമ്യം ചെയ്താൽ വളർച്ച 2 ശതമാനത്തിൽ താഴെ മാത്രമേ വരൂ. പക്ഷേ, നിലവിലെ സാഹചര്യത്തിൽ അത് അത്ര മോശം കാര്യമല്ല. 

ചുരുങ്ങിയ കാലംകൊണ്ട്, ഇന്ത്യ കണക്കുകൂട്ടുന്നതുപോലെ ജനങ്ങൾക്കു വാക്സീൻ നൽകാൻ സാധിച്ചാൽ നേട്ടങ്ങൾ അകലെയാവില്ല. ഡിസംബറോടെ വാക്സീൻ പൊതുവിപണിയിൽ എത്താനും സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com