ADVERTISEMENT

റെ കൊട്ടിഘോഷിച്ചാണ് നീര പാനീയം കുപ്പിയിലാക്കി വിൽക്കുന്ന പദ്ധതി തുടങ്ങിയത്. സർക്കാരിന്റെ വാക്കു വിശ്വസിച്ച് നീര ഉൽപാദനത്തിന് 29 കമ്പനികൾ മുന്നോട്ടു വന്നു.  53 കോടി രൂപ കർഷകരിൽനിന്ന് ഓഹരിയായി സമാഹരിച്ചു. പക്ഷേ, നീരയ്ക്കു വേണ്ടി ചോരനീരാക്കി പരിശ്രമിച്ച നാളികേര കർഷകർക്കെല്ലാം കടംകയറിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. നീര കമ്പനി തുടങ്ങിയവരുടെ സ്ഥിതി ഇന്നു പരിതാപകരം. എന്താണ് നീരയ്ക്കു സംഭവിച്ചതെന്ന് അന്വേഷിക്കുന്നു.

കൊച്ചി∙ ‘വർഷം 50,000 കോടി രൂപ വിറ്റുവരവ്, കുപ്പികളിലോ ടെട്രാപാക്കുകളിലോ 20 രൂപയ്ക്കു കിയോസ്കുകളിലൂടെ വിപണനം’...സർക്കാരിൽ നിന്നു നീരയെക്കുറിച്ച് കേട്ട വായ്ത്താരികളാണ്. കർഷകരേ വരൂ, നീര ഫാക്ടറികൾ തുടങ്ങൂ.. എന്ന ആഹ്വാനം കേട്ട് പാവം കർഷകരിൽ നിന്ന് ഓഹരി പിരിച്ചു തുടങ്ങിയ നീര കമ്പനികളെല്ലാം പൂട്ടി. 

കർഷകരുടെ പണം തിരികെ കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കമ്പനി ഭാരവാഹികൾ. നീര ഉൽപാദിപ്പിക്കാൻ 29 കമ്പനികളാണു കേരളത്തിൽ മുന്നോട്ടു വന്നത്. ഈ കമ്പനികളെല്ലാം ചേർന്ന് 103 കോടി രൂപ മുതൽമുടക്കി. അതിൽ 53 കോടിയാണു കർഷകരിൽ നിന്ന് ഓഹരി സമാഹരിച്ചത്. കെഎഫ്സിയിൽ നിന്നു കടമെടുത്തത് 17 കോടി. നീരയ്ക്കു വേണ്ടി ചോരനീരാക്കി പരിശ്രമിച്ച നാളികേര കർഷകർക്കെല്ലാം കടംകേറിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ചിലർ വെളിച്ചെണ്ണ, കയർ വ്യവസായങ്ങളിലേക്കു മാറി.

ഭരണകക്ഷിക്കു താൽപര്യം കള്ളിനോട്

ടെട്രാപാക്കിൽ നീര നൽകിയാൽ ഏറ്റെടുക്കാൻ പാർലെ പോലുള്ള വൻകിട ശീതളപാനീയ കമ്പനികൾ തയാറായിരുന്നു. പക്ഷേ ടെട്രാപാക്കുകൾ ഉണ്ടാക്കാനുള്ള പ്ലാന്റിനു സഹായധനം ലഭിക്കാൻ കൃഷി വകുപ്പ് അനുമതി നൽകിയില്ല. 2 വർഷമായി അതിനുള്ള അപേക്ഷ കെട്ടിക്കിടക്കുകയാണ്. 

നീര ഉൽപാദന കമ്പനികളുടെ കൺസോർഷ്യത്തിന് ഈ അനുമതി കിട്ടിയിരുന്നെങ്കിൽ ടെട്രാപാക്ക് പ്ലാന്റ് സ്ഥാപിക്കാൻ കിഫ്ബിയിൽ നിന്ന് 18 കോടി വായ്പ നൽകാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാഗ്ദാനം നൽകിയിരുന്നു. 6 കോടി കേന്ദ്രസബ്സിഡിയും കിട്ടും. 25 കോടിയാണ് ഫാക്ടറി സ്ഥാപിക്കാൻ ചെലവ്. കൃഷി വകുപ്പിൽ നിന്ന് അനുമതി ഉത്തരവ് പ്രതീക്ഷിക്കേണ്ടെന്ന് അനൗപചാരികമായി അറിയിച്ചിരുന്നു. കാരണം ഇത്രമാത്രം– ഭരണ കക്ഷികൾക്ക് നീരയോട് താൽപര്യമില്ല, കള്ള് വ്യവസായത്തോടാണു താൽപര്യം. നീര വളരുന്നത് കള്ള് വ്യവസായത്തിന് എതിരാകുമെന്ന് അവർ കരുതുന്നു.

നീര വേഗം പുളിച്ച് മധുരക്കള്ളായി മാറുകയും ചെയ്യും. അങ്ങനെ കിട്ടുന്ന മധുരക്കള്ള് കള്ള്ഷാപ്പ് കരാറുകാർക്ക് വിൽക്കാൻ അനുമതിയില്ല. നീരയിൽ നിന്ന് വൈനും വിനാഗിരിയും ഉണ്ടാക്കുകയാണ് ശ്രീലങ്കയും ഫിലിപ്പീൻസും ചെയ്യുന്നത്. ഇവിടെ അതിനും സാധിക്കില്ല. 

മുഖത്ത് നോക്കാനാകാതെ

സ്വകാര്യ സംരംഭകരല്ല നീരയുമായി ഇറങ്ങിത്തിരിച്ചത്. നാളികേര കർഷകരാണ്. അവരിൽ നിന്നു തന്നെ കമ്പനി ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും സജീവമായിരുന്ന 12 കമ്പനികളിൽ തന്നെ 120 ഡയറക്ടർമാരുണ്ട്. മിക്കവരും 65 വയസ്സ് കഴിഞ്ഞ കർഷകർ. സമൂഹത്തിൽ മാന്യമായ സ്ഥാനമുള്ള അവർക്ക് വയസ്സുകാലത്ത് ഓഹരി പിരിവ് നൽകിയ കർഷകരെ അഭിമുഖീകരിക്കാൻ കഴിയാതായി എന്നതാണ് നീരയുടെ ദുരന്തം.

നാളെ: താങ്ങിയവരെല്ലാം തഴഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com