ADVERTISEMENT

കൊച്ചി∙ പെട്രോളും ഡീസലും ചരക്കു,സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവന്നു വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി നിർമല സീതാരാമനും നൽകുന്നുമുണ്ട്. പെട്രോളിന് ജിഎസ്ടി വന്നാൽ വില കുറയുമോ? കുറഞ്ഞാൽ എത്രവരെ? പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിലാക്കുക പ്രായോഗികമാണോ? എന്നാൽ വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്കുണ്ടാകുക. പുതിയ നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കുന്നതും ഇതുകൊണ്ട് തന്നെ .കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതിയാണ്.

വില കുറയുമോ?

വിവിധ സാധ്യതകൾ:

∙ 28 ശതമാനം ജിഎസ്ടി

നിലവിൽ 5%,12%,28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്ന നിരക്കുകൾ (സ്ലാബുകൾ). ഇവയിൽ ഏതെങ്കിലും ഒരു സ്ലാബിലാണ് പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നതെങ്കിൽ വില കുറയാം. ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നതെങ്കിൽ വില എങ്ങനെയാകുമെന്നു നോക്കാം.

അടിസ്ഥാന വില – 32 രൂപ (ഫെബ്രുവരി 16 ലെ വില അനുസരിച്ച്)
ജിഎസ്ടി – 28 ശതമാനം
പെട്രോളിന്റെ ജിഎസ്ടി (32 രൂപയുടെ 28 ശതമാനം)– 8.96 രൂപ.
ഡീലർമാരുടെ കമ്മിഷനും ട്രാൻസ്പോർട് ചാർജും ഉൾപ്പെടെ വില ഏകദേശം ലീറ്ററിന്– 45 രൂപ.

കേന്ദ്രവും സംസ്ഥാനവും നികുതി വീതിച്ചെടുക്കുന്നു. സ്റ്റേറ്റ് ജിഎസ്ടി (എസ്ജിഎസ്ടി) 14 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നു. ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാൻ സാധ്യതയില്ല.

petrol-price-hike-pic-1

∙ പ്രത്യേക നികുതി സ്ലാബ്

നിലവിൽ രാജ്യത്തു മൂന്നു ജിഎസ്ടി സ്ലാബുകളാണെങ്കിലും സ്വർണത്തിനു പ്രത്യേക ജിഎസ്ടിയാണ്. 3 ശതമാനം. ഇതുപോലെ ഒരു പ്രത്യേക നികുതി സ്ലാബ് പെട്രോളിനും ഡീസലിനുമുണ്ടാക്കാം. ഇത് 28 ശതമാനത്തേക്കാൾ ഉയർന്ന നിരക്കായിരിക്കും. ഉദാഹരണത്തിന് 50 ശതമാനമാണെങ്കിൽ അടിസ്ഥാനവില –32 രൂപ
ജിഎസ്ടി– 50%
ഒരു ലീറ്റർ പെട്രോളിന്റെ ജിഎസ്ടി– 16 രൂപ
കമ്മിഷനും മറ്റു ചാർജുകൾക്കും ശേഷം ഉപയോക്താവിനു ലഭിക്കുന്ന വില– ഏകദേശം 52 രൂപ.

Petrol Pump

∙ നികുതി 100 ശതമാനമെങ്കിൽ

നികുതി അടിസ്ഥാന വിലയുടെ 100 ശതമാനമാണെങ്കിലും വില കുറയും. ഏകദേശം 68 രൂപയായിരിക്കും ഒരു ലീറ്റർ പെട്രോളിന് ഉപയോക്താക്കൾ നൽകേണ്ട വില.
അടിസ്ഥാന വില– 32
ജിഎസ്ടി– 100%
ഒരു ലീറ്റർ പെട്രോളിന്റെ
ജിഎസ്ടി– 32 രൂപ
ഉപയോക്താവിനു ലഭിക്കുന്ന വില – ഏകദേശം 68 രൂപ

കേന്ദ്രത്തിനു നഷ്ടമുണ്ടാകുമോ?

ജിഎസ്ടി നടപ്പാക്കുകയും സെസുകളും എക്സൈസ് ഡ്യൂട്ടിയും സെസുകളും ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. അതേസമയം ഭരണഘടന എക്സൈസ് ഡ്യൂട്ടി ഈടാക്കാനുള്ള അനുമതി നൽകുമ്പോൾ ഇവയില്ലാതെ ജിഎസ്ടി മാത്രം എന്ന തീരുമാനത്തിലേക്കു കേന്ദ്രം പോകാനിടയില്ല. ഈ പ്രത്യേക അധികാരം കേന്ദ്രത്തിന് ഇല്ലാതാകണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് അത്ര ലളിതവുമല്ല.

1200-petrol-price-hike

ജിഎസ്ടിക്കൊപ്പം എക്സൈസ് നികുതിയും

പെട്രോളിന് ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്ര സർക്കാരിന് പെട്രോളിയം ഉൽപന്നങ്ങളുടെ മേൽ എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണ ഘടന (ഭരണഘടനയുടെ സെവൻത് ഷെഡ്യൂൾ പ്രകാരം) നൽകുന്നുണ്ട്. ഇതുപ്രകാരം കേന്ദ്രത്തിന് എക്സൈസ് നികുതിയും സെസും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഈടാക്കാനാകും. ഇങ്ങനെയെങ്കിൽ വിലയിലുണ്ടാകാവുന്ന മാറ്റങ്ങൾ:

നിലവിലെ എക്സൈസ് ഡ്യൂട്ടിയുടെ (എക്സൈസ് ഡ്യൂട്ടി 1.40 രൂപയും അഡീഷനൽ എക്സൈസ് ഡ്യൂട്ടി 11 രൂപയും) പുറത്താണ് ജിഎസ്ടി വരുന്നതെങ്കിൽ–

അടിസ്ഥാന വില – 32
ജിഎസ്ടി – 28 ശതമാനം
ഒരു ലീറ്റർ പെട്രോളിന്റെ ജിഎസ്ടി (32+11+1.40 = 44.4
ന്റെ 28 ശതമാനം) – 12.4 രൂപ
ഉപയോക്താക്കൾ നൽകേണ്ട വില–ഏകദേശം - 60.68

ഇനി നിലവിലെ എക്സൈസ് നികുതിയും സെസുകളും തുടരുകയും ജിഎസ്ടി കൊണ്ടുവരികയും ചെയ്താൽ വില എങ്ങനെയെന്നു നോക്കാം.

സെസുകൾ– റോഡ് സെസ്–18 രൂപ, കൃഷി, വികസന സെസ്– 2.50 രൂപ. എക്സൈസ് നികുതിയും സെസുകളും ചേർത്ത് 32.90 രൂപ
അടിസ്ഥാന വില– 32 രൂപ
ജിഎസ്ടി 28 ശതമാനം
ഒരു ലീറ്റർ പെട്രോളിന്റെ ജിഎസ്ടി– 18.17 രൂപ
ഒരു ലീറ്റർ പെട്രോളിന്റെ വില– 88 രൂപ.

വലിയ നഷ്ടം സംസ്ഥാനങ്ങൾക്ക്

പെട്രോളിൽ നിന്നും ഡീസലിൽ നിന്നും സെസുകളും എക്സൈസ് ഡ്യൂട്ടികളും പിരിക്കാൻ കേന്ദ്രത്തിന് അധികാരം നിലനിൽക്കുകയും ജിഎസ്ടി നടപ്പാക്കുകയും ചെയ്യുമ്പോൾ നഷ്ടം സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഗണ്യമായി കുറയും. ജിഎസ്ടിയുടെ പകുതി മാത്രമാണു സംസ്ഥാനങ്ങൾക്കു ലഭിക്കുക. എക്സൈസ് ഡ്യൂട്ടിയുടെ വളരെ ചെറിയൊരു വിഹിതമാണു കൂടെ ലഭിക്കാനുള്ളത്. എക്സൈസ് നികുതി 1.40 പൈസയാണ്. ഇതിൽ നിന്നു കേരളത്തിനുള്ള വിഹിതം ലീറ്ററിന് ഒരു പൈസ മാത്രമാണ്. നിലവിൽ 30.08 ശതമാനമാണ് കേരളത്തിനു ലഭിക്കുന്ന വിൽപന നികുതി. ഇതോടൊപ്പം രണ്ടു സെസുകളുമുണ്ട്. (ഏതാണ്ട് ഒന്നേകാൽ രൂപയിൽ താഴെ). ഇതനുസരിച്ച് ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന് ഏതാണ്ട് 21 രൂപയോളമാണു ലഭിക്കുന്നത്.

Petrol Diesel

നേട്ടം ഉപയോക്താക്കൾക്ക്

ജിഎസ്ടി നടപ്പാക്കിയാൽ ഉപയോക്താക്കൾക്ക് നേട്ടമുണ്ടായേക്കും. എന്നാൽ നികുതി സ്ലാബും എക്സൈസ് നികുതികളും സംബന്ധിച്ച കേന്ദ്രത്തിന്റെയും ജിഎസ്ടി കൗൺസിലിന്റെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇത്. അടിസ്ഥാന വില മാറുന്നതിനനുസരിച്ച് വിലയിൽ മാറ്റം വരും എന്നതാണ് ഏറ്റവും വലിയ നേട്ടം. അസംസ്കൃത എണ്ണവില കുറഞ്ഞാൽ വില കുറയുമെന്നർഥം.

നിലവിൽ ജിഎസ്ടി കൗൺസിലുകളിൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. കൗൺസിലിൽ ചർച്ച ചെയ്യണമെന്നാണ് നിർമല സീതാരാമനും പറയുന്നത്. എന്നാൽ കേരളത്തിലെ ഉൾപ്പെടെയുള്ള ധനമന്ത്രിമാർ പെട്രോളിനെ ജിഎസ്ടിയിലാക്കുന്നത് എതിർക്കുന്നത് ഈ കാരണം കൊണ്ടാണ്. വരുമാനത്തിൽ വലിയ നഷ്ടമാണു സംസ്ഥാനങ്ങൾക്കുണ്ടാകുക.
കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നവർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി സംവിധാനത്തിൽ നൽകേണ്ടിവരും. ഇതും വരുമാനത്തെ ബാധിക്കും. നിലവിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതിയാണു സംഭാവന ചെയ്യുന്നത്.

Content Highlights: Petrol Diesel Price, GST, Oil Price under GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com