ADVERTISEMENT

കോവിഡ് സൃഷ്ടിച്ച തകർച്ച മറികടന്ന് രാജ്യം സാമ്പത്തികവളർച്ച തിരിച്ചുപിടിച്ചെന്ന് സർക്കാരിന്റെ കണക്കുകൾ. 2020 ഒക്ടോബർ– ഡിസംബർ ത്രൈമാസത്തിൽ മൊത്തം ആഭ്യന്തര ഉൽപന്നം (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്– ജിഡിപി) മുൻകൊല്ലം ഇതേ കാലത്തെക്കാൾ 0.4% വളർന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) അറിയിച്ചു. തുടർച്ചയായ 2 ത്രൈമാസങ്ങളിലെ തളർച്ചയ്ക്കുശേഷമാണിത്.ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി. കൃഷി, സേവനം, നിർമാണം എന്നീ രംഗങ്ങളിലെ മികച്ച വളർച്ചയാണ് ഈ പാദത്തിലെ നേട്ടത്തിനു മുഖ്യ കാരണം. കാർഷികരംഗത്തെ വളർച്ച 3.9% ആണ്. നിർമാണമേഖല 6.2% വളർന്നു. ഫാക്ടറി ഉൽപാദനം 1.6% ഉയർന്നു. വൈദ്യുതി, വാതക ഇന്ധനം, ജലവിതരണം തുടങ്ങിയ സേവന രംഗങ്ങൾ 7.3% വളർച്ച രേഖപ്പെടുത്തി.

വാണിജ്യം, ഹോട്ടൽ വ്യവസായം എന്നീ മേഖലകൾ 7.7% ഇടിവാണു നേരിട്ടത്. ഈ രംഗങ്ങളിൽ കോവിഡ് കാരണമുണ്ടായ പ്രതിസന്ധി തുടരുകയാണ്. ഈ സാമ്പത്തികവർഷത്തുടക്കമായ 2020 ഏപ്രിൽ– ജൂൺ പാദത്തിൽ 24.4% ആയിരുന്നു ജിഡിപിയിലെ ഇടിവ്. ജൂലൈ– സെപ്റ്റംബർ പാദത്തിൽ 7.3% ഇടിവു രേഖപ്പെടുത്തി. മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തികവർഷം മൊത്തത്തിൽ 8% ജിഡിപി ഇടിവാണുണ്ടാകുകയെന്ന് എൻഎസ്ഒ വിലയിരുത്തുന്നു. 7.7% ഇടിവാണ് നേരത്തേ പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം 145.7 ലക്ഷം കോടി രൂപ ആയിരുന്ന ജിഡിപി ഇക്കൊല്ലം 134 ലക്ഷം കോടിയിലേക്കു താഴുമെന്നാണു കണക്ക്.

പ്രധാന വ്യവസായങ്ങളിൽ നേരിയ വളർച്ച

ന്യൂഡൽഹി∙ 8 സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകൾ മൊത്തത്തിൽ ജനുവരിയിൽ 0.1% വളർച്ച രേഖപ്പെടുത്തി. രാസവളം, ഉരുക്ക്, വൈദ്യുതി എന്നിവയുടെ ഉൽപാദനം മുൻകൊല്ലം ജനുവരിയിലേതിനെക്കാൾ യഥാക്രമം 2.7%, 2.6%, 5.1% എന്നിങ്ങനെ ഉയർന്നു. കൽക്കരി, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, റിഫൈനറി, സിമന്റ് രംഗങ്ങളിൽ ഉൽപാദനം കുറയുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com