ADVERTISEMENT

കൊച്ചി ∙ ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്നു കരുതപ്പെടുന്ന യുഎസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപ നേട്ടത്തിലുണ്ടായ കുതിപ്പും സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണവും ലോകമെങ്ങുമുള്ള ഓഹരി വിപണികളെ കുരുതിക്കളങ്ങളാക്കി. ഇന്ത്യൻ വിപണിയിലൊഴുകിയ ചോരപ്പുഴയിൽ 5.43 ലക്ഷം കോടി രൂപയുടെ ആസ്തി മൂല്യമാണു നിക്ഷേപകർക്കു നഷ്ടമായത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 2000 പോയിന്റിലേറെ തകർന്നെങ്കിലും വ്യാപാരാവസാനത്തിലെ നഷ്ടം 1939.32 പോയിന്റിലൊതുങ്ങി. സെൻസെക്സിന്റെ അവസാന നിലവാരം 49,099.99 പോയിന്റ്. നിഫ്റ്റി അവസാനിച്ചത് 568.20 പോയിന്റ് താഴ്ന്ന് 14,529.15ൽ. ഇരു സൂചികകളിലെയും നഷ്ടം നാലു ശതമാനത്തോളം.

യുഎസ് ബോണ്ടുകളിലെ നിക്ഷേപ നേട്ടം ഓഹരി നിക്ഷേപത്തിന്റെ ആകർഷകത്വം ഇല്ലാതാക്കുമെന്നു വിപണി ഭയപ്പെടുന്നു. സിറിയയിലെ ആക്രമണം കൂടുതൽ സംഘർഷത്തിന് ഇടയാക്കുമെന്നും വിപണി ആശങ്കപ്പെടുന്നു.വിപണിയെ റെക്കോർഡ് ഉയർച്ചയിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ബാങ്കുകളുടേത് ഉൾപ്പെടെയുള്ള ധനസ്ഥാപന ഓഹരികളാണു തകർച്ചയിലും മുന്നിലുണ്ടായിരുന്നത് എന്നതു ശ്രദ്ധേയം. 

നേട്ടവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

ഒൻപതു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയുടെ ദിനമായിരുന്നിട്ടും കേരളം ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരി വിലയിലും ഇടപാടിന്റെ അളവിലുമുണ്ടായ വലിയ മുന്നേറ്റം ദേശീയതലത്തിൽത്തന്നെ ശ്രദ്ധേയമായി. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ മാത്രം ബാങ്കിന്റെ 17 കോടിയിലേറെ ഓഹരികളിലായിരുന്നു വ്യാപാരം; ബോംബെ എക്സ്ചേഞ്ചിൽ രണ്ടു കോടിയിലേറെ. എൻഎസ്ഇയിൽ ബാങ്കിന്റെ ഓഹരി വില 10.67% ഉയർന്ന് 9.85 രൂപയിൽ എത്തിയപ്പോൾ ബിഎസ്ഇയിൽ 10.56% വർധിച്ച് 9.84 രൂപയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com