ADVERTISEMENT

Q- പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മുംബൈ ബ്രാഞ്ചിലെ ജീവനക്കാരനാണ് ഞാൻ. വർഷങ്ങളായി ഞാനും കുടുംബവും മുംബൈയിലാണ് താമസം. കോവിഡ്–19 പ്രതിസന്ധി മൂലം സ്ഥാപനം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതിനെത്തുടർന്ന് ഞാനും കുടുംബവും രണ്ടുമാസത്തേക്ക് നാട്ടിൽ എത്തിയിരിക്കുകയാണ്. ഇഎസ്ഐ വിഹിതം അടച്ചുവരുന്ന എനിക്കും കുടുംബത്തിനും ഈ താത്കാലിക താമസ കാലയളവിൽ ഇഎസ്ഐ ആശുപത്രികളിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള ചികിത്സാനുകൂല്യത്തിനുള്ള അർഹതയുണ്ടോ? ചികിത്സാനുകൂല്യത്തിന് അർഹതയുള്ള കുടുംബാംഗങ്ങൾ ആരൊക്കെ?

A- താൽക്കാലികമായി താമസം മാറിയാലും ആനുകൂല്യം ലഭിക്കും ജോലിയുടെ ഭാഗമായോ അല്ലാതെയോ തൊഴിലാളിക്കു സ്വന്തം നാട്ടിലേക്കോ മറ്റു പ്രദേശത്തേക്കോ പോകേണ്ടി വന്നാൽ പുതിയ താമസ സ്ഥലത്തു പ്രവർത്തിച്ചുവരുന്ന ഇഎസ്ഐ ഡിസ്പെൻസറിയിൽ നിന്നോ ആശുപത്രിയിൽ നിന്നോ എല്ലാവിധ ചികിത്സാസൗകര്യങ്ങളും ലഭ്യമാകും. പുതിയ സ്ഥലം വേറെ സംസ്ഥാനത്ത് ആണെങ്കിലും ചികിത്സ ലഭിക്കും. അതിനുവേണ്ടി തൊഴിലുടമ ഇഎസ്ഐസി 105 എന്ന ഫോമിൽ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കിയാൽ മതി. കുടുംബത്തിനും ഈ സൗകര്യം ലഭ്യമാണ്. പുതിയ സ്ഥലത്തേക്ക് കുടുംബവും തൊഴിലാളിയെ അനുഗമിക്കുന്നുണ്ടെങ്കിൽ ആ വിവരം സാക്ഷ്യപത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. ഇപ്രകാരമുള്ള സാക്ഷ്യപത്രത്തിന് 3 മാസത്തെ പ്രാബല്യം ഉണ്ടായിരിക്കും. ഇഎസ്ഐസി 105ൽ ഉള്ള സാക്ഷ്യപത്രത്തിനു പകരം തൊഴിലാളിക്ക് അവധിയോ ടൂറോ അനുവദിച്ചുകൊണ്ടുള്ള തൊഴിലുടമയുടെ ഉത്തരവു ഹാജരാക്കിയാലും മതി. ഉത്തരവിൽ തൊഴിലാളിയുടെ പേര്, വിലാസം, ഇൻഷുറൻസ് നമ്പർ, അവധിയുടെ/ടൂറിന്റെ കാലാവധി, സ്ഥാപനത്തിന്റെ കോഡ് നമ്പർ എന്നിവ ഉണ്ടായിരിക്കണം (മെഡി. മാനുവൽ 2.22). പുതിയ സ്ഥലത്തെ താൽക്കാലിക താമസം 3 മാസത്തേക്കാൾ അധികമാണെങ്കിൽ അതു താൽക്കാലിക താമസമായി കണക്കാക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഡിസ്പെൻസറി മാറ്റിക്കിട്ടുന്നതിനായി അപേക്ഷ നൽകേണ്ടതാണ്.

സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തണം
തൊഴിലാളിക്കു താൽക്കാലിക വാസസ്ഥലത്തെ ഡിസ്പെൻസറിയിൽനിന്ന് അവധി സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിൽ അതു നൽകിയ ഡോക്ടറുടെ ഒപ്പ് ആ പ്രദേശത്തെ ബ്രാഞ്ച് ഓഫിസ് മാനേജരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത് അവധി ആനുകൂല്യം ബുദ്ധിമുട്ടു കൂടാതെ ലഭ്യമാകുന്നതിന് ഉപകരിക്കും.

താൽക്കാലിക താമസം 24 മണിക്കൂറിൽ
കുറവാണെങ്കിൽ പുതിയ സ്ഥലത്തെ താമസം 24 മണിക്കൂറിൽ കുറവാണെങ്കിൽ മേൽ വിവരിച്ച നടപടിക്രമങ്ങളൊന്നും കൂടാതെ തന്നെ പുതിയ സ്ഥലത്തെ ഇഎസ്ഐ ഡോക്ടർ തൊഴിലാളിക്കും കുടുംബത്തിനും ചികിത്സ നൽകേണ്ടതാണ്. തിരിച്ചറിയൽ കാർഡ് മാത്രം ഹാജരാക്കിയാൽ മതി (മെഡി. മാനുവൽ 2.22).

ജോലിയിൽനിന്നു പിരിഞ്ഞശേഷം പുതിയ സ്ഥലത്തേക്കു താമസം മാറ്റിയാൽ ജോലിയിൽനിന്നു പിരിഞ്ഞശേഷം ചികിത്സാനുകൂല്യത്തിന് അർഹതയുള്ള കാലയളവിൽ പുതിയ സ്ഥലത്തേക്കു താമസം മാറ്റിയാൽ പുതിയ സ്ഥലത്തുള്ള ഡിസ്പെൻസറിയിൽനിന്നു തുടർന്നും ചികിത്സ ലഭിക്കുന്നതിനായി പഴയ ബ്രാഞ്ച് ഓഫിസിൽ അപേക്ഷ കൊടുത്താൽ മതി (മെഡി. മാനുവൽ 2.23).

തൊഴിലാളി ആവശ്യപ്പെട്ടാൽ ആ ദിവസത്തെ ചികിത്സ നൽകണം ഒരു തൊഴിലാളി ഇഎസ്ഐ ഡിസ്പെൻസറിയിൽ ഹാജരായി അയാളിപ്പോഴും ഇഎസ്ഐ നിയമം ബാധകമായ തൊഴിലിൽ തുടരുന്നുവെന്നും വേതനത്തിൽനിന്ന് അംശദായം കൃത്യമായി പിടിക്കുന്നുണ്ടെന്നും അതിനാൽ ചികിത്സാനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടാൽ ആ ദിവസത്തേക്ക് തൊഴിലാളിക്കും കുടുംബത്തിനും ചികിത്സ നൽകാൻ ഇഎസ്ഐ. ഡോക്ടർമാർ ബാധ്യസ്ഥരാണ് (മെഡി. മാനുവൽ 2.28ബി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com