ADVERTISEMENT

കോഴിക്കോട്∙ മൂലധന പര്യാപ്തത ഉറപ്പുവരുത്താൻ സഹകരണ സംഘങ്ങളിൽ നിന്നു ദീർഘകാല നിക്ഷേപം വാങ്ങി കേരള ബാങ്ക്. അന്തിമാനുമതിക്കായി റിസർവ് ബാങ്ക് നൽകിയ മാനദണ്ഡം പാലിക്കാനാണ് 270 കോടി രൂപ അടിയന്തരമായി വാങ്ങിയത്.  നേരത്തെ ഈ ആവശ്യത്തിനായി സർക്കാർ നൽകിയ 400 കോടി രൂപയ്ക്കു പുറമേയാണിത്.  മൂലധന പര്യാപ്തത ഉറപ്പുവരുത്തിയതായി റിസർവ് ബാങ്കിന് ഉടൻ റിപ്പോർട്ട് നൽകും. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണു ദീർഘകാല നിക്ഷേപം സ്വീകരിച്ചിരിക്കുന്നത് എന്നാണ് ബാങ്ക് നിലപാട്. 

2018 ഒക്ടോബറിൽ കേരള ബാങ്കിനായി പ്രാഥമിക അനുമതി നൽകുമ്പോൾ ബാങ്കിന്റെ മൂലധന പര്യാപ്തത 9% ആക്കി സൂക്ഷിക്കണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും ഇതു പാലിക്കാൻ കേരള ബാങ്കിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിക്കണമെന്നു നിർദേശിച്ചത്. 

മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ സർവീസ് സംഘങ്ങളിൽ നിന്ന് 10 വർഷത്തേക്ക് 7.25% പലിശയ്ക്കാണ് 270 കോടി രൂപ വാങ്ങിയത്. വ്യക്തിഗത നിക്ഷേപത്തിനു നൽകുന്ന പലിശയെക്കാൾ ഉയർന്ന നിരക്കാണിത്. ഇതു ബാങ്കിന്റെ ബാധ്യത വർധിപ്പിക്കുമെന്ന് ആക്ഷേപമുണ്ട്. കൊല്ലം ജില്ലയിൽ നിന്നു 50 കോടി രൂപയും കണ്ണൂർ ജില്ലയിൽ നിന്ന് 40 കോടി രൂപയും എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി 25 കോടി രൂപ വീതവും വാങ്ങിയിട്ടുണ്ട്. 

കേരള ബാങ്ക് അന്തിമാനുമതിക്കായി റിസർവ് ബാങ്ക് മുന്നോട്ടു വച്ച മാനദണ്ഡങ്ങൾ പലതും രണ്ടര വർഷമായിട്ടും പൂർത്തിയാക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. കേരള ബാങ്കിനായി പൊതു സോഫ്റ്റ്‍വെയർ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. പ്രവാസി നിക്ഷേപം സ്വീകരിക്കാൻ ലൈസൻസ് ഉണ്ടായിരുന്ന ജില്ലാ ബാങ്കുകളെ കൊണ്ട് ലൈസൻസ് ആർബിഐക്കു തിരിച്ചേൽപ്പിച്ചു. നിക്ഷേപങ്ങൾ പ്രവാസികൾക്കു മടക്കി കൊടുക്കേണ്ടതായും വന്നു. പകരം കേരള ബാങ്കിന് എൻആർഐ നിക്ഷേപം സ്വീകരിക്കാൻ ലൈസൻസ് ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com