കുരുമുളകു വില ഉയരേക്ക്

SHARE

സിനിമയിലെ ‘നീ പൊന്നപ്പനല്ലെടാ, തങ്കപ്പനാ, തങ്കപ്പൻ’ എന്ന സംഭാഷണശകലം കടമെടുത്താൽ കുരുമുളകിനെ കറുത്ത പൊന്നെന്നല്ല കറുത്ത തങ്കമെന്നു വിളിക്കണം. ഒരാഴ്ചകൊണ്ടു ക്വിന്റലിന് 1800 രൂപയാണു വർധന. മാത്രമല്ല, ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 40,000 രൂപയ്ക്കു മുകളിലെത്തിയിരിക്കുകയുമാണ്. രണ്ടു മാസത്തിനിടയിൽ 5900 രൂപ വർധിച്ചിരിക്കുന്നു. കഴിഞ്ഞ വാരത്തിന്റെ ആദ്യ ദിനം അതിനു മുമ്പത്തെ വാരാന്ത്യ വിലയിൽ തുടർന്ന വില പിന്നീടിങ്ങോട്ടു കുതിച്ചുകയറുകയായിരുന്നു. ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 38,400 ൽനിന്നു 40,200 രൂപയിലെത്തി. അൺഗാർബ്ൾഡിന്റെ വില 36,400 ൽനിന്നു 38,200 രൂപയിലെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഗാർബ്ൾഡിനു 32,000 രൂപയിൽ താഴെ മാത്രമായിരുന്നു വില; അൺഗാർബ്ൾഡിന് 30,000 രൂപയിൽ താഴെ മാത്രവും.

വില കൂടുമെന്ന പ്രതീക്ഷയിൽ ദിവസക്കച്ചവടക്കാർ ചരക്കു പിടിച്ചുവച്ചിരിക്കുകയാണെന്നു കരുതുന്നു. രാജ്യാന്തര വിപണിയിലും വില കയറുന്ന പ്രവണതയാണു കാണപ്പെട്ടത്. എന്നാൽ വിയറ്റ്നാം, ബ്രസീൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ വാരാന്ത്യ വില താഴോട്ടായിരുന്നു.

 വെളിച്ചെണ്ണ താഴേക്ക്, പാമോയിലും

വെളിച്ചെണ്ണ വില വീണ്ടും താഴേക്കിറങ്ങുന്നതാണൂ കഴിഞ്ഞ ആഴ്ച കണ്ടത്. തുടക്കത്തിൽ വെളിച്ചെണ്ണ തയാർ വില ക്വിന്റലിന് 20,500 രൂപയായിരുന്നു. എന്നാൽ വാരാന്ത്യ വില 20,400 മാത്രം. മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില 21,000 ൽനിന്ന് 20,900 രൂപയിലേക്കു താഴ്ന്നു. മാർച്ച് 27ന് അവസാനിച്ച ആഴ്ചയിൽ ഇടിവു 400 രൂപയായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ചയിലെ താഴ്ച 100 രൂപയിലൊതുങ്ങി.
കൊപ്ര വിലയിലും 100 രൂപയുടേതാണു കുറവ്. 13,850 രൂപയായിരുന്ന വില 13,750 ആയി.
പാമോയിൽ വിലയിലും ഇടിവിന്റെ പ്രവണതയാണ് അനുഭവപ്പെട്ടത്. വാരാദ്യം 12,250 രൂപയായിരുന്നു വില. എന്നാൽ വാരാന്ത്യ വില 11,850 രൂപ മാത്രം.

റബറിൽ നേരിയ മാറ്റം മാത്രം

മാർച്ച് അവസാനം  ആർഎസ്എസ് – 4 ന്റെ വില കൊച്ചിയിൽ 17,000 രൂപയും ആർഎസ്എസ് – 5 ന്റെ വില 16,750 രൂപയുമായിരുന്നു. കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രണ്ട് ഇനത്തിന്റെയും വിലയിലുണ്ടായ വർധന 50 രൂപ മാത്രം. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില 223.05 യുഎസ് ഡോളറിൽനിന്ന് 218.75 ഡോളറിലേക്കു താഴ്ന്നു; ആർഎസ്എസ് – 5 ന്റെ വില 221.60 ൽനിന്ന് 217.35 ഡോളറിലേക്കും.
വേനൽ മഴയുടെ അളവു മോശമല്ലാത്തതിനാൽ പലയിടത്തും കർഷകർ വീണ്ടും ടാപ്പിങ് ആരംഭിച്ചിട്ടുണ്ട്. കൂടിയ അളവിൽ ചൈന റബർ വാങ്ങുന്നതും ശ്രദ്ധേയം.

 വിദേശത്തു കണ്ണുവച്ച്‌ ചുക്കും മഞ്ഞളും

ചുക്കിന്റെ വില ഏതാനും ആഴ്ചകളായി ഒരേ നിലവാരത്തിൽ തുടരുകയാണെങ്കിലും വിപണിയിലെത്തുന്ന ചരക്കു മുഴുവൻ വിറ്റഴിയുന്നു എന്നതാണു കൗതുകം. അറബ് രാജ്യങ്ങളിൽനിന്നുള്ള റമസാൻ കാല ഓർഡറുകൾ പ്രതീക്ഷിച്ചു കയറ്റുമതി വ്യാപാരികൾ ചരക്കു സംഭരിക്കുകയാണ്. വാരാന്ത്യ വില മീഡിയം 17,000 രൂപ; ബെസ്റ്റ് 19,000. ബംഗ്ളദേശിൽനിന്നും ഗൾഫിൽനിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന മഞ്ഞളിനു യൂറോപ്പിൽനിന്നും പശ്ചിമേഷ്യയിൽനിന്നും അന്വേഷണങ്ങൾ എത്തുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതു നിരക്കുവർധനയക്ക് സഹായകമാകുമെന്നു കരുതുന്നു. സേലം വാരാന്ത്യ നിരക്ക് 7200 രൂപ. ഈറോഡ് 7700 രൂപ.

 ഗ്രാമ്പൂ വിലയിൽ ഉണർവ്

ഗ്രാമ്പൂ വിലയിൽ ക്രമേണയുള്ള കയറ്റം അനുഭവപ്പെടുന്നുണ്ട്. രണ്ട് ആഴ്ചയ്ക്കിടയിൽ 50 രൂപയോളം വർധിച്ചു. അവസാന വില 590 രൂപ. ജാതിക്ക,  ജാതിപത്രി, അടയ്ക്ക വിലകളിൽ മാറ്റമില്ല.

 കാപ്പിക്ക് ഇടിവ്

കാപ്പി വില ഉണ്ടയ്ക്ക് (54 കിലോ ഗ്രാം ചാക്ക്) 3350 രൂപയായിരുന്നതു വാരാന്ത്യത്തിൽ 3300 രൂപയിലേക്കു താഴ്ന്നു; പരിപ്പിന്റെ വില ക്വിന്റലിനു 11,000 രൂപയിൽനിന്നു 10,800 ആയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA