കള്ളുഷാപ്പിൽ നിന്നിറങ്ങിയപ്പോൾ ഒരു ചാക്കുകെട്ടു കണ്ടു. അതിൽ നിറയെ കറൻസി നോട്ടുകളായിരുന്നു. അങ്ങനെയാണു മുതലാളി പണക്കാരനായത്...! ഇങ്ങനെയൊരു കഥ പല രൂപത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ സംരംഭകരെപ്പറ്റി പറഞ്ഞുകേട്ടിരുന്നു. ബിസിനസിൽ നിന്നു പണമുണ്ടാക്കൽ നേരായ മാർഗത്തിലൂടെ പറ്റില്ല എന്നൊരു അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നു ഈ കഥകൾ. കഠിനാധ്വാനം ചെയ്ത് ആരു സംരംഭകനായാലും ഇങ്ങനെയൊരു കഥയിറക്കും..
പഴയ കാലത്തു മാത്രമല്ല പുതിയ കാലത്തും ഇത്തരം കഥകളിൽ കുറെയൊക്കെ സത്യം ഉണ്ടാവാം. ഏറെ ചരിത്രമുള്ള കമ്പനികൾക്കും പുതിയകാല വമ്പൻമാർക്കും അത്തരം ഭൂതകാല കഥകളുണ്ട്. സ്റ്റാറ്റസ് സിംബലായി മാറിയ അമേരിക്കൻ ഫോണിനു പിന്നിൽ ചൈനയിലെ വൻ തൊഴിൽ ചൂഷണമുണ്ട്. ഫോൺ രൂപകൽപന ചെയ്യുന്നതു കലിഫോർണിയയിലും നിർമിക്കുന്നതു ചൈനയിലുമാണ്. ഏറ്റവും മുന്തിയ സാങ്കേതികവിദ്യകൾ അങ്ങ് സിലിക്കൺ വാലിയിലും നിർമാണം ചൈനയിലും. ഫോൺ നിർമിക്കുന്നത് തായ്‌വാനിലെ കമ്പനിയാണ്. അവരുടെ ഫാക്ടറികൾ ചൈനയിലും.
ഷെൻസെൻ വ്യവസായ നഗരത്തിനു പുറത്ത് ലോങ്ഹുവായിൽ 4ലക്ഷത്തിലേറെ ജീവനക്കാരുള്ള ഫാക്ടറിയാണ് ഏറ്റവും വലുത്. ഇവിടെ എട്ടും പന്ത്രണ്ടും പേരെ കുത്തി നിറച്ച മുറികളിൽനിന്ന് കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്ന വാർത്ത പുറത്തായിരുന്നു. ഫാക്ടറിയലെ ഭീകരാവസ്ഥയാണ് അവരെക്കൊണ്ടതു ചെയ്യിക്കുന്നത്. 12 മണിക്കൂർ ജോലി, ചെറിയ അബദ്ധം പറ്റിയാലും പരസ്യമായി അപമാനിക്കൽ, ഓവർടൈം വേതനം പോയിട്ട് സാദാ വേതനം തന്നെ തീർത്തു കൊടുക്കാതിരിക്കൽ...അങ്ങനെ പിരിമുറക്കം സഹിക്കാതാകുമ്പോഴാണ് ചാടി മരണം.
എന്നിട്ടും ഫാക്ടറിയിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ല. കമ്പനിക്കാർ ഡോർമിറ്ററി കെട്ടിടത്തിൽ നിന്നു ചാടുന്നവർ താഴെ വീഴാതിരിക്കാൻ വലയിട്ടതു മാത്രംമിച്ചം. കുട്ടംചേർന്ന് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വേതനക്കുടിശിക നേടിയെടുക്കേണ്ട സ്ഥിതി വരെയുണ്ടായി. അസംബ്ലി ലൈനിൽ ഒരാളിന്റെ കയ്യിൽ കൂടി മിനിട്ടിൽ 3 ഫോണുകൾ കടന്നു പോകുന്നു. അതിനകം ഓരോ ഫോണിലും ചെയ്യേണ്ട ജോലി തീർന്നിരിക്കണം. 10 മണിക്കൂറിൽ 1800 ഫോണുകൾ കൈകളിൽ കൂടി കടന്നു പോകുന്നതോടെ ജീവനക്കാരന്റെ മനസും ശരീരവും മരവിക്കുന്നു. ഇങ്ങനെയൊക്കെയുണ്ടാക്കിയ ഉൽപന്നങ്ങളാണു നമ്മുടെ കയ്യിലിരിക്കുന്നതെന്ന് ആരും അറിയാറില്ല.
ഒടുവിലാൻ∙ മാർക്ക് സക്കർബർഗിനെതിരെ ദിവ്യ നരേന്ദ്ര ഉൾപ്പടെ മൂന്നു സഹപാഠികൾ ഐഡിയയും ബിസിനസ് പ്ലാനും സാങ്കേതികവിദ്യയും മോഷ്ടിച്ചതിനു കേസ് കൊടുത്തിരുന്നു. 6.5 കോടി ഡോളർ (450 കോടി രൂപ) നഷ്ടപരിഹാരം നേടുകയും ചെയ്തു.