ADVERTISEMENT

2021 മാർച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി മുൻവർഷത്തേക്കാൾ 1349 കോടി രൂപ ഉയർന്ന്, 4700 കോടി രൂപ എന്ന സർവകാല റെക്കോർഡായി. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുൻ വർഷങ്ങളെക്കാൾ വൻവർദ്ധനയാണ് രേഖപ്പെടുത്തിയത്‌.

2020-21 സാമ്പത്തിക വർഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. ഇത് മുൻ സാമ്പത്തിക വര്ഷത്തേക്കാളും 244% വർധനയാണ്. കഴിഞ്ഞ വർഷം 1695 കോടി രൂപയുടെ വായ്പാ അനുമതിയാണ് നൽകിയിരുന്നത്.

വായ്പാ വിതരണവും 1447 കോടിയിൽ നിന്നും 3729 കോടി രൂപ എന്ന കണക്കിൽ എത്തിയിട്ടുണ്ട്. അതായതു 258 % വർധന. പ്രതിസന്ധി ഘട്ടത്തിലും വായ്‌പാ തിരിച്ചടവിൽ 262% വർധനയുണ്ടായി. മുൻ വര്ഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 334 കോടി രൂപ യിൽനിന്നും 131 ശതമാനം വർധന രേഖപ്പെടുത്തി 436 കോടി രൂപയിൽ എത്തി. സിബിലിൽ വിവരങ്ങൾ കൈമാറിയതും, റിക്കവറി നടപടികൾ കർശനമാക്കിയതും ഇതിനു സഹായകരമായി.

“കെഎഫ്സി യുടെ പൂർണമായ പുനരാവിഷ്കരണമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ ബിസിനസ് മേഖലകൾക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെഎഫ്സി മാറി കഴിഞ്ഞു.” കെഎഫ്സി - സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

വായ്പാ അനുമതി സെൻട്രലൈസ് ചെയ്തതും, ഇടപാടുകാർക്ക് സിഎംഡി ഉൾപ്പടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ സംവദിക്കാനുള്ള അവസരം ഒരുക്കിയതും ഈ പ്രകടനത്തിന് സഹായകരമായെന്ന് സി എം ഡി പറഞ്ഞു.

കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് കോർപറേഷൻ 256 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിച്ചു. കൂടാതെ, സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഈ പദ്ധതിയിൽ ഒരു ലക്ഷം വരെയുള്ള വായ്പകൾ യാതൊരു ഈടുമില്ലാതെയാണ് നൽകിയത്. പുതുതായി അവതരിപ്പിച്ച സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വായ്പ, ബസുകൾ സിഎൻജി യിലേക്ക് മാറ്റുവാനുള്ള വായ്പാ, ഹോട്ടലുകൾക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ, സർക്കാർ കരാറുകാർക്ക് ബില്ലുകൾ ഡിസ്‌കൗട്ടിങ് സൗകര്യം എന്നിവ യാതൊരു ഈടുമില്ലാതെ അനുവദിച്ചത് സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസമായി.

6.5 ശതമാനത്തിൽ ധനസമാഹരണം നടത്താൻ സാധിച്ചതിനാൽ കോർപറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി കുറച്ചിരുന്നു. മികച്ച പ്രവർത്തനം കൊണ്ടും, ചെലവുകൾ ചുരുക്കിയത് കൊണ്ടും, മുൻ വർഷത്തേക്കാൾ മികച്ച അറ്റാദായം കൈവരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സി എം ഡി പറഞ്ഞു.

കോവിഡ് അധികവായ്പാ പദ്ധതി

കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങൾക്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. നിലവിലുള്ളതും പുതിയതുമായ 419 സംരംഭങ്ങൾക്ക് 256 കോടി രൂപ വായ്പ അനുവദിച്ചു. കൂടാതെ ലോക് ഡൗൺ കാലയളവിൽ എല്ലാ യൂണിറ്റുകൾക്കും മോറട്ടോറിയം ലഭ്യമാക്കി. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾക്കും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു.

സംരംഭകത്വ വികസനപദ്ധതി

സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഒരു ലക്ഷം വരെയുള്ള വായ്പകൾ യാതൊരു ഈടുമില്ലാതെയാണ് നൽകിയത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നി വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി. 7% പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകൾ വളരെ ഉദാരമാണ്. കോവിഡ് മൂലം വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചു വന്നവർക്കു നോർക്കയുമായി ചേർന്നു 4 % പലിശയിൽ പദ്ധതി നടപ്പിലാക്കി.

സ്റ്റാർട്ടപ്പ് സ്കീമുകൾ

പോയ വര്ഷം പത്തു സ്റ്സ്റ്റാർട്ടപ്പുകൾകക്ക് വായ്പാ അനുമതികൾ നൽകി. യാതൊരു കൊളാറ്ററൽ സെക്യൂരിറ്റിയും ഇല്ലാതെ ആണ് വായ്പകൾ അനുവദിച്ചിട്ടുള്ളത്. സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. അതുപോലെ തന്നെ സർക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനു ഒരു കോടി രൂപ വരെ ലഭ്യമാക്കുന്നുണ്ട്.

സിബിലിൽ വിവരങ്ങളുടെ കൈമാറ്റം

വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിനു കൈമാറിയതോടെ തിരിച്ചടവിൽ ഗണ്യമായ വർധന ഉണ്ടായി. ഏകദേശം 24000 റെക്കോർഡുകൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. കേരള സർക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ, വ്യക്തി വിവരങ്ങൾ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെ എഫ് സി. സിബിൽ കൂടാത്ത എക്വിഫാസ്, എക്സ്പിരിയൻ, CRIF ഹൈമാർക് എന്നി ഏജൻസികളിലും വിവരങ്ങൾ അപ്‌ലോഡ് ചെയുന്നുണ്ട്.

കിട്ടാക്കടം തിരിച്ചു പിടിക്കൽ

കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ഇടപാടുകാരോട് മൃദു സമീപനമാണ് കോർപറേഷൻ എടുത്തിട്ടുള്ളത്. എന്നിരുന്നാലും മുൻകാലങ്ങളിൽ തിരിച്ചടവിൽ മനപൂര്വ്വം വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സർഫേസി നടപടികൾ ദ്രുതഗതിയിലാക്കുകയും ഇതിനായി റെസൊല്യൂഷൻ ഏജന്റ്മാരെ എംപാനൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി ഏറ്റെടുത്തിട്ടുള്ള യൂണിറ്റുകൾ ഇലേലം മുഖന വില്പനക്ക് വെക്കുകയും, ഇവ വാങ്ങുന്നവർക്കായി പ്രത്യേക വായ്പ അനുവദിക്കുന്നുമുണ്ട്‌.

ധനസമാഹരണം

കെഎഫ്സി ബോണ്ടുകൾ വഴി 250 കോടി രൂപ വിജയകരമായി സമാഹരിച്ചു. ബോണ്ട് മാർക്കറ്റിൽ രാജ്യത്തുടനീളമുള്ള ഏതൊരു സംസ്ഥാന ധനകാര്യ സ്ഥാപനത്തിനും ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നിരക്കിലാണ് ധനസമാഹരണം നടത്തിയത്. കോർപറേഷന്റെ ഉറച്ച സമ്പത്ഘടനയുടെ മികവ് കൊണ്ടാണ് പ്രമുഖ പൊതുമേഖലാ ബാങ്കുകളേക്കാൾ മികച്ച നിരക്ക് ലഭിച്ചത്. ‘AA’ റേറ്റിംഗ് ഉള്ള ബോണ്ടുകളുടെ കാലാവധി 10 വർഷമാണ്.

പലിശ ഇളവുകൾ

ഉയർന്ന ക്യാപിറ്റൽ അനുപാതവും കുറഞ്ഞ നിഷ്ക്രിയ ആസ്തിയും മുതൽകൂട്ടാക്കി 2021 ജനുവരി 1നു കോർപറേഷൻ അടിസ്ഥാന പലിശ നിരക്ക് 9 ശതമാനത്തിൽ നിന്ന് 8 ശതമാനം ആയി കുറച്ചു. കുറഞ്ഞ നിരക്കിൽ ധനസമാഹരണം നടത്താനായതും ഇതിന് സഹായകരമായിട്ടുണ്ട്. മികച്ച പ്രവർത്തനം മൂലം കോർപ്പറേഷന് ലഭിക്കുന്ന ഇളവുകൾ ഇങ്ങിനെ പരമാവധി ഇടപാടുകാർക്ക് ലഭിക്കുന്നു.

സാങ്കേതിക വികസനങ്ങൾ

കെഎഫ്സിയുടെ വെബ്സൈറ്റ് നവീകരിക്കുകയും വായ്പാ അപേക്ഷകൾ പൂർണമായും ഓൺലൈൻ ആക്കുകയും ചെയ്തു. കോർപ്പറേഷന്റെ ബ്രാഞ്ചുകളിൽ ഹൈ സ്പീഡ് വൺ ടു വൺ ഇന്റർനെറ്റും, വിഡിയോ കോൺഫറൻസിങ് സംവിധാനവും നടപ്പിലാക്കി. ഇതിനാൽ നടപടിക്രമങ്ങളും, ഹെഡ് ഓഫിസുമായുള്ള ആശയവിനിമയവും വേഗത്തിലായി. കൂടാതെ വായ്പ തിരിച്ചടവ് സുഗമമാക്കാൻ പ്രത്യേക സ്കീമുകളിലക്കുള്ള തിരിച്ചടവ് ദിവസേന അല്ലെങ്കിൽ ആഴ്ചതോറും എന്ന തോതിലാക്കി. ഇതിനായി പിഒഎസ്, ഗൂഗിൾ പേ മുതലായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചെലവ് ചുരുക്കൽ

ചെലവ് ചുരുക്കലിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ കൊണ്ട് വരികയും പേയ്‌മെന്റുകൾ ഹെഡ് ഓഫീസിൽ നിന്നും നേരിട്ട് ചെയ്യുന്ന സംവിധാനവും കൊണ്ടു വന്നു. കൂടുതൽ ചെലവ് വരുത്തിയിരുന്ന അധിക ടെലിഫോൺ, ഇന്റർനെറ്റ് കൺക്ഷനുകൾ വിച്ഛേദിച്ചു. പഴയ വാഹനങ്ങൾ ലേലത്തിൽ വിൽക്കുകയും, ഓഫീസിൽ ആവശ്യങ്ങൾക്ക് വണ്ടികൾ വാടകയ്ക്ക് എടുക്കുന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു. ഇതിന്റെയെല്ലാം ഭാഗമായി ചെലവ് 10% ചുരുക്കാനായി.

പ്രാവർത്തിക മാറ്റങ്ങൾ

വായ്പ നടപടികൾ വേഗത്തിലാക്കാൻ കസ്റ്റമർ വെരിഫിക്കേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കൽ, ടെക്നിക്കൽ വാല്യൂവേഷൻ എന്നിവക്കായി കൂടുതൽ എംപാനൽമെന്റ് നടത്തി. പുതിയ ലോൺ പ്രൊപ്പോസലുകൾ ഇടപാടുകാരുടെ സാന്നിധ്യത്തിൽ ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥർ നേരിട്ട് വിശകലനം ചെയ്യുന്നുണ്ട്. ലോൺ പ്രോസസ്സിങ്ങും സെൻട്രലൈസ് ചെയ്തു. ഇടപാടുകാർക്ക് സിഎംഡി ഉൾപ്പടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കുന്ന ഒരേ ഒരു ധനകാര്യ സ്ഥാപനമാണ് കെഎഫ്സി.

ഉദ്യോഗസ്ഥരുടെ ഉന്നമനം.

പിഎസ്‌സി മുഖേന അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കൂടുതൽ സ്ത്രീകളെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയമിച്ചു. ഉദ്യോഗസ്ഥരുടെ അവബോധം വർധിപ്പിക്കാൻ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കി. എം.എ.യൂസഫ് അലി, രവി പിള്ള, ആസാദ് മൂപ്പൻ, കൊച്ചൗസേപ് ചിറ്റിലപ്പിള്ളി തുടങ്ങിയ ആഗോള ബിസിനസ് രംഗത്തെ അതികായർ കെഎഫ്സി ജീവനക്കാർക്ക് അവരുടെ സംരംഭങ്ങളെ പറ്റിയുള്ള ഉൾകാഴ്ച പകർന്നു നൽകി.

പ്രത്യേക വായ്പകൾ

സർക്കാർ കരാറുകാർക്ക് ബില്ലുകൾ യാതൊരു ഈടുമില്ലാതെ ഡിസ്കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് കരാർ രംഗത്ത് വലിയ നേട്ടമായി. ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും കെഎഫ്സി യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയുള്ള വായ്പ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ടൂറിസം രംഗത്ത് ഉണർവേകാൻ 50 ലക്ഷം രൂപ വരെയുള്ള സ്പെഷൽ വായ്പകൾ ഹോട്ടലുകൾക്കു യാതൊരു ഈടുമില്ലാതെ, ദിവസ തിരിച്ചടവിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ചു.

പുതിയ കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ / ഡെബിറ്റ് കാർഡ്

കെഎഫ്സിയുടെ വളർച്ചയും ഭാവി പദ്ധതികൾക്കുള്ള സാങ്കേതിക ആവശ്യകതയും കണക്കിലെടുത്തു രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ ആയ “ഫിനാകിൽ” ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇത് പ്രവർത്തികമാക്കും. കൂടാതെ പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചു ഡെബിറ്റ് കാർഡും പുറത്തിറക്കുന്നുണ്ട്. കെഎഫ്സി കാർഡുകൾ ഉപയോഗിച്ച് എടിഎം, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി സാധാരണ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇത്കൂടാതെ കാർഡുകൾ കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com