ADVERTISEMENT

ന്യൂഡൽഹി ∙ നിലവിലെ കോവിഡ് വ്യാപനം വായ്പകളുടെ തിരിച്ചടവിനു വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്താൻതക്ക പ്രതിസന്ധിയാകില്ലെന്ന് റിസർവ് ബാങ്ക്. പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നു പണ നയ സമിതി (എംപിസി) തീരുമാനിച്ചു. സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാൻ നടപടികൾ തുടരും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്ക്(റീപ്പോ)– 4%, ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ(റിവേഴ്സ് റീപ്പോ) –  3.25% എന്നിങ്ങനെ തുടരും. ഈ വർഷം സാമ്പത്തിക വളർച്ച 10.5% എന്ന വിലയിരുത്തലിൽ എംപിസി ഉറച്ചുനിൽക്കുന്നു. 

ഈ വർഷം റിസർവ് ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ കടപ്പത്രം വാങ്ങും. അതിൽ ആദ്യ ഗഡുവായി 25,000 കോടിയുടെ കടപ്പത്രം ഈ മാസം 15നു വാങ്ങും. പണ ലഭ്യത ഉറപ്പാക്കാനെന്നോണം നബാർഡിന് – 25,000 കോടി, എൻഎച്ച്ബിക്ക് – 10,000 കോടി, സിഡ്ബിക്ക് – 15,000 കോടി എന്നിങ്ങനെ നൽകും.  കാർഷികോൽപന്നങ്ങൾ ഈടുവച്ച് കർഷകർക്കു വാങ്ങാവുന്ന വായ്പയുടെ പരിധി 50 ലക്ഷത്തിൽനിന്ന് 75 ലക്ഷം രൂപയാക്കി. റജിസ്റ്റർ ചെയ്ത വെയർ ഹൗസുകളിൽ നിന്നു ലഭിക്കുന്ന രസീതിന്റെ അടിസ്ഥാനത്തിലാവും വായ്പ. 

നാണ്യപ്പെരുപ്പ നിരക്ക്  നടപ്പു സാമ്പത്തിക വർഷം 4.4–5.2 ശതമാനത്തിൽ തുടരുമെന്നും ആർബിഐ വിലയിരുത്തുന്നു. കോവിഡ് വ്യാപനത്തിന്റെ പുതിയ സാഹചര്യം നേരിടാൻ സ്വകാര്യ മേഖലയിലെ ബിസിനസ് സംരംഭങ്ങൾ തയാറെടുത്തിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന പരിമിത ലോക്ഡൗൺ റസ്റ്ററന്റുകളെയും മറ്റും ബാധിക്കുന്നുണ്ട്. എന്നാൽ, ഹോം ഡെലിവറി ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളിലൂടെ പ്രശ്നം നേരിടാനും അവയ്ക്കു സാധിക്കുന്നുണ്ട്. മൊറട്ടോറിയം ഉൾപ്പെടെയുള്ളവയിൽ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും പ്രശ്നത്തിന്റെ തോത് വിലയിരുത്തി മാത്രമാവും നടപടിയെന്നും ഗവർണർ വിശദീകരിച്ചു.

മറ്റ് പ്രധാന നിർദേശങ്ങൾ

നിലവിൽ ബാങ്കുകൾക്കു മാത്രം അനുവദിച്ചിട്ടുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്), നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ (എൻഇഎഫ്ടി) സൗകര്യങ്ങൾ കാർഡ് ശൃംഖലകൾക്കും എടിഎം സംവിധാനമുള്ള ബാങ്കുകളല്ലാത്ത സ്ഥാപനങ്ങൾക്കും (വൈറ്റ് ലേബൽ എടിഎം)  ലഭ്യമാക്കും.

വ്യക്തിഗത ഇടപാടുകാർക്കായി ബാങ്കുകൾ കരുതേണ്ട ദിനാന്ത്യ ബാലൻസ് പരിധി ഒരു ലക്ഷം രൂപയിൽനിന്ന് 2 ലക്ഷമാക്കി.

കാർഷിക, ഭവന, എംഎസ്എംഇ വായ്പകൾ നൽകാൻ ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾക്ക് ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ മുൻഗണനാ മേഖലയുടെ ഗണത്തിലെന്നു പരിഗണിക്കുന്നത് അടുത്ത സെപ്റ്റംബർ 30വരെ തുടരും.

താൽക്കാലിക ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അനുവദിക്കുന്ന വായ്പയുടെ മൊത്തം പരിധി 46% വർധിപ്പിച്ച് 47,010 കോടി രൂപയാക്കി. ഇത് 32,225 കോടിയെന്ന് 2016ൽ നിശ്ചയിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com