ADVERTISEMENT

തിരുപ്പൂർ ∙ പരുത്തി നൂലിന്റെ വില കുത്തനെ ഉയർന്നതിനാൽ വസ്ത്ര നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. നൂൽ വില വർധനയിൽ പ്രതിഷേധിച്ചു വസ്ത്ര നിർമാതാക്കൾ കഴിഞ്ഞ 15നു ഫാക്ടറികൾ അടച്ചു പ്രതിഷേധിച്ചിരുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സൗത്ത് ഇന്ത്യ ഹൊസിയറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നൂൽ മില്ലുകൾക്കു നിവേദനം നൽകിയിരുന്നു. എന്നാൽ, എല്ലാ മാസവും ഒന്നാം തീയതി വിലവിവരപ്പട്ടിക പുറത്തുവിടുന്ന പതിവു കൂടി തെറ്റിച്ചാണ് ഇത്തവണ വില കുത്തനെ കൂട്ടിയിരിക്കുന്നത്.

നമ്പർ 40 നൂലിനു കിലോഗ്രാമിന് 30 മുതൽ 50 രൂപ വരെയും നമ്പർ 10, 34 എന്നിവയ്ക്കു കിലോഗ്രാമിന് 20 രൂപയും നമ്പർ 60നു കിലോഗ്രാമിന് 40 രൂപയുമാണ് ഉയർന്നിരിക്കുന്നത്. നൂലിന്റെ ആവശ്യം വർധിച്ചതനുസരിച്ച് ഉൽപാദനം കൂട്ടാൻ മില്ലുകൾ തയാറാകാത്തതാണു വില വർധിക്കാൻ കാരണമെന്നു തിരുപ്പൂർ എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വസ്ത്ര നിർമാതാക്കൾക്കു വലിയ തോതിൽ ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടും നൂൽ ഉൽപാദനം 80 ശതമാനമായി തുടരുന്നതാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു ടിഇഎ പറയുന്നു.

അസംസ്കൃത വസ്തുവായ പഞ്ഞിയുടെ വില വർധിക്കാത്ത സാഹചര്യത്തിലും നൂൽ വില വർധിച്ചു വരുന്നത് ഉൽപാദന മേഖലയെ സാരമായി ബാധിച്ചു. ഇതുവരെ ഒരു കിലോഗ്രാം നൂലിന് 92 രൂപ വർധിച്ചു. ഇതു തുടർന്നാൽ തിരുപ്പൂർ, ഈറോഡ്, കരൂർ മേഖലകൾ കേന്ദ്രീകരിച്ചുള്ള വസ്ത്ര നിർമാതാക്കൾ വീണ്ടും പണിമുടക്കാൻ നിർബന്ധിതരാകുമെന്നു തിരുപ്പൂർ എക്സ്പോർട്ടേഴ്‌സ് ആൻഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com