വാളയാർ– ബെംഗളൂരു എൽഎൻജി പൈപ്പ് 2 വർഷത്തിനകം

SHARE

കൊച്ചി ∙ തമിഴ്നാട്ടിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും 24 മാസത്തിനകം വാളയാർ – ബെംഗളൂരു എൽഎൻജി പൈപ് ലൈൻ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്‌ൽ). അതോടെ, കൊച്ചി – കൂറ്റനാട് – ബെംഗളൂരു– മംഗളൂരു – പ്രകൃതിവാതക പൈപ് ലൈൻ പദ്ധതി (കെകെബിഎംപിഎൽ) പൂർണമാകും. ബെംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട് – വാളയാർ സ്ട്രെച്ചിലെ (94 കിലോമീറ്റർ) ജോലികൾ പൂർത്തിയാക്കിയതോടെ സാങ്കേതികമായി കേരളത്തിലെ എൽഎൻജി പൈപ് ലൈൻ ജോലികൾ ഏറെക്കുറെ പൂർണമായി. 

ദേശീയ ഗ്രിഡിന്റെ ഭാഗമാകാൻ‍ കേരളം

കൊച്ചി – കൂറ്റനാട് – മംഗളൂരു പാത നവംബറിൽ പൂർത്തിയായിരുന്നു. മംഗളൂരുവിലെ വ്യവസായശാലകളിൽ എൽഎൻജി ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ, തമിഴ്നാട്ടിലെ പ്രാദേശിക എതിർപ്പുകൾ മൂലം ബെംഗളൂരു സ്ട്രെച്ച് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള എൽഎൻജി പൈപ് ലൈൻ ബെംഗളൂരുവിൽ എത്തിക്കഴിഞ്ഞു. വാളയാറിൽ നിന്നുള്ള വാതക ലൈൻ ബെംഗളൂരുവിൽ എത്തുന്നതോടെ, കേരളവും ദേശീയ വാതക ഗ്രിഡിന്റെ ഭാഗമാകും. കുറഞ്ഞ വിലയിൽ ആഭ്യന്തര വാതക വിഹിതം കിട്ടുമെന്നതാണു ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കപ്പെടുമ്പോഴുള്ള പ്രധാന നേട്ടം. ഒരു രാജ്യം, ഒറ്റ വാതക ഗ്രിഡ് എന്ന കേന്ദ്ര സർക്കാർ ലക്ഷ്യത്തിലേക്ക് ഒരു ചുവടു വയ്പു കൂടിയാകും അത്. 

പാലക്കാട് മേഖലയിൽ വാതക ലഭ്യത 

ബെംഗളൂരു സ്ട്രെച്ചിൽ കൂറ്റനാട് മുതൽ തമിഴ്നാട് അതിർത്തിയായ വാളയാർ വരെയുള്ള പൈപ്പിടൽ ജോലികളാണു പൂർത്തിയായത്. സാങ്കേതിക കമ്മിഷനിങ്ങും കഴിഞ്ഞു. ‘‘ഇനി, എപ്പോൾ വേണമെങ്കിലും പാലക്കാട് മേഖലയിൽ വാതകം ലഭ്യമാക്കാൻ കഴിയും. വ്യവസായങ്ങൾക്കും വീടുകൾക്കും ഹോട്ടലുകൾക്കുമൊക്കെ  വാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ലൈസൻസ് കിട്ടിയിട്ടുള്ളത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിനാണ്. അവരുടെ ജോലികൾ പുരോഗമിക്കുന്നു. ഈ വർഷം തന്നെ അടുക്കള ഉപയോഗത്തിനു വാതകം ലഭ്യമാകും. വാളയാറിൽ നിന്നു കോയമ്പത്തൂരിലെ െകജി ചാവടിയിലേക്കു പൈപ്പിടൽ പുരോഗമിക്കുകയാണ്, കോവിഡ് വ്യാപനമാണു പ്രധാന ഭീഷണി’’ – ഗെയ്ൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.മുരുകേശൻ മനോരമയോടു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA