ADVERTISEMENT

കൊച്ചി∙ കർഷകർക്കു കിട്ടുന്ന വില കിലോഗ്രാമിന് 800 രൂപയിലേക്കു താഴ്ന്നതോടെ ഏലക്കൃഷി മേഖലയാകെ തകർച്ചയിലേക്ക്. ഉൽപാദനച്ചെലവ് 1000 രൂപ വരെയുള്ളതിനാൽ ഇപ്പോൾ കിട്ടുന്ന വിലയ്ക്കു കൃഷി നഷ്ടമാണ്. പാട്ടത്തിനെടുത്തവർ പാട്ടം ഒഴിയുന്ന സ്ഥിതി. അടുത്ത കാലത്ത് വൻ വിലയ്ക്ക് ഏലത്തോട്ടം വാങ്ങിയ വിദേശമലയാളികൾ ഉൾപ്പടെയുള്ളവർ കടുത്ത പ്രതിസന്ധിയിലും.

വിലക്കയറ്റവും ഇറക്കവും

ഏലത്തിന് ഏതാനും മാസം മുമ്പ് ശരാശരി 4000 രൂപ കർഷകനു ലഭിച്ചിരുന്നു. മികച്ച ഗുണനിലവാരത്തിന് പുറ്റടിയിലെ ലേലകേന്ദ്രത്തിൽ ഓഗസ്റ്റിൽ കിട്ടിയ 7000 രൂപയാണ് റെക്കോർഡ്. അക്കാലത്ത് കിലോയ്ക്ക് 6000 രൂപ വരെ കർഷകർക്കു കിട്ടിയിട്ടുമുണ്ട്. വില കേറിയപ്പോൾ കൂലിച്ചെലവിലും വർധനയുണ്ടായി. വളം, കീടനാശിനി വിലകളും കൂടുന്നതാണു പിന്നീടു കണ്ടത്. 50 കിലോയുടെ വളത്തിന് 700 രൂപ വരെ കൂടിയിട്ടുണ്ട്. മുൻപ് കിലോയ്ക്ക് 800 രൂപയായിരുന്ന ഉൽപാദനച്ചെലവ് 1000 രൂപയിലെത്തി.

പാട്ടക്കാർ പിൻമാറുന്നു

ഏലത്തോട്ടം ഏക്കറിന് പാട്ടത്തുക 2 ലക്ഷം മുതൽ രണ്ടര ലക്ഷം വരെ വർധിച്ചു. പക്ഷേ ഈ തുകയ്ക്ക് തോട്ടം എടുത്തവർ പാട്ടം നൽകാൻ കഴിയാതെ കരാർ റദ്ദാക്കേണ്ട സ്ഥിതിയിലാണ്.

ഭൂമിവില

ഏക്കറിന് 17 ലക്ഷം മുതൽ 20 ലക്ഷം വരെയുണ്ടായിരുന്ന ഏലത്തോട്ടത്തിന് 40 ലക്ഷം മുതൽ 50 ലക്ഷം വരെ വില വന്നു. കോവിഡ് മൂലം വിദേശത്തു നിന്നു മടങ്ങുന്നവർ സമ്പാദ്യം ചെലവഴിച്ചും വായ്പയെടുത്തും ഈ വിലയ്ക്ക് തോട്ടം വാങ്ങി കടുത്ത പ്രതിസന്ധിയിലായി.

കർഷകർക്കു പറയാനുള്ളത്

ഏലത്തിന്റെ ശരാശരി വില ലേലത്തിൽ മനഃപൂർവം ഇടിക്കുകയാണെന്നു കർഷകർക്കു പരാതിയുണ്ട്. കച്ചവടക്കാർ ഏലം കൈക്കാശ് കൊടുത്തു വാങ്ങിയിട്ട് ഗോഡൗണിൽ കൊണ്ടു പോയി തരംതിരിച്ച് മികച്ച ഗുണനിലവാരമുള്ളത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുകയും മോശം നിലവാരമുള്ളവ ഇവിടെ ലേലത്തിനു വയ്ക്കുകയും ചെയ്യുന്നതിനാൽ ശരാശരി ലേലവില ഇടിയുന്നെന്നാണു പരാതി. ഈ കുറഞ്ഞ വിലയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാർ കർഷകർക്കു നേരിട്ടു വില നൽകുന്നത്.

ഏലം റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്

ഇക്കുറി നല്ല വേനൽ മഴ കിട്ടിയതിനാൽ ഓഗസ്റ്റ് മുതൽ ജനുവരെ വരെ ഏലം ഉൽപാദനം 20% എങ്കിലും വർധിക്കുമെന്ന് ഏലം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐസിആർഐ) മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.വാഡിരാജ് പറഞ്ഞു. വിപണിയിലെ ആവശ്യം വർധിക്കാതെ ഉൽപാദനം കൂടുന്നതു വീണ്ടും വിലയിടിവിനു കാരണമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com