ADVERTISEMENT

കൊച്ചി∙ മരുന്നുകൾ വിപണി വിലയുടെ പാതിയിൽ ലഭിക്കാനൊരു മെഡിക്കൽ സ്റ്റോർ. അതു നോക്കി നടത്തുന്നതോ പ്രമുഖ കെട്ടിടനിർമ്മാണ കമ്പനിയായ കോൺഫിഡന്റ് എംഡി ടി.എ.ജോസഫും. ജീവകാരുണ്യ രംഗത്ത് കോൺഫിഡന്റ് ഗ്രൂപ്പ് നടത്തുന്ന നിരവധി സഹായ പദ്ധതികളിലൊന്നു മാത്രമാണിത്. ഇടപ്പള്ളി നാഷനൽ ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന പ്രാർഥന ക്രിട്ടിക്കൽ കെയർ മെഡിസിൻസ് ഫാർമസിയാണ് സഹായവിലയ്ക്ക് കാൻസറിനും വൃക്ക,കരൾ രോഗങ്ങൾക്കും ഉൾപ്പടെ മരുന്നുകൾ നൽകുന്നത്.

2020 മാർച്ചിൽ തുടങ്ങിയ ഫാർമസിയിൽ നിന്ന് ഇതുവരെ രണ്ടായിരത്തിലേറെ പേർക്ക് സഹായം ലഭിച്ചു. കാൽനൂറ്റാണ്ടു മുമ്പ് കാക്കനാട്ടെ കുസുമഗിരി ആശുപത്രിയിൽ രോഗിയെ സന്ദർശിച്ചു മടങ്ങും വഴി, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ കൈനീട്ടി വിശക്കുന്നുവെന്നു പറഞ്ഞപ്പോൾ കയ്യിലിരുന്ന പണം മുഴുവൻ കൊടുത്തുകൊണ്ടാണു താൻ ജീവകാരുണ്യ രംഗത്തേക്കു കാൽവച്ചതെന്ന് ജോസഫ് പറയുന്നു. മെഡിക്കൽ സ്റ്റോറുകളിൽ പല മരുന്നുകൾക്കും നിർമ്മാണ കമ്പനികൾ  ഡിസ്ക്കൗണ്ട് നൽകും.

അതാണ് ഉപഭോക്താക്കളിലേക്കു പകരുന്നത്. ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. തുടക്കത്തിൽ മാസം 100 കാൻസർ രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും ഇടപ്പള്ളി എംഎജെ ആശുപത്രിയുമായി സഹകരിച്ചും സൗജന്യമരുന്ന് നൽകുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകൾക്ക് 10 ഡയാലിസിസ് മെഷീനുകളും നൽകി.

ഔർ ലേഡീസ് കോൺവെന്റ് നിർമിച്ചുനൽകുന്ന സൗജന്യ വീടുകൾ ഓരോന്നിനും 1 ലക്ഷം രൂപ വീതം നൽകുന്നു. സ്പെഷൽ സ്കൂളുകൾക്ക് അരലക്ഷം വീതം മാസം കൊടുക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി വളരുകയാണ്. മരുന്നു സഹായം ഇനി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ജോസഫ്  അറിയിച്ചു. ഫാർമസി പ്രവർത്തനം രാവിലെ 9.30 മുതൽ 5.30 വരെ.ഫോൺ–8281212000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com