ADVERTISEMENT

കൊച്ചി∙ പെട്രോൾ, ഡീസൽ വില വീണ്ടും ഏറ്റവും ഉയർന്ന നിലയിലേക്ക്. തുടർച്ചയായി 4 ദിവസം വില കൂടിയതോടെ ന്യൂഡൽഹിയിൽ പെട്രോളിന് 91.27 രൂപയും ഡീസലിന് 81.73 രൂപയുമായി. കൊച്ചിയിൽ പെട്രോളിനു ലീറ്ററിന് 91.49 രൂപയും ഡീസലിന് 86.25 രൂപയുമാണ് ഇന്നലത്തെ വില. 4 ദിവസം കൊണ്ട് ലീറ്ററിന് ഏകദേശം ഒരു രൂപയ്ക്കടുത്താണു വിലവർധന. ഫെബ്രുവരി 27നാണ് ഇതിനു മുൻപു രാജ്യത്തു പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 

ഫെബ്രുവരിക്കു ശേഷം രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില വീണ്ടും 100 കടന്നു. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവുമധികം നികുതി ചുമത്തിയിട്ടുള്ള സംസ്ഥാനങ്ങളാണിവ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പെട്രോൾ ലീറ്ററിന് 102.15 രൂപയും മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 101.86 രൂപയുമാണ് ഇന്നലത്തെ വില. 

ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നതു താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനിടെ രാജ്യാന്തരവില കുറഞ്ഞതിനാൽ ഏപ്രിൽ 15ന് വില കുറയ്ക്കുകയും ചെയ്തു. പിന്നെ രാജ്യാന്തര വില കൂടിയെങ്കിലും ഇന്ത്യയിൽ വില കൂട്ടിയില്ല. തിരഞ്ഞെടുപ്പു ഫലം രണ്ടിനു പ്രഖ്യാപിച്ച ശേഷം 4 മുതലാണു തുടർച്ചയായി വില വർധിപ്പിക്കാൻ തുടങ്ങിയത്. 

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെയും ഡോളർ–രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 68.47 ഡോളറാണു നിലവിലെ വില. ഇതു വീണ്ടും ഉയരാനാണു സാധ്യതയെന്നാണു വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com