ADVERTISEMENT

കോവിഡിന്റെ വ്യാപനം തീവ്രമായ സാഹചര്യത്തിൽ വിപണി അനിശ്ചിതത്വത്തിലായ ആഴ്ചയാണു കടന്നുപോയത്. വാരാന്ത്യത്തോടെ ലോക് ഡൗൺ പ്രഖ്യാപനവുമെത്തി. പ്രതികൂലമായ സാഹചര്യം മിക്ക കർഷികോൽപന്നങ്ങളുടെയും വിപണനത്തെ ബാധിച്ചിരിക്കുന്നു. 

കേരോൽപന്നങ്ങൾക്കു കനത്ത ഇടിവ്

വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും ഭീമമായ വിലത്തകർച്ചയാണ് അനുഭവപ്പെടുന്നത്. വിളവെടുപ്പു കാലമായതുകൊണ്ടു മാത്രമല്ല മറുനാട്ടിൽനിന്നു ഡിമാൻഡ് കുറഞ്ഞതുകൊണ്ടുമാണു വിലയിടിവ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ വ്യാപാരികൾ വിലയിടിക്കാൻ സംഘടിതശ്രമം നടത്തുന്നതായി സംശയിക്കപ്പെടുന്നുമുണ്ട്. വെളിച്ചെണ്ണ വില ഇടിയുമ്പോഴും മറ്റു സസ്യ എണ്ണകളുടെ വില ഉയർന്ന നിലവാരത്തിൽ തുടരുന്നതാണു സംശയത്തിന് അടിസ്ഥാനം. കൊപ്രയുടെ വില ഇടിക്കുന്നതിൽ കേരളത്തിലെ ചില കേന്ദ്രങ്ങൾക്കുപോലും പങ്കുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണ വില ക്വിന്റലിന് 18,100 രൂപ മാത്രം. വെളിച്ചെണ്ണ തയാർ വില 17,500 രൂപ. കൊപ്ര വില 11,800 രൂപ വരെ താഴ്ന്നിരിക്കുന്നു.

ഉയരാതെ റബർ വില

രാജ്യാന്തര വിപണിയിൽ കാര്യമായ വിലക്കയറ്റമുണ്ടായിട്ടും അതു ബാധകമേയല്ലെന്ന മട്ടിലാണ് ഇവിടെ റബർ വില. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില 16,784 രൂപയായിരുന്നതു 17,394 വരെ ഉയരുന്നതാണു കണ്ടത്. ആർഎസ്എസ് – 5 ന്റെ വില 16,678 ൽനിന്ന് 17,287 രൂപയിലേക്ക് ഉയരുന്നതും കണ്ടു. പക്ഷേ കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില കഴിഞ്ഞ ആഴ്ച 16,800 ൽനിന്നു 16,900 രൂപയിലേക്കു മാത്രമേ ഉയർന്നുള്ളൂ. ആർഎസ്എസ് – 5 ന്റെ വില 16,500 ആയിരുന്നതു 16,600 രൂപയിലേക്ക് ഉയർന്നു. ബാങ്കോക്കിൽ 600 രൂപയിലേറെ വർധിച്ചപ്പോൾ കേരളത്തിലെ വർധന 100 രൂപയിലൊതുങ്ങി.

ഏലത്തിനു വിലയില്ല

ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് ഇപ്പോൾ വില: കിലോ ഗ്രാമിനു ശരാശരി 860 രൂപ മാത്രം. അതിനിടെ, ഇ – ലേലം മുടങ്ങിയതോടെ വിൽപനയ്ക്കു വഴിയില്ലാതെ വിഷമിക്കുകയാണു കർഷകർ. കോവിഡ് വ്യാപനം മൂർച്ഛിച്ചതോടെ ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂരിലും ഇ – ലേലം നടക്കുന്നില്ല. രണ്ടിടത്തുമായി ആഴ്ചയിൽ ആറു ദിവസം ലേലം നടക്കാറുണ്ടായിരുന്നതാണ്. വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഏലം വാങ്ങാൻ വ്യാപാരികൾക്കു താത്പര്യമില്ലാതായിട്ടുണ്ട്. സംഭരണ ഡിപ്പോകൾ അടഞ്ഞുകിടക്കുന്നു.

ഇലത്തേയിലയ്ക്കു ഡിമാൻഡ്

ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്നുള്ള ഡിമാൻഡിലെ വർധന മൂലം ഇലത്തേയിലയ്ക്കു കൊച്ചി ലേലത്തിൽ കൂടുതൽ പ്രിയം അനുഭവപ്പെട്ടു. 2,06,452 കിലോ ഗ്രാം ഇലത്തേയില ലേലത്തിനു വച്ചതിൽ 88  ശതമാനവും വിൽപനയായി. കയറ്റുമതി വ്യാപാരികളിൽനിന്നുള്ള ഡിമാൻഡിലും വർധനയാണു കണ്ടത്.

കുരുമുളകു വില സ്റ്റെഡി

ഉയർന്ന നിലവാരത്തിൽനിന്നു താഴേക്കുപോന്നെങ്കിലും താഴ്ന്ന നിലവാരത്തിൽ ഏറെക്കുറെ സ്റ്റെഡിയായി തുടരുകയാണു കുരുമുളകിന്റെ വില. ക്വിന്റലിനു 100 രൂപയുടെ കുറവു മാത്രമാണു കഴിഞ്ഞ ആഴ്ച സംഭവിച്ചത്. ചരക്കു വരവു തീരെ കുറവായിരുന്നു. കുരുമുളക് ഉൽപാദനത്തിൽ ഒന്നാം സ്ഥാനമുള്ള വിയറ്റ്നാമിൽ വിളവെടുപ്പു സജീവമാണെന്നാണു റിപ്പോർട്ട്. അവിടെനിന്നുള്ള കുരുമുളക് ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്കു നിയമവിരുദ്ധമായി കടത്താനുള്ള സാധ്യതയാണു സംജാതമാകുന്നത്.

ഗ്രാമ്പൂ വ്യാപാരികൾ വിഷമത്തിൽ

ഗുണമേന്മയ്ക്കു പ്രസിദ്ധമായ ഹൈറേഞ്ച് ഗ്രാമ്പൂവിന് ഉത്തരേന്ത്യയിൽനിന്നുള്ള ഡിമാൻഡിലെ വൻ ഇടിവു മൂലം കനത്ത വിലത്തകർച്ച. കട്ടപ്പനയിൽ 500 – 600 രൂപയ്ക്കു വരെ വ്യാപാരികൾ ഗ്രാമ്പൂ സംഭരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 450 – 470 രൂപ മാത്രം. ഈ മാസം അവസാനത്തോടെ വില 650 രൂപയിലെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ വളരെ വലിയ അളവിലാണു സംഭരണം നടന്നത്. ഉത്തരേന്ത്യയിൽനിന്നുള്ള ഓർഡറുകൾ ഇല്ലാതായെന്നുതന്നെ പറയാം. സംഭരിച്ചതത്രയും കെട്ടിക്കിടപ്പാണ്. ഗ്രാമ്പൂ സംഭരിച്ച വ്യാപാരികൾ വലിയ നഷ്ടം സംഭവിച്ചേക്കുമെന്ന ആശങ്കയിലായി. അതേസമയം, കൊച്ചി വിപണിയിൽ 580 – 600 രൂപ നിലവാരത്തിലാണു വ്യാപാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com