മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഏലം ലേലം നിർത്തുന്നു

cardamom-1200
SHARE

കൊച്ചി ∙ രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഏലത്തിന്റെ അവധി വ്യാപാരം അവസാനിപ്പിച്ചേക്കും. സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ കടുത്ത നിബന്ധനകൾ മൂലം വ്യാപാരികളുടെ പിന്തുണ ഇല്ലാതായതാണു കാരണം. വില നിർണയത്തിലും ഇടപാടുകളിലും സുതാര്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ 2006ൽ ഏലത്തിന്റെ അവധി വ്യാപാരം ആരംഭിക്കുമ്പോൾ വ്യാപാരികളുടെ വലിയ പിന്തുണ ലഭിച്ചിരുന്നു.

എന്നാൽ 2018 ഓഗസ്റ്റ് മുതൽ ദൈനംദിന വിറ്റുവരവിന്റെ ശരാശരി മൂല്യം ഇടിയാൻ തുടങ്ങി. 2019 ഓഗസ്റ്റ് – സെപ്റ്റംബറോടെ ഇടിവിന് ആക്കം കൂടുകയും ഒടുവിൽ വിറ്റുവരവു പൂജ്യത്തിലെത്തുകയും ചെയ്തു. ഏതാനും മാസത്തിനിടയിൽ ഒരു കരാർ പോലും റജിസ്റ്റർ ചെയ്തിട്ടില്ല. വെയർഹൗസ് ഡവലപ്മെന്റ് ആൻഡ് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വെയർഹൗസുകളിലായിരിക്കണം ഏലം സൂക്ഷിക്കേണ്ടതെന്ന നിബന്ധനയാണു വ്യാപാരികൾക്കു പ്രധാന വിനയായത്. അത്തരം വെയർഹൗസുകളിൽ സൂക്ഷിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശോധന നടത്തണമെന്നു വ്യവസ്ഥയുണ്ട്.

അതാകട്ടെ അധികച്ചെലവിനു കാരണമാകുമെന്നതിനാൽ വ്യാപാരികൾക്കു താൽപര്യക്കുറവുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ മാർജിൻ മണി നാലിൽനിന്നു 12 ശതമാനമായി ഉയർത്തിയതും വ്യാപാരികളുടെ പങ്കാളിത്തം കുറയാൻ ഇടയാക്കിയ കാരണമാണ്. ഏതെങ്കിലും ഉൽപന്നത്തിന്റെ പുതിയ കരാർ ആരംഭിക്കണമെങ്കിൽ കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തിൽ ഒന്നിലെങ്കിലും അതിന്റെ വ്യാപാരത്തിൽ 500 കോടി രൂപയുടെ വിറ്റുവരവു നേടിയിരിക്കണമെന്നു സെബിയുടെ വ്യവസ്ഥയുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും ഇതു സാധ്യമായില്ല. ഈ സാമ്പത്തിക വർഷവും ഇതു സാധ്യമാകില്ലെന്നിരിക്കെ എംസിഎക്സിന് ഏലത്തിന്റെ അവധി വ്യാപാരം അവസാനിപ്പിക്കുകയല്ലാതെ മാർഗമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA