ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനു പുറമേ കേബിൾ ഇടുന്നതിലെ മാർഗതടസ്സങ്ങളും വെല്ലുവിളിയായതോടെ കെ–ഫോൺ പദ്ധതിയുടെ പുരോഗതി 35% മാത്രം. കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണിത്. ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കണമെന്നാണു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യവുമായി സർക്കാർ വച്ചിരിക്കുന്ന കരാർ വ്യവസ്ഥ.

ഡിസംബറിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കണമെന്നാണു ചീഫ് സെക്രട്ടറി കൺസോർഷ്യത്തിനു കഴിഞ്ഞ മാസം നൽകിയ നിർദേശം.‌ എന്നാൽ ഇതു വീണ്ടും നീളുമെന്നാണു വിലയിരുത്തൽ. കോവിഡ്, ലോക്ഡൗൺ തുടങ്ങിയവയ്ക്കു പിന്നാലെ കീറാമുട്ടിയായതു കേബിൾ ഇടുന്നതിനുള്ള റൈറ്റ് ഓഫ് വേ പ്രശ്നങ്ങളാണ്. റെയിൽവേ ലൈനുകളിൽ ക്രോസ് ചെയ്തുള്ള കേബിളിങ് ഉൾപ്പെടെ കാര്യങ്ങളിൽ അനുമതി ലഭിക്കാത്തതു പലയിടത്തും തടസ്സമായി.

കേരളത്തിൽ ഏകദേശം 1,500 ഇടങ്ങളിൽ റൈറ്റ് ഓഫ് വേ പ്രശ്നങ്ങളുണ്ടെന്നാണു കണക്ക്. റെയിൽവേക്കു പുറമേ വനം വകുപ്പ്, നാഷനൽ ഹൈവേ, മരാമത്ത് തുടങ്ങി ഒട്ടേറെ വകുപ്പുകളുമായുള്ള ഏകോപനത്തിലും താമസമുണ്ടായി. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈ–ഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്.

ആകെ സ്ഥാപിക്കേണ്ട 3,212 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിൽ 1,500 കിലോമീറ്റർ പൂർത്തിയായി. 32,000 കിലോമീറ്റർ എഡിഎസ്എസ് കേബിളിൽ 10,000 കിലോമീറ്റർ പൂർത്തിയായി. ഇൻഫോപാർക്കിലെ നെറ്റ്‍വർക്ക് ഓപ്പറേഷൻസ് സെന്ററും പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററും പൂർണസജ്ജമായി. കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ വൈദ്യുതി സപ്ലൈ ഓഫ് ചെയ്താണു പലയിടത്തും കേബിളിങ് നടത്തേണ്ടത്. ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ സപ്ലൈ അധിക നേരം ഓഫ് ചെയ്യാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com