ADVERTISEMENT

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾക്കാളേറെ പ്രാധാന്യം അവയുടെ നടപ്പാക്കലിലാണ്. സാധാരണ നാം കണ്ടുവരുന്നത് ക്ഷേമ പെൻഷൻ പോലുള്ള കാര്യങ്ങൾ സാമാന്യം പെട്ടെന്നും കൃത്യമായും നടക്കും. കാരണം, ഇതിന്റെ ഗുണഭോക്താക്കൾ ചോദിച്ചു വാങ്ങും അല്ലെങ്കിൽ ജനപ്രതിനിധികൾ ഇടപെട്ട് സർക്കാരിൽനിന്നുള്ള കൈമാറൽ ഉറപ്പാക്കും. പക്ഷേ അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള മറ്റെല്ലാ പ്രഖ്യാപനങ്ങളുടെയും ‘ഫലശ്രുതി’ നടപ്പിലാക്കലിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും.

വായ്പ സൗകര്യം, പലിശ സബ്സിഡി എന്ന വകയിൽ കെ.എൻ.ബാലഗോപാലിന്റെ ബജറ്റിലെ 8300 കോടി രൂപയും ഇതേ സ്വഭാവം ഉള്ളവയാണ്. ഈ പശ്ചാത്തലത്തിൽ ഓർക്കേണ്ടത് റിസർവ് ബാങ്ക് കഴിഞ്ഞ ഈയിടെ നടത്തിയ പണനയ പ്രഖ്യാപനങ്ങളാണ്. ചെറുകിട ഇടത്തരം മേഖലകൾക്കെല്ലാം ബാങ്കുകളടക്കം എല്ലാ ധനസ്ഥാപനങ്ങളും ഉദാരമായി പുതിയ വായ്പകളും തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അവർക്കുതകുന്ന പുനഃക്രമീകരണവും നൽകണം എന്ന് അസന്ദിഗ്ധമായി നിർദേശം നൽകിയിട്ടുണ്ട്.

ഇതിന്റെ പ്രയോജനം കേരളത്തിലെ അർഹതയുള്ളവർക്കെല്ലാം കിട്ടാനും സംസ്ഥാന ബജറ്റിലെ ആശയം സഹായിക്കും. ഇവിടെ, പ്രധാനമായും കേരള ബാങ്ക് അടക്കം സംസ്ഥാനത്തിലെ പ്രധാനപ്പെട്ട വാണിജ്യ ബാങ്കുകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കേണ്ട ചുമതല സർക്കാരിനു തന്നെ ഉണ്ട്. സാധാരണ ഗതിയിലുള്ള സംസ്ഥാനതല ബാങ്ക് സമിതി (എസ്എൽബിസി) യോഗങ്ങൾ മാത്രം പോരാതെ വന്നേക്കാം.

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

എന്തൊക്കെ ചെയ്യണം ?

1. ടൂറിസം, കാർഷിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകൾക്കാണ് പലിശ സബ്സിഡി നൽകിക്കൊണ്ടുള്ള വായ്പയൊരുക്കൽ സമീപനം. ബജറ്റ് പാസാകുന്നതോടൊപ്പംതന്നെ ഇത് സംബന്ധിച്ച വ്യക്തമായ നോട്ടിഫിക്കേഷൻ ഇറക്കാൻ സാധിക്കണം. ‘ഇന്ന മേഖലയ്ക്ക് ഇന്ന ആവശ്യത്തിന് ഇത്ര പലിശ സബ്സിഡി’ എന്ന കണക്കിൽ.

2. മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഈ ആശയം പങ്കുവയ്ക്കാം. എസ്എൽബിസിയുടെ പ്രത്യേക യോഗം കൂടി വിളിച്ച് പ്രാഥമികമായി സർക്കാരിന്റെ സമീപനം വിശദീകരിക്കണം. ഈ കാഴ്ചപ്പാട് എല്ലാ ശാഖകളിലും എത്താനുള്ള നടപടികൾ അതത് ബാങ്കുകൾ വഴി ഉറപ്പാക്കണം. 

3. സർക്കാർ എന്തു ചെയ്യും, ബാങ്കുകളുടെ പങ്ക്, സംരംഭകരുടെ ഉത്തരവാദിത്തം എന്നിവ ബന്ധപ്പെട്ട മേഖലകളിലെ സംഘടനകളുമായും പ്രധാന വ്യക്തികളുമായും പങ്കിടണം.

4. തിരിച്ചടവ് ഉറപ്പാക്കാൻ വ്യവസായ സംഘടനകൾ ഒരു ഇടപെടൽ സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ ബാങ്കുകൾക്ക് അധിക ‘കംഫർട്’ ആകും.

5. പലിശ സബ്സിഡിയോടു കൂടിയ വായ്പകൾക്ക് ഏതെങ്കിലും സംരംഭകരോ കർഷകരോ മറ്റു അപേക്ഷകരോ ഏതെങ്കിലും ശാഖയെ സമീപിച്ചാൽ ഉടൻ തന്നെ അതിന്റെ സംക്ഷിപ്തമായി വിവരം രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ ഒരു പ്രത്യേക പോർട്ടൽ സജ്ജമാക്കണം. ഇത് വളരെ പ്രധാനമാണ്. ട്രാക്കിങ് അഥവാ മേൽനോട്ടം ഇല്ലെങ്കിൽ വായ്പ അപേക്ഷകർ ബുദ്ധിമുട്ടും.

6. ഈ മേഖലയിൽ താൽപര്യവും കഴിവും ഉള്ള ഐഎഎസ് ഓഫിസറെ സർക്കാർ തലത്തിലുള്ള ഏകോപനത്തിനും (കൃഷി, വ്യവസായം, ലോക്കൽ അഡ്മിനിസ്ട്രേഷൻ, സിവിൽ സപ്ലൈസ്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകൾക്ക് അവരുടേതായ പങ്കുണ്ട് ) ബാങ്കുകളുമായി നിരന്തരം സംവദിക്കാനും ചുമതലപ്പെടുത്തണം.

7. എല്ലാ മാസവും ഈ വായ്പാ പദ്ധതികളിലെ പുരോഗതി പ്രധാന ബാങ്കുകളുമായി റിവ്യൂ ചെയ്യണം.

8. 8300 കോടി രൂപയുടെ വായ്പ കൃത്യമായി വിഭജിച്ചു ഓരോ മാസം കടക്കും തോറും എത്ര കൊടുക്കും എന്ന കണക്കുണ്ടാക്കി, അവസാനമാകുമ്പോൾ ഈ പദ്ധതികളിൽ മാത്രമായി 8300 കോടി എന്ന സംഖ്യയിൽ എത്തിച്ചേരാൻ സാധിക്കണം. മോണിറ്ററബിൾ ആക്‌ഷൻ പ്ലാൻ (വിലയിരുത്താവുന്ന വായ്പ പരിപാടി) നിർബന്ധം .

9. ഓരോ ബാങ്കിലും എത്ര അപേക്ഷകർ സമീപിച്ചു, എത്ര അപേക്ഷകൾക്ക് അനുമതിയേകി, എത്ര നിരസിച്ചു (എന്താണു കാരണം) എന്നിവ ഓരോ മാസവും ധനമന്ത്രി മാധ്യമങ്ങളെ അറിയിക്കണം. നിലവിലുള്ള വായ്പ പുനഃക്രമീകരണത്തിന്റെ കണക്കും ആവാം. ഇങ്ങനെ സുതാര്യത വരുന്നത് എല്ലാവർക്കും ഗുണം ചെയ്യും.

10. സംസ്ഥാന സർക്കാരിന്റെ സ്വന്തം ബാങ്കായ കേരള ബാങ്കും കെഎഫ്സിയും ഈ വായ്പാപദ്ധതി പ്രകാരം ഉള്ള വായ്പകൾ പെട്ടെന്നും ആവശ്യത്തിലും കൊടുത്തു മുന്നിൽനിന്ന് നയിക്കുകയും മറ്റു ബാങ്കുകൾക്ക് മാതൃക ആകുകയും വേണം.

വിജയിക്കാൻ സാധ്യതയുള്ള നിർദേശമാണ് പുത്തൻ വായ്പകൾക്കും ഇപ്പോഴുള്ള വായ്പ പുനഃക്രമീകരണത്തിനും പലിശ സബ്സിഡി എന്നത്. കൂട്ടായി പ്രവർത്തിച്ചാൽ ഇതു കേരളത്തിനു ഗുണം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com