ഡിജിറ്റൽ പരസ്യ മര്യാദാ ലംഘനം ഗൂഗിളിന് 1950 കോടി രൂപ പിഴ

HIGHLIGHTS
  • പിഴ ചുമത്തിയത് ഫ്രാൻസിലെ കോംപറ്റീഷൻ അതോറിറ്റി.
BRITAIN-GOOGLE/COURT
SHARE

പാരിസ്∙ ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ നൽകണമെന്ന് ഫ്ര​​ഞ്ച് കോംപറ്റീഷൻ അതോറിറ്റി. ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന ചൂണ്ടിക്കാട്ടി 2019ൽ റൂപർട് മർഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവ നൽകിയ പരാതിയിലാണ് ഉത്തരവ്. കേസിൽ നിന്ന് ലെ ഫിഗരോ കഴിഞ്ഞ നവംബറിൽ പിന്മാറിയെങ്കിലും ന്യൂസ് കോർപ്, റൊസൽ എന്നിവ മുന്നോട്ടു പോയി.

ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് ആനുപാതികമല്ലാത്ത മുൻഗണന നൽകിയെന്ന് അതോറിറ്റി കണ്ടെത്തി. ഇതുവഴി മറ്റ് പരസ്യ പ്ലാറ്റ്ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിൽ നൽകുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്ഫോമുകൾ കമ്മിഷനിൽ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷൻ അതോറിറ്റി കണ്ടെത്തി. ഉത്തരവിൽ ഗൂഗിൾ തർക്കമുന്നയിച്ചിട്ടില്ല.

ഉത്തരവിനനുസരിച്ച് പ്രവർത്തനരീതിയിൽ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം. 2019 ഡിസംബറിൽ ഫ്രാൻസിൽ സമാനമായ കേസിൽ ഗൂഗിളിന് 150 മില്യൻ യൂറോ പിഴചുമത്തിയിരുന്നു. 2018ൽ വിപണി മര്യാദകൾ ലംഘിച്ചതിനു ഗൂഗിൾ 34,500 കോടി രൂപ പിഴ നൽകണമെന്നു യൂറോപ്യൻ കമ്മിഷൻ നിർദേശിച്ചിരുന്നു. ഗൂഗിൾ അവരുടെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വൻ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകൾ അടയ്ക്കുകയാണെന്ന് അന്നു കമ്മിഷൻ വിലയിരുത്തി.

ഗൂഗിളും ഫെയ്സ്ബുക്കും മാധ്യമവാർത്തകൾ സെർച്, ന്യൂസ് ഫീഡുകൾക്കൊപ്പം നൽകി കോടിക്കണക്കിനു ഡോളർ പരസ്യവരുമാനം നേടുന്നത് സംബന്ധിച്ച് ഓസ്ട്രേലിയയിൽ അടക്കം നിയമ യുദ്ധങ്ങൾ അടുത്തിടെ നടന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രതിഫലം നൽകണമെന്ന നിയമത്തിന് ഗൂഗിളും ഫെയ്സ്ബുക്കും ഒടുവിൽ വഴങ്ങേണ്ടി വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA