കോവിഡ് പ്രതിരോധ വസ്തുക്കൾക്ക് 5% നികുതി മതിയെന്ന് സംസ്ഥാന ധനമന്ത്രിമാർ

covid_covid19
SHARE

ന്യൂഡൽഹി ∙ ടെസ്റ്റിങ് കിറ്റ്, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, കോൺസെൻട്രേറ്റർ, വെന്റിലേറ്റർ, പിപിഇ കിറ്റ്, എൻ95 മാസ്ക് തുടങ്ങിയവയ്ക്ക് 5% നികുതി മതിയെന്ന് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ 8 അംഗ സമിതിയുടെ ശുപാർശ. വാക്സീന് നികുതി ഇളവു നൽകുന്നതിനെക്കുറിച്ച് സമിതിക്ക് തീരുമാനം സാധ്യമായില്ല. വിഷയത്തിന്റെ വിവിധ വശങ്ങൾ പഠിച്ച് ചരക്ക് സേവന നികുതി(ജിഎസ്ടി) കൗൺസിലിൽ തീരുമാനമെടുക്കാമെന്നാണ് ധാരണ. ഏതാനും മരുന്നുകൾക്ക് പൂർണ നികുതി ഇളവു നൽകണമെന്നും നിർദേശിക്കുന്ന റിപ്പോർട്ട് ധനമന്ത്രാലയത്തിനു കൈമാറി. ഓഗസ്റ്റ് 31വരെയാണ് നികുതി ഇളവും കുറഞ്ഞ നിരക്കും നിർദേശിച്ചിട്ടുള്ളത്.

ജിഎസ്ടി കൗൺസിൽ കഴിഞ്ഞ മാസം 28ന് തീരുമാനിച്ച പ്രകാരം രൂപീകരിച്ചതാണ് മന്ത്രിമാരുടെ സമിതി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ (കൺവീനർ), ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, അജിത് പവാർ (മഹാരാഷ്ട്ര) മൊവിൻ ഗൊഡിഞ്ഞൊ(ഗോവ), നിരഞ്ജൻ പൂജാരി (ഒഡീഷ), ടി.ഹരീഷ് റാവു(തെലങ്കാന), സുരേഷ് ഖന്ന(യുപി) എന്നിവരായിരുന്നു അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ട് പരിഗണിക്കാൻ കൗൺസിൽ ഉടനെ ചേർന്നേക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് ചികിൽസയ്ക്കായി സർക്കാരിനോ സർക്കാർ നിർദേശിക്കുന്ന സേവന സംഘടനകൾക്കോ നൽകാൻ സൗജന്യമായും അല്ലാതെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഓഗസ്റ്റ് 31വരെ ഐജിഎസ്ടി ഈടാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ഗണത്തിലുള്ള ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ വാങ്ങുന്ന വാക്സീനുകൾക്ക് നികുതി ഇളവു നൽകിയതുകൊണ്ട് ജനത്തിനു പ്രയോജനമില്ലെന്ന വാദം ധനമന്ത്രാലയം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. നികുതിയിനത്തിൽ സർക്കാർ നൽകുന്ന പണം സർക്കാരിലേക്കു തന്നെ തിരിച്ചെത്തും. ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സീനും കേന്ദ്രം വാങ്ങി നൽകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA