ഇരട്ടനേട്ടം: പ്രഫൗണ്ടിസ് സ്ഥാപകന്റെ രണ്ടാം സ്റ്റാർട്ടപ്പും വൻ തുകയ്ക്ക് യുഎസ് കമ്പനി വാങ്ങുന്നു

Arjun
അർജുൻ ആർ.പിള്ള
SHARE

തിരുവനന്തപുരം ∙ 2016ൽ യുഎസ് കമ്പനിയായ ഫുൾകോണ്ടാക്ട് ഏറ്റെടുത്ത പ്രഫൗണ്ടിസിന്റെ സ്ഥാപകരിലൊരാളായ അർജുൻ ആർ.പിള്ളയുടെ രണ്ടാമത്തെ സ്റ്റാർട്ടപ്പായ ഇൻസെന്റ് ഡോട്ട് എഐ (insent.ai) വൻ തുകയ്ക്ക് യുഎസിലെ സൂംഇൻഫോ എന്ന കമ്പനി വാങ്ങുന്നു. തുകയെത്രയെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സൂംഇൻഫോയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് സ്ട്രാറ്റജി ആയി അർജുൻ ഉടൻ ചുമതലയേൽക്കും. ആരംഭിച്ച് വെറും 2 വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കമ്പനിയും അർജുൻ വലിയ തുകയ്ക്ക് വിൽക്കുന്നത്.

തിരുവല്ല സ്വദേശിയായ അർജുന് 23 വയസ്സുള്ളപ്പോഴാണ് കൊച്ചിയിൽ പ്രഫൗണ്ടിസിന്റെ ജനനം. ആരംഭിച്ച് നാലരവർഷത്തിനു ശേഷം ഫുൾകോണ്ടാക്ട് പ്രഫൗണ്ടിസിനെ ഏറ്റെടുത്തു. സംസ്ഥാനത്തുനിന്നൊരു ഐടി പ്രോഡക്ട് കമ്പനിയെ ഒരു യുഎസ് കമ്പനി ഏറ്റെടുക്കുന്നത് അന്ന് ആദ്യമായിരുന്നു. തുടർന്ന് 2 വർഷം അവിടെ ജോലി ചെയ്ത ശേഷമാണ് 2019ൽ യുഎസിൽ വച്ച് അർജുൻ ഇൻസെന്റ് ആരംഭിച്ചത്.

ഒരു കമ്പനിക്ക് മറ്റൊരു കമ്പനി ഒരു ഉൽപന്നമോ സേവനമോ വിൽക്കാൻ ശ്രമിക്കുമ്പോൾ വിൽപനയ്ക്കു ശ്രമിക്കുന്ന കമ്പനിയെ മാർക്കറ്റിങ്ങിൽ സഹായിക്കുകയാണ് ഇൻസെന്റിന്റെ ദൗത്യം. സെയിൽസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ സൂംഇൻഫോയുടെ സേവനം ഗൂഗിൾ, സൂം, ആമസോൺ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. വാർഷിക വരുമാനം 3,402 കോടി രൂപയോളമാണ്.

സിലിക്കൺ വാലിയിലെ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ എമർജന്റ് വെഞ്ച്വേഴ്സ്, ബിഎഎം വെഞ്ച്വേഴ്സ്, ടെക്സ്റ്റാർസ് ഫണ്ട്, ആർക്ക വെഞ്ച്വർ ലാബ്സ് ഉൾപ്പടെയുള്ളവ 20 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. തമിഴ്നാട്ടുകാരനായ പ്രസന്ന വെങ്കിടേഷനാണ് സഹസ്ഥാപകൻ. യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 40 ജീവനക്കാരുണ്ട്. ഇജാസ്, ജെറിൻ, ടോണി, വിക്സൺ തുടങ്ങിയ മലയാളികളും നിർണായക സ്ഥാനത്തുണ്ട്. 

65 'നോ' കഴിഞ്ഞുള്ള 'യെസ്' 

'വിവിധ നിക്ഷേപകരിൽ നിന്ന് 65 തവണ 'നോ' കേട്ടിട്ടാണ് ഒരുവട്ടം ഒരു യെസ് കിട്ടിയത്'– പ്രഫൗണ്ടിന്റെ ആദ്യകാലത്തെക്കുറിച്ച് അർജുൻ പറയുന്നതിങ്ങനെ. തുടക്കത്തിൽ പലരെയും സമീപിച്ചെങ്കിലും ആദ്യമൊന്നും കാര്യമായ പ്രതികരണമുണ്ടായില്ല. ദിവസവും അഞ്ചും ആറും വിഡിയോ കോളുകളാണ്. മിക്ക ദിവസവും എല്ലാ കോളുകളും നെഗറ്റീവ് ആണെങ്കിലും നിരാശപ്പെടാതെ പിറ്റേന്ന് സടകുടഞ്ഞെഴുന്നേറ്റ് വീണ്ടും അടുത്ത കോളിലേക്ക്.

യുഎസിൽ വച്ച് ഒരു പ്രമുഖ നിപേക്ഷൻ അർജുനെ  നിരുത്സാഹപ്പെടുത്തിയതിങ്ങനെ– 'യു ആർ ലൈറ്റ് ഇയേഴ്സ് ബിഹൈൻഡ് സിലിക്കൺ വാലി'. നക്ഷത്രവർഷങ്ങൾ പിന്നിലാണെന്നു പറഞ്ഞ് പുച്ഛിച്ചെങ്കിലും അർജുന്റെ സ്റ്റാർട്ടപ് വിജയക്കൊടി പാറിച്ചു. ഇതു പറഞ്ഞയാൾ നിക്ഷേപം നടത്തിയ സ്റ്റാർട്ടപ് പിന്നീട് പൂട്ടിപ്പോയെന്നത് മറ്റൊരു ചരിത്രം. തിരുവല്ല അംബിക നിവാസിൽ രാജശേഖരൻ പിള്ളയുടെയും അംബിക ദേവിയുടെയും മകനാണ് അർജുൻ. ഭാര്യ അഖില മോഹൻ യുഎസിൽ ഡോക്ടറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA