ബിറ്റ്കോയിന് അംഗീകാരം നൽകി എൽ സാൽവദോർ; അംഗീകാരം നൽകുന്ന ആദ്യ രാജ്യം

Bitcoin
SHARE

സാൻ സാൽവദോർ∙ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും.

നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ  35,197 ഡോളറാണ് (25.67 ലക്ഷം രൂപ).

ഡിജിറ്റൽ കറൻസി ബിറ്റ്കോയിന് നിയമസാധുത നൽകിയതിലൂടെ പണമിടപാടിൽ പൗരന് കൂടുതൽ സൗകര്യമാണ് എൽ സാൽവദോർ തുറന്നിടുന്നത്. 2001മുതൽ എൽ സാൽവദോറിന്റെ ഔദ്യോഗിക കറൻസി യുഎസ് ഡോളറാണ്. സ്വന്തമായി ആഭ്യന്തര കറൻസി ഇല്ല.

ഇനി രാജ്യത്ത് യുഎസ് ഡോളർ, ബിറ്റ്കോയിൻ എന്നിവയിൽ ഇഷ്ടമുള്ളത് വിനിമയത്തിനു തിരഞ്ഞെടുക്കാം. വിദേശത്തു താമസിക്കുന്നവർക്ക് നാട്ടിലേക്ക് ബിറ്റ്കോയിനായി പണം അയയ്ക്കാം. എൽ സാൽവദോറിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറിയ പങ്കും വിദേശത്തുള്ള പൗരന്മാർ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്.   

ബിറ്റ്കോയിൻ ഡോളറായി മാറ്റിയെടുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കും. ബിറ്റ്കോയിൻ–ഡോളർ വിനിമയനിരക്ക് പ്രസിദ്ധീകരിക്കും. രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാം. നികുതിയും ബിറ്റ്കോയിനായി അടയ്ക്കാം. അതേസമയം, 100 കോടി ഡോളറിന്റെ പദ്ധതിക്കായി രാജ്യാന്തര നാണ്യനിധിയുമായി(ഐഎംഎഫ്) ചർച്ച നടത്തുന്ന എൽ സാൽവദോറിന് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നാണു  നിരീക്ഷകരുടെ വിലയിരുത്തൽ. 

ബിറ്റ്കോയിൻ

ബാങ്ക് ഇടപെടൽ ഇല്ലാതെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെയാണ്  ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള പണം കൈമാറ്റം. 2009ൽ പുറത്തിറങ്ങിയ ബിറ്റ്കോയിൻ ആണ് ആദ്യത്തെ ക്രിപ്റ്റോകറൻസി. സതോഷി നാകമോട്ടോ എന്ന പേരിലറിയപ്പെടുന്ന അജ്ഞാതനായ ജാപ്പനീസ് ഡവലപ്പറാണ് ബിറ്റ്കോയിന്റെ സൃഷ്ടാവ്.

സാങ്കൽപിക നാണയമാറ്റ കേന്ദ്രങ്ങളായ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ഇവയുടെ കൈമാറ്റം. ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറിലാണു ക്രിപ്റ്റോകറൻസി സൂക്ഷിക്കപ്പെടുന്നത്. ക്രിപ്റ്റോകറൻസികളുടെ വിനിമയനിരക്കു കമ്പോളത്തിലെ ആവശ്യ-ലഭ്യതകൾക്ക് അനുസരിച്ച് മാത്രം മാറുന്നതാണ്.

English Summary: El Salvador becomes first country to make bitcoin legal tender

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA